|    May 30 Tue, 2017 12:47 am
FLASH NEWS

പ്രേംചന്ദ്

Published : 2nd August 2016 | Posted By: SMR

മുന്‍ഷി പ്രേംചന്ദിന്റെ 80ാം ചരമവര്‍ഷമാണിത്. 1936ല്‍ നിര്യാതനായ പ്രേംചന്ദിനെ ഹിന്ദി എഴുത്തുകാരന്‍ എന്ന നിലയിലാണ് സാഹിത്യലോകം വിലയിരുത്താറുള്ളത്. എന്നാല്‍, അടിസ്ഥാനപരമായി പ്രേംചന്ദ് ഉര്‍ദു എഴുത്തുകാരനായിരുന്നു. ഭാരതീയ കഥാസാഹിത്യത്തിലെ ക്ലാസിക്ക് രചനയായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിന്റെ കഫന്‍ എന്ന കഥ ഉര്‍ദുവിലാണ് എഴുതിയത്. ഉര്‍ദുവില്‍ പ്രേംചന്ദ് 280 കഥകള്‍ എഴുതിയിട്ടുണ്ട്. സോസ് ഇ വതന്‍, പ്രേം പച്ചീസി, വര്‍ദത്ത്, സാദ് ഇ രാഹ്, ഖവാബ് ഓ ഖയാല്‍, ആഖിരി തുഹ്ഫാ, ദേഹാത്ത്‌കെ അഫ്‌സാനെ, ദൂധ് കീ ഖീമത് തുടങ്ങിയവ അദ്ദേഹത്തിന്റെ ഉര്‍ദു സമാഹാരങ്ങളില്‍പ്പെടുന്നു. പിന്നീട് അദ്ദേഹം ഇരുഭാഷകളിലും എഴുതി. ഹിന്ദിയില്‍ ഭൂദാന്‍ തുടങ്ങിയ പ്രശസ്തമായ രചനകള്‍ നിര്‍വഹിക്കുമ്പോഴും പ്രേംചന്ദ് ഉര്‍ദുവിനെ കൈവെടിഞ്ഞിരുന്നില്ല.
ദേശീയപ്രസ്ഥാനത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും ആശയങ്ങള്‍ എഴുത്തിലൂടെ ജ്വലിപ്പിച്ച പ്രേംചന്ദ് അതിന്റെ പേരില്‍ പല കഷ്ടപ്പാടുകളും അനുഭവിച്ചിട്ടുണ്ട്. ധനപത് റായ് എന്നാണ് വാരണാസിയിലെ കായസ്ത കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന്റെ ശരിയായ പേര്. സ്വയം പഠിച്ച് ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ പരീക്ഷ പാസായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച പ്രേംചന്ദ് നവാബ് റായ് എന്ന പേരിലാണ് എഴുതിത്തുടങ്ങിയത്. ബ്രിട്ടിഷ് ഭരണാധികാരികളെ അദ്ദേഹത്തിന്റെ രചനകള്‍ ചൊടിപ്പിച്ചതിനാലാണ് ഈ കള്ളപ്പേര് സ്വീകരിച്ചത്. അധികാരികള്‍ ഈ പേരിന്റെ ഉറവിടം കണ്ടെത്തിയപ്പോള്‍ അദ്ദേഹം പ്രേംചന്ദ് എന്ന് പേരുമാറ്റി. ക്രമേണ ഇത് അദ്ദേഹത്തിന്റെ പേരായി മാറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day