പ്രീമിയര്‍ ഫുട്സാല്‍ ലീഗ്: അഞ്ചടിച്ച് റൊണാള്‍ഡീഞ്ഞോ, ഗോവയ്ക്കു മിന്നും ജയം
Published : 18th July 2016 | Posted By: SMR
ചെന്നൈ: മുന്‍ ലോക ഫുട്ബോളറും ബ്രസീലിയന്‍ സൂപ്പര്‍താരവുമായ റൊണാള്‍ഡീഞ്ഞോ തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ പ്രഥമ പ്രീമിയര്‍ ഫുട്സാല്‍ ലീഗില്‍ ഗോവയ്ക്ക് തകര്‍പ്പന്‍ ജയം.
ഇന്നലെ ഗ്രൂപ്പ് ബിയില്‍ നടന്ന രണ്ടാംറൗണ്ട് പോരാട്ടത്തില്‍ ബംഗളൂരുവിനെ റൊണാള്‍ഡീഞ്ഞോയും സംഘവും ഗോള്‍മഴയില്‍ മുക്കുകയായിരുന്നു. മല്‍സരത്തില്‍ രണ്ടിനെതിരേ ഏഴ് ഗോളിനായിരുന്നു ഗോവയുടെ ജയം. ടീമിന്റെ മാര്‍ക്വി താരം കൂടിയായ റൊണാള്‍ഡീഞ്ഞോ അഞ്ച് ഗോളുകളാണ് മല്‍സരത്തില്‍ ഗോവയ്ക്കു വേണ്ടി നിറയൊഴിച്ചത്.
ടൂര്‍ണമെന്റില്‍ ഗോവയുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്. നേരത്തെ ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്തയോട് 4-2ന് ഗോവ പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ഗ്രൂപ്പ് എയില്‍ കൊച്ചിയെ 4-4ന് ചെന്നൈ സമനിലയില്‍ കുരുക്കി.
ഒരുഘട്ടത്തില്‍ 4-2ന്റെ തോല്‍വി അഭിമുഖീകരിച്ച കൊച്ചി മൊറസിന്റെയും ചഗുയിനയുടെയും ഗോളുകളിലൂടെ സമനില പിടിച്ചു വാങ്ങുകയായിരുന്നു.
സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എയില്‍ രണ്ട് മല്‍സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി കൊച്ചിയാണ് തലപ്പത്ത്.
ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ കൊച്ചി 4-1ന് മുംബൈയെ തകര്‍ത്തിരുന്നു. മൂന്ന് പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തും ഒരു പോയിന്റോടെ ചെന്നൈ അവസാന സ്ഥാനത്തുമാണുള്ളത്.
കൊല്‍ക്കത്തയ്ക്കെതിരേ നിറംമങ്ങിയ റൊണാള്‍ഡീഞ്ഞോ ബംഗളൂരുവിനെതിരേ അതിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. കളിയുടെ ആറാം മിനിറ്റിലാണ് റൊണാള്‍ഡീഞ്ഞോ തന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. കോര്‍ണറിനൊടുവിലായിരുന്നു ബ്രസീലിയന്‍ ഇതിഹാസത്തിന്റെ ഗോള്‍ നേട്ടം.
എന്നാല്‍, മാക്സിമിലിയാനോയിലൂടെയും ജോനാഥന് പിയെറസിലൂടെയും ഗോള്‍ തിരിച്ചടിച്ച ബംഗളൂരു മല്‍സരത്തില്‍ ലീഡ് പിടിച്ചു. പക്ഷേ, ബംഗളൂരുവിന് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നില്ല അത്. ലോക ഫുട്ബോളിനെ കളിക്കളത്തിലൂടെ അമ്പരിപ്പിച്ച റൊണാള്‍ഡീഞ്ഞോ തന്റെ മാസ്മരിക പ്രകടനം ഫുട്സാലിലും പുറത്തെടുത്തതോടെ ബംഗളൂരുവിന് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ.
ആരാധകരെ ആവേശത്തിലാഴ്ത്തി റൊണാള്‍ഡീഞ്ഞോ ബംഗളൂരു ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ ഗോവ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയം തങ്ങളുടെ അക്കൗണ്ടിലേക്ക് എഴുതി ചേര്‍ത്തു. വിജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. നാല് പോയിന്റോടെ ഗോവയാണ് ഗ്രൂപ്പ് ബിയില്‍ തലപ്പത്ത്. ഇന്ന് മല്‍സരമില്ല. നാളെ മുംബൈ ചെന്നൈയെയും കൊല്‍ക്കത്ത ഗോവയെയും എതിരിടും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.