|    Oct 19 Thu, 2017 8:19 pm
FLASH NEWS

പ്രൈമറി വിഭാഗം അധ്യാപകരുടെ സ്ഥലംമാറ്റം ഒഴിവുണ്ടായിട്ടും നിയമനം നടത്തിയില്ലെന്ന് പരാതി

Published : 11th September 2016 | Posted By: SMR

വടകര: പ്രൈമറി വിഭാഗം അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം അധികൃതരുടെ അനാസ്ഥ കാരണം കോഴിക്കോട് ജില്ലയില്‍ ഇനിയും പൂര്‍ത്തിയായില്ല. കേഡര്‍ സ്‌ട്രെങ്ത്ത് പ്രകാരം ജില്ലയില്‍ 243 പേരെ നിയമിക്കാമെന്നിരിക്കെ, വെറും അഞ്ചുപേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. മറ്റ് ജില്ലകളില്‍ ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ നിലവില്‍ വന്ന ലിസ്റ്റ് പ്രകാരം 143 പേര്‍ക്കാണ് ജില്ലയില്‍ നിയമനം നല്‍കേണ്ടത്. ഇത് നവംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ലിസ്റ്റില്‍ നിന്ന് നാമമാത്രമായി മാത്രമെ നിയമനം നല്‍കിയിരുന്നുള്ളൂ. എന്നാല്‍ 2015 ഒക്‌ടോബറില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലകളിലെ 65 ശതമാനം ഒഴിവുകളില്‍ പിഎസ്‌സി വഴിയും ബാക്കി 30ശതമാനം അന്തര്‍ജില്ലാ സ്ഥലം മാറ്റം വഴിയും അഞ്ച് ശതമാനം ഉദ്യോഗക്കയറ്റം, ബൈ ട്രാന്‍സ്ഫര്‍ വഴിയും നികത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.
കേഡര്‍ സ്‌ട്രെങ്ത്ത് പ്രകാരം ജില്ലയില്‍  243 പേരെ നിയമിക്കാമെങ്കിലും 143 അധ്യാപകരുടെ ലിസ്റ്റാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഇതുപോലും നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
എല്‍പിഎസ്എ, യുപിഎസ്എ റാങ്ക് ഹോള്‍ഡര്‍മാര്‍ തങ്ങള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഇതിന്റെ വിധി വരട്ടെ എന്നുമാണ് അധികൃതരുടെ നിലപാട്. എന്നാല്‍ ആകെ ഒഴിവുകളില്‍ 65 ശതമാനത്തില്‍ മാത്രമേ റാങ്ക് ഹോള്‍ഡേഴ്‌സിനെ നിയമിക്കാവൂ എന്നിരിക്കെ അധികൃതരുടെ മറുപടിയില്‍ ന്യായമില്ലെന്നാണ് അധ്യാപകരുടെ പക്ഷം.
അതേസമയം ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ 68 സംരക്ഷിത അധ്യാപകര്‍ക്ക് ഈ അധ്യയന വര്‍ഷം നിയമനം നല്‍കിയിട്ടുണ്ട്. ഒരു സ്‌കൂളില്‍ രണ്ടും മൂന്നും അധ്യാപകരെയാണ് ഇങ്ങനെ നിയമിച്ചത്. ഹെഡ്മാസ്റ്ററെ ക്ലാസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയാണ് ഈ ഒഴിവുകള്‍ കണ്ടെത്തിയതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഒരു സ്‌കൂളില്‍ തന്നെ മൂന്ന് അധ്യാപരെ എന്തിനാണ് നിയമിച്ചതെന്നാണ് അധ്യാപകരുടെ മറു ചോദ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക