|    Nov 25 Sat, 2017 3:57 am
FLASH NEWS

പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ പ്രവര്‍ത്തനം താല്‍ക്കാലിക സംവിധാനത്തില്‍

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് പുതുതായി നിര്‍മിച്ച പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ പ്രവര്‍ത്തനരഹിതം.പ്രവേശന കവാടത്തിന് സമീപമായാണ് പുതിയ കൗണ്ടര്‍ സ്ഥാപിച്ചത്. എന്നാല്‍, ഇതുവഴി യാത്രക്കാര്‍ എത്തുന്നത് കുറവാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടോ ടാക്‌സി ജീവനക്കാര്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നതോടെയാണ് പുതിയ കൗണ്ടര്‍ അടച്ചത്. ഇതേത്തുടര്‍ന്ന് റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിനു മുന്നിലായി സ്ഥാപിച്ച താല്‍ക്കാലിക സംവിധാനത്തിലാണ് നിലവില്‍ പ്രീപെയ്ഡ് ഓട്ടോകൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.ലക്ഷങ്ങള്‍ ചെലവിട്ടുനിര്‍മിച്ച കൗണ്ടറിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷമായിരുന്നു ജീവനക്കാര്‍ നേതൃത്വത്തില്‍ എതിര്‍പ്പുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ നിര്‍മാണസമയത്ത് തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും ജീവനക്കാര്‍ ഇതു മുഖവിലയ്‌ക്കെടുത്തില്ലെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിന് മുന്നിലായി സ്ഥാപിച്ച താല്‍ക്കാലിക കൗണ്ടറിനു മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റിസര്‍വേഷന്‍ കൗണ്ടറിലെ തിരക്കൂകൂടിയാവുമ്പോള്‍ റെയില്‍വേയുടെ മുന്‍വശം സദാസമയവും ജനനിബിഡമാണ്. ഇവിടെയുള്ള തിരക്ക് പലപ്പോഴും ഗതാഗത കുരുക്കിനും കാരണമാവുന്നു. ഇതിനെല്ലാം പുറമെ, താല്‍ക്കാലിക കൗണ്ടറിനു മുന്നില്‍ മഴയും വെയിലുമേറ്റു വേണം യാത്രക്കാര്‍ക്കു നില്‍ക്കാനെന്നതും പ്രധാനപ്രശ്‌നമാണ്. എന്നാല്‍, പുതുതായി സ്ഥാപിച്ചിരുന്ന കൗണ്ടറിനു മുന്നില്‍ വിശാലമായ മേല്‍ക്കൂര പണി കഴിപ്പിച്ചിരുന്നു. ഇവിടെ നിരവധി യാത്രക്കാര്‍ക്കു ഒരേ സമയം മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാനും സാധിക്കുമായിരുന്നു. ഈ കൗണ്ടറിലേക്കു പ്ലാറ്റ് ഫോമുകളില്‍ നിന്നു സൂചനാബോര്‍ഡുകളും ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍നിന്നു രണ്ടു പ്രവേശന കവാടങ്ങളും  സ്ഥാപിച്ചിരുന്നു. ട്രെയിനിറങ്ങുന്ന യാത്രക്കാര്‍ സൂചനാബോര്‍ഡുകള്‍ അടിസ്ഥാനമാക്കി ഏറെ പണിപ്പെട്ട് കൗണ്ടര്‍ തേടിയെത്തി നിരാശരായി താല്‍ക്കാലിക കൗണ്ടര്‍ തേടി പോവേണ്ട സാഹചര്യമാണുള്ളത്. ഏറെ സൗകര്യങ്ങളോടെ നിര്‍മിച്ച പ്രീപെയ്ഡ് ഓട്ടോകൗണ്ടറിന്റെ നിലവിലെ അലസ്ഥയ്ക്ക് ഉത്തരവാദികള്‍ ബന്ധപ്പെട്ട അധികൃതരാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക