|    Dec 19 Wed, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍, ചെല്‍സി മുന്നേറുന്നു

Published : 29th August 2016 | Posted By: SMR

ലണ്ടന്‍: പുതിയ കോച്ച് ജോസ് മൊറീഞ്ഞോയ്ക്കു കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയമാവര്‍ത്തിച്ചപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സിയും തുടര്‍ച്ചയായ മൂന്നാം ജയം കൊയ്തു.
എവേ മല്‍സരത്തില്‍ ഹള്‍ സിറ്റിയെയാണ് മാഞ്ചസ്റ്റര്‍ എതിരില്ലാത്ത ഒരു ഗോളിനു മറികടന്നത്. ചെല്‍സി ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ലീഗിലെ പുതുമുഖങ്ങളായ ബേ ണ്‍ലിയെ 3-0നു തുരത്തുകയായിരുന്നു.
അതേസമയം, നിലവിലെ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി യും കരുത്തരായ ആഴ്‌സനലും സീസണിലെ ആദ്യ ജയം കരസ്ഥമാക്കി. ഇരുടീമും തങ്ങളുടെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ സമനിലയും മറ്റൊന്നില്‍ തോല്‍വിയുമേറ്റുവാങ്ങിയിരുന്നു.
ഹള്ളിന്റെ മൈതാനത്ത് ആക്രമണത്തിന്റെ വേലിയേറ്റം തീ ര്‍ത്ത മാഞ്ചസ്റ്ററിന് നിര്‍ണായ ക ഗോള്‍ കണ്ടെത്താന്‍ ഇഞ്ചുറിടൈം വരെ കാത്തിരിക്കേണ്ടിവ ന്നു. മല്‍സരം ഗോള്‍രഹിതമായി പിരിയുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമില്‍ വെയ്ന്‍ റൂണിയുടെ പാസില്‍ നിന്ന് പകരക്കാരനായി ഇറങ്ങിയ മാര്‍കസ് റഷ്‌ഫോര്‍ഡ് വലകുലുക്കിയത്.
ബേണ്‍ലിക്കെതിരേ ആദ്യപകുതിയില്‍ത്തന്നെ രണ്ടു തവണ പന്ത് വലയിലെത്തിച്ച് ചെല്‍സി വിജയമുറപ്പാക്കിയിരുന്നു. ഒമ്പ താം മിനിറ്റില്‍ ബെല്‍ജിയന്‍ സ്റ്റാ ര്‍ ഈഡന്‍ ഹസാര്‍ഡിലൂടെയാണ് ചെല്‍സി ലീഡ് നേടിയത്.
ഒന്നാംപകുതി തീരാന്‍ നാലു മിനിറ്റ് ബാക്കിനില്‍ക്കെ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ വില്ല്യന്‍ ബ്ലൂസിന്റെ ലീഡ് 2-0ആക്കി ഉയര്‍ത്തി.
ഫൈനല്‍ വിസിലിന് ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ വിക്ടര്‍ മോസസിലൂടെ ചെല്‍സി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
സ്വാന്‍സിയെയാണ് സ്വന്തം മൈതാനത്ത് ലെസ്റ്റര്‍ 2-1ന് മറികടന്നത്. 56ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി റിയാദ് മെഹ്‌റസ് പാഴാക്കിയെങ്കിലും ജാമി വാര്‍ഡി, വെസ് മോര്‍ഗന്‍ എന്നിവരുടെ ഗോളുകള്‍ ലെസ്റ്ററിനു മൂന്നു പോയിന്റ് സമ്മാനിച്ചു.80ാം മിനിറ്റില്‍ ലെറോയ് ഫെറാണ് സ്വാന്‍സിയുടെ ഗോള്‍ തിരിച്ചടിച്ചത്.
വാട്‌ഫോര്‍ഡിനെതിരേ അവരുടെ മൈതാനത്ത് ആധികാരികമായിരുന്നു ആഴ്‌സനലിന്റെ വിജയം. ആദ്യ വിസില്‍ മുതല്‍ കളിയുടെ നിയന്ത്രണമേറ്റെടുത്ത ആഴ്‌സനല്‍ അര്‍ഹിച്ച ജയം കൂടിയാണ് സ്വന്തമാക്കിയത്. ഗണ്ണേഴ്‌സിന്റെ മൂന്നു ഗോളും ആദ്യപകുതിയിലായിരുന്നു.
സാന്റി കസോര്‍ല (ഒമ്പതാം മിനിറ്റ്), അലെക്‌സിസ് സാഞ്ചസ് (40), മെസൂദ് ഓസില്‍ (45) എന്നിവരാണ് സ്‌കോറര്‍മാര്‍. 57ാം മിനിറ്റില്‍ വാട്‌ഫോര്‍ഡിന്റെ തോല്‍വിയുടെ ആഘാതം കുറച്ച് റോബര്‍ട്ടോ പെരേര ആശ്വാസഗോള്‍ മടക്കി.
മറ്റു മല്‍സരങ്ങളില്‍ എവര്‍ട്ടന്‍ 1-0ന് സ്‌റ്റോക്ക് സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ സതാംപ്റ്റന്‍ -സണ്ടര്‍ലാന്‍ഡ്, ക്രിസ്റ്റല്‍ പാലസ്-ബോണ്‍മൗത്ത് മല്‍സരങ്ങ ള്‍ 1-1ന് അവസാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss