|    Jul 20 Fri, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രീമിയര്‍ ലീഗ്: നീലപ്പട മൊറീഞ്ഞോയെ മാനംകെടുത്തി

Published : 25th October 2016 | Posted By: SMR

ലണ്ടന്‍: തന്റെ പഴയ തട്ടകമായ ചെല്‍സിയിലേക്കുള്ള സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോയുടെ മടങ്ങിവരവ് ദുരന്തത്തില്‍ കലാശിച്ചു. മൊറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഇംഗ്ലീഷ് പ്രീമിയര്‍ ചെല്‍സിയുടെ നീലപ്പട നാണംകെടുത്തുകയായിരുന്നു. ചെല്‍സിയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ തകര്‍ന്നടിഞ്ഞത്.
മറ്റൊരു കളിയില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സതാംപ്റ്റന്‍ 1-1നു പിടിച്ചുനിര്‍ത്തി. ജയിച്ചിരുന്നെങ്കില്‍ രണ്ടാംസ്ഥാനക്കാരുമായുള്ള അകലം വര്‍ധിപ്പിക്കാന്‍ സിറ്റിക്കാവുമായിരുന്നു.
സോറി മൊറീഞ്ഞോ, ഹാപ്പി കോന്റെ
യൂറോപ ലീഗില്‍ കഴിഞ്ഞയാഴ്ച നടന്ന മല്‍സരത്തില്‍ തുര്‍ക്കി ചാംപ്യന്മാരായ ഫെനര്‍ബാച്ചെയെ 4-0ന് തുരത്തിയതിന്റെ ആവേശത്തിലെത്തിയ മൊറീഞ്ഞോയും സംഘവും ചെല്‍സിക്കു മുന്നില്‍ നിഷ്പ്രഭരായി. ഒന്നിനു പിറകായി ഗോളുകള്‍ വലയില്‍ വന്നു നിറഞ്ഞതോടെ മൊറീഞ്ഞോ നിരാശയിലേക്ക് വീണപ്പോള്‍ മറുഭാഗത്ത് ചെ ല്‍സി കോച്ച് അന്റോണിയോ കോന്റെയുടെ ആഹ്ലാദം അതിരുവിട്ടു. കളി തുടങ്ങി 30ാം സെക്കന്റില്‍ തന്നെ മാഞ്ചസ്റ്ററിനെ ഞെട്ടിച്ച് പെഡ്രോയിലൂടെ ചെല്‍സി അക്കൗണ്ട് തുറന്നിരുന്നു.
പിന്നീട് ഗാരി കാഹില്‍ (21ാം മിനിറ്റ്), ഈഡന്‍ ഹസാര്‍ഡ് (62), എന്‍ഗോളോ കാന്റെ (70) എന്നിവരും ഗോള്‍പട്ടികയില്‍ ഇടംനേടിയതോടെ മാഞ്ചസ്റ്ററിന്റെ നാണക്കേട് പൂര്‍ത്തിയായി. പരിക്കേറ്റ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ വെയ്ന്‍ റൂണിയില്ലാതെയാണ് മൊറീ ഞ്ഞോ മാഞ്ചസ്റ്ററിനെ കളത്തിലിറക്കിയത്.
സ്‌പെയിനില്‍ റയല്‍ തലപ്പത്ത്
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സീസണിലാദ്യമായി റയ ല്‍ മാഡ്രിഡ് ഒന്നാംസ്ഥാനത്തേക്കു കയറി. ഒമ്പതാം റൗണ്ട് മല്‍സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെ 2-1ന് കീഴടക്കിയാണ് റയല്‍ മുന്നേറിയത്.
മല്‍സരം 1-1ന്റെ സമനിലയിലേക്ക് നീങ്ങവെ 83ാം മിനിറ്റില്‍ അല്‍വാറോ മൊറാറ്റയുടെ ഗോള്‍ റയലിനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. നേരത്തേ ഏഴാം മിനിറ്റില്‍ കരീം ബെന്‍സെമയിലൂടെ റയല്‍ ലീഡ് നേടിയിരുന്നെങ്കിലും സാബിന്‍ മെറിനോയുടെ (27ാം മിനിറ്റ്) ഗോളില്‍ ബില്‍ബാവോ ഒപ്പമെത്തുകയായിരുന്നു.
മറ്റൊരു കളിയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ 1-0ന് ഞെട്ടിച്ച് യൂറോപ ജേതാക്കളായ സെവിയ്യ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറി. റയലിന് 21ഉം സെവിയ്യക്ക് 20ഉം പോയിന്റാണുള്ളത്. വിയ്യാറയല്‍, ബാഴ്‌സലോണ എന്നിവരാണ് 19 പോയിന്റ് വീതം നേടി മൂ ന്നും നാലും സ്ഥാനങ്ങളില്‍.
റോമയ്ക്ക് ജയം; ഇന്റര്‍ വീണു
റോം: ഇറ്റാലിയന്‍ ലീഗില്‍ എഎസ് റോമ ജയത്തോടെ മുന്നേറിയപ്പോള്‍ ഇന്റര്‍മിലാന്റെ കഷ്ടകാലം തുടരുന്നു. അറ്റ്‌ലാന്റയോട് ഇന്റര്‍ 1-2നു പരാജയമേറ്റുവാങ്ങി. സീസണില്‍ അവരുടെ നാലാം തോല്‍വിയാണിത്.
പലെര്‍മോയെ 4-1നാണ് റോമ മുക്കിയത്. മുഹമ്മദ് സലാഹ് (31ാം മിനിറ്റ്), ലിയാന്‍ഡ്രോ പെരെഡസ് (51), എഡിന്‍ സെക്കോ (68) എന്നിവരാണ് റോമയുടെ സ്‌കോറര്‍മാര്‍. ജയത്തോടെ റോമ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss