|    Jul 22 Sun, 2018 4:37 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രീമിയര്‍ ലീഗ്: ആന്‍ഫീല്‍ഡില്‍ ക്ലാസിക് സമനില

Published : 19th October 2016 | Posted By: SMR

ലണ്ടന്‍: ഫു ട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോ ക്കിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടം ഗോള്‍രഹിത സനിലയില്‍ പിരിഞ്ഞു. ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും തമ്മിലുള്ള മല്‍സരമാണ് ഗോളില്ലാ സമനിലയില്‍ കലാശിച്ചത്.
ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ 50,000ത്തില്‍ അധികം വരുന്ന കാണികള്‍ക്കു മുന്നില്‍ ലിവര്‍പൂള്‍ കടന്നാക്രമിച്ചെങ്കി ലും മാഞ്ചസ്റ്റര്‍ സൂപ്പര്‍ ഗോളി ഡേവിഡ് ഡെഹെയയെ കീഴടക്കാനായില്ല. രണ്ടാംപകുതിയില്‍ ചില കണ്ണഞ്ചിപ്പിക്കുന്ന സേവുകള്‍ നട ത്തിയ ഡെഹെയയാണ് മാഞ്ചസ്റ്ററിന്റെ രക്ഷകനായത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സ്പാനിഷ് ഗോള്‍കീപ്പറാണ്.
വളരെ കുറച്ച് ഗോളവസരങ്ങള്‍ മാത്രം പിറന്ന മല്‍സരത്തില്‍ കൂടുതല്‍ അവസരങ്ങളും ലഭിച്ചത് ലിവര്‍പൂളിനായിരുന്നു. പ്രത്യേകിച്ചും രണ്ടാംപകുതിയില്‍. കളിയുടെ ആദ്യ 10 മിനിറ്റ് മാഞ്ചസ്റ്ററിന്റെ ആധിപത്യമായിരുന്നു. നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയ റെഡ് ഡെവിള്‍സ് ലിവര്‍പൂളിനെ പ്രതിരോധത്തിലാക്കി. തുടക്കത്തില്‍ അല്‍പ്പം പിന്നോട്ട് വലിഞ്ഞെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിച്ച ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ ഗോള്‍മുഖം വിറപ്പിച്ചു.
ഈ സമനില ലിവര്‍പൂളിനേക്കാള്‍ ആശ്വാസമാവുക മാഞ്ചസ്റ്ററിനായിരിക്കും. കാരണം, ഡെഹെയയുടെ വണ്ടര്‍ സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ തോല്‍വിയിലേക്കു വീഴുമായിരുന്നു. ലീഗില്‍ തുടര്‍ച്ചയായ നാലു വിജയങ്ങള്‍ക്കു ശേഷം ലിവര്‍പൂളിന്റെ ആദ്യ സമനില കൂടിയാണിത്. മാഞ്ചസ്റ്ററിനെതിരേ ജയിച്ചിരുന്നെങ്കില്‍ ലീഗില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍ എന്നിവര്‍ക്കൊപ്പമെത്താന്‍ ലിവര്‍പൂളിനാവുമായിരുന്നു. നിലവില്‍ റെഡ്‌സ് 17 പോയിന്റോടെ നാലാമതും മാഞ്ചസ്റ്റ ര്‍ 14 പോയിന്റുമായി ഏഴാമതുമാണ്.
ലിവര്‍പൂളിനെതിരേ അവസാന നാലു ലീഗ് മല്‍സരങ്ങളിലും ജയിക്കാനായിരുന്നെങ്കിലും കഴിഞ്ഞ കളിയില്‍ അതിന്റെ ആത്മവിശ്വാസമൊന്നും മാഞ്ചസ്റ്റര്‍ ടീമില്‍ കണ്ടില്ല. യുര്‍ഗന്‍ ക്ലോപ്പ് കഴിഞ്ഞ ഒക്ടോബറില്‍ കോച്ചായ ശേഷം ലീഗില്‍ മാത്രം 73 ഗോളുക ള്‍ അടിച്ചുകൂട്ടിയ ലിവര്‍പൂളിന്റെ ആക്രമണാത്മക ഫുട്‌ബോളിനെ മികച്ച പ്രതിരോധത്തിലൂടെ മാഞ്ചസ്റ്റര്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി മറൗനെ ഫെല്ലയ്‌നിയെയും ആന്‍ഡര്‍ ഹെരേരയെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ മാഞ്ചസ്റ്റര്‍ കോച്ച് ജോസ് മൊറീഞ്ഞോയുടെ തീരുമാനം ക്ലിക്കാവുകയും ചെയ്തു.
ലിവര്‍പൂള്‍ ലോകത്തിലെ അവസാന അദ്ഭുതമല്ല: മൊറീഞ്ഞോ
പ്രീമിയര്‍ ലീഗ് പോരില്‍ ഏവരും ലിവര്‍പൂളിന്റെ ആക്രമണാത്മക ഫുട്‌ബോളിനെ വാഴ്ത്തുമ്പോള്‍ ഇതിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൊറീഞ്ഞോയുടെ ചുട്ട മറുപടി. ലിവര്‍പൂള്‍ ലോകത്തിലെ അവസാനത്തെ അദ്ഭുതമല്ലെന്നാണ് മല്‍സരശേഷം മൊറീഞ്ഞോ തുറന്നടിച്ചത്.
”മല്‍സരം വളരെ കടുപ്പമേറിയതായിരുന്നു. ഞങ്ങളേക്കാള്‍ ലിവര്‍പൂളിനായിരുന്നു കളി കൂടുതല്‍ കടുപ്പം”- മൊറീഞ്ഞോ വിലയിരുത്തി.
പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല: ക്ലോപ്പ്
സീസണില്‍ ഇതുവരെ നടത്തിയതുപോലെയുള്ള ഉജ്ജ്വല പ്രകടനം നടത്താന്‍ ലിവര്‍പൂളിനായില്ലെന്ന് കോച്ച് യുര്‍ഗന്‍ ക്ലോപ്പ്.  ”മികച്ച രീതിയിലാണ് ഞങ്ങള്‍ തുടങ്ങിയത്. എന്നാല്‍ അവരുടെ പ്രതിരോധം തകര്‍ക്കാനുള്ള ധൈര്യം ടീമിനുണ്ടായില്ല”- ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss