|    Jan 17 Wed, 2018 11:58 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രീമിയര്‍ ലീഗ്: ബ്ലൂസിനെ തകര്‍ത്ത് ഗണ്ണേഴ്‌സ്

Published : 26th September 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ചെല്‍സിക്കെതിരേ ആഴ്‌സനലിന് മിന്നും ജയം. ലീഗിലെ ആറാം റൗണ്ട് പോരാട്ടത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തുകയായിരുന്നു.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് സ്വാന്‍സിയെയും ലിവര്‍പൂള്‍ 5-1ന് ഹള്‍ സിറ്റിയെയും ബേണ്‍മൗത്ത് 1-0ന് എവര്‍ട്ടനെയും ടോട്ടനം ഹോട്‌സ്പര്‍ 2-1ന് മിഡില്‍സ്‌ബ്രോഗിനെയും ക്രിസ്റ്റല്‍ പാലസ് 3-2ന് സണ്ടര്‍ലാന്റിനെയും തോല്‍പ്പിച്ചപ്പോള്‍ വെസ്റ്റ്ഹാം-സ്‌റ്റോക്ക് സിറ്റി പോരാട്ടം 1-1ന് അവസാനിച്ചു.
ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ അലെക്‌സിസ് സാഞ്ചസ് (11ാം മിനിറ്റ്), തിയോ വാല്‍ക്കോട്ട് (14), മെസ്യുദ് ഓസില്‍ (40) എന്നിവരുടെ ഗോളുകളാണ് ബ്ലൂസിനെതിരേ ആഴ്‌സനലിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ലീഗിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ വിജയം കൈവിട്ട ഗണ്ണേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം വിജയം കൂടിയാണിത്.
എന്നാല്‍, ലീഗ് മല്‍സരങ്ങളില്‍ സീസണില്‍ ചെല്‍സിയുടെ രണ്ടാം തോല്‍വി കൂടിയായിരുന്നു ഇത്. പന്തടക്കത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ ആക്രമിച്ചു കളിക്കുന്നതിലും അവ ലക്ഷ്യത്തിലെത്തിക്കുന്നതിലും ആഴ്‌സന്‍ വെങറിനു കീഴിലിറങ്ങിയ ആഴ്‌സനല്‍ വിജയം കാണുകയായിരുന്നു. ജയത്തോടെ 13 പോയിന്റുമായി ആഴ്‌സനല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ആറ് മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റൂമായി എട്ടാമതാണ് ചെല്‍സി.
അതേസമയം, സൂപ്പര്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റി വിജയക്കുതിപ്പ് തുടരുകയാണ്. ലീഗില്‍ കളിച്ച ആറ് മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയ സിറ്റി 18 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് പുറത്തിരുന്ന സെര്‍ജിയോ അഗ്വേറോയാണ് സ്വാന്‍സിക്കെതിരേ സിറ്റിയുടെ ഹീറോ. മല്‍സരത്തില്‍ അഗ്വേറോ ഇരട്ട ഗോളുമായി തിളങ്ങി. ഒമ്പത്, 65 മിനിറ്റുകളിലായിരുന്നു അര്‍ജന്റൈന്‍ സ്‌ട്രൈക്കറുടെ ഗോള്‍ നേട്ടം. സിറ്റിയുടെ ശേഷിക്കുന്ന ഗോള്‍ 77ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങിന്റെ വകയായിരുന്നു. ലോറെന്റയാണ് സ്വാന്‍സിയുടെ ആശ്വാസ ഗോള്‍ നേടിയത്.
ഹള്‍ സിറ്റിക്കെതിരേ ജെയിംസ് മില്‍നര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ആദം ലല്ലാന, സാഡിയോ മാനെ, ഫിലിപ്പെ കോട്ടീഞ്ഞോ എന്നിവര്‍ ഓരോ തവണ നിറയൊഴിച്ച് ലിവര്‍പൂളിന്റെ വിജയം ആധികാരികമാക്കി. 13 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് ലിവര്‍പൂള്‍. 14 പോയിന്റുമായി ടോട്ടനമാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day