|    Jul 19 Thu, 2018 7:10 am
FLASH NEWS
Home   >  Editpage  >  Editorial  >  

പ്രോക്‌സി വോട്ട് സംവിധാനവും വിദേശ ഇന്ത്യക്കാരും

Published : 7th August 2017 | Posted By: fsq

 

വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനു പകരക്കാരെ ചുമതലപ്പെടുത്തുന്ന (പ്രോക്‌സി) സംവിധാനത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സര്‍ക്കാര്‍ വൈകാതെ സഭയില്‍ വെയ്ക്കും. ഈ തീരുമാനം ഏറ്റവും യുക്തിഭദ്രവും പ്രായോഗികവുമാണെന്നു വിലയിരുത്താനാവില്ലെങ്കിലും ശ്ലാഘനീയമായ തീരുമാനമാണ്. ഇന്ത്യക്കാരന്റെ മൗലികാവകാശങ്ങളില്‍ സുപ്രധാനമാണ് വോട്ട് ചെയ്യാനുള്ള അവകാശം. രാജ്യത്തിനു ദശലക്ഷക്കണക്കിനു രൂപ വിദേശനാണ്യം നല്‍കുന്ന പ്രവാസികള്‍ക്ക്് ഏറെ കാലം വോട്ടര്‍പട്ടികയില്‍ പേരു പോലുമുണ്ടായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് ഇതുസംബന്ധമായ നീക്കങ്ങള്‍ക്ക് ഊര്‍ജസ്വലത കൈവന്നത്. പ്രകടമായ നീതിനിഷേധത്തെക്കുറിച്ച് ഇത്ര കാലവും ഒരാളും അറിയിക്കാതെ വിട്ടത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി പോലും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.  വിവിധ നാടുകളിലായി 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുകയും. സ്വന്തം മണ്ഡലത്തിലെത്തി നേരിട്ട് വോട്ട് ചെയ്യുകയുമാവാമെന്നതാണ് നിലവിലുള്ള വ്യവസ്ഥ. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വോട്ട് ചെയ്തത് കേരളത്തിലായിരുന്നു. ഇന്ത്യയില്‍ മൊത്തം വോട്ട് ചെയ്ത 14,000 പ്രവാസികളില്‍ 12,000 പേര്‍ കേരളീയരാണ്. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പ്രോക്‌സി വോട്ടിങ് രീതി നടപ്പാക്കുന്നത്. ഈ നിര്‍ദേശം മാത്രമല്ല, വിദേശത്ത് സ്ഥിരതാമസക്കാരായ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായോ, അതാത് എംബസികളിലോ വോട്ട് ചെയ്യാനുള്ള സംവിധാനമുണ്ടാക്കുക തുടങ്ങിയവ ഉള്‍പ്പെടെ വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നു.  പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രോക്‌സി വോട്ടിങ് രീതി നടപ്പാക്കുന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്. പ്രോക്‌സി വോട്ടിങ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നതാണ് എതിര്‍പ്പിന് കാരണം. പ്രോക്‌സി വോട്ടുരീതിയുടെ പ്രായോഗികതയില്‍  സംശയങ്ങള്‍ നിലനില്‍ക്കുന്നു. ചുമതലപ്പെടുത്തിയ ആളുടെ  വോട്ട്് യഥാര്‍ഥ വോട്ടര്‍ ഉദ്ദേശിക്കുന്ന തരത്തിലാവണമെന്നില്ല. പണം വാങ്ങി വോട്ട് കൈമാറ്റത്തിനു സാധ്യത കൂടുമെന്ന ആക്ഷേപത്തിലും കാമ്പുണ്ട്. സാങ്കേതിക സംവിധാനങ്ങള്‍ പുരോഗമിച്ച ഈ കാലത്ത് സ്ഥിരതാമസമുള്ള നാട്ടില്‍ പ്രവാസികള്‍ക്ക് സ്വന്തം വോട്ടവകാശം വിനിയോഗിക്കുന്നതിനു കുറ്റമറ്റ സംവിധാനം ഒരുക്കുന്നത് അത്ര ദുഷ്‌കരമല്ല. ബാങ്കിങ് രംഗത്തു വിജയിച്ച ഒടിപി ഉള്‍പ്പെടുന്ന ഇലക്‌ട്രോണിക് സംവിധാനം പ്രവാസി വോട്ടിന്  ഉപയോഗപ്പെടുത്താനാകും. സ്വന്തം ഇച്ഛാനുസാരം മൊബൈല്‍ ഫോണിലൂടെ വോട്ട് ചെയ്യാനാവും വിധം സുരക്ഷിതമായ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയെടുക്കാനും  കഴിയും. അതിനുള്ള അടിയന്തര നടപടികളാണ് ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss