|    Jan 17 Tue, 2017 6:34 pm
FLASH NEWS

പ്രീതി വധം: പ്രതി ചെന്താമര ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ

Published : 28th July 2016 | Posted By: SMR

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: ചിതലിയിലെ വീട്ടമ്മ പ്രീതി കൊല ചെയ്യപ്പെട്ട കേസിലെ പ്രതി  ചെന്താമര ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. എന്നാല്‍  എഴുത്തുകാരന്‍ കൂടിയായ ചെന്താമരയ്ക്ക് തന്റെ കുറ്റം മറയ്ക്കാന്‍ ദിവസങ്ങള്‍ മാത്രമേ കഴിഞ്ഞുള്ളൂവെന്നത് പോലിസ് അന്വേഷണത്തില്‍ മറ്റൊരു പൊന്‍തൂവലായി. ചിതലി കല്ലയം കോണം സനാവില്ലയില്‍ ചെന്താമര (41)  ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ.
ചെറുകിട തിരക്കഥയും കാ ര്‍ഷിക വൃത്തിയുമാണ് കഴിഞ്ഞ ആറുമാസമായി നാട്ടില്‍ ചെയ്തിരുന്നത്. സിനിമയിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിച്ചു കൊടുക്കുന്ന ജോലിയുമുണ്ടായിരുന്നു. പുതുതായി  ഉണ്ടാക്കിയ വീടിന്റെ സാമ്പത്തിക ബാധ്യതയും ജപ്തി ഭീഷണിയുമാണ് ചെന്താമരയെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.
സിനിമാ പ്രേമിയായ ഇയാള്‍ ഇതിനകം രണ്ട് തിരക്കഥകള്‍ രചിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം ദൃശ്യം സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് രക്ഷപെടാനുള്ള കഥയൊരുക്കിയത്. ഇതിനായി  ആദ്യം തന്നെ പോലിസിന്റെ അന്വേഷണവുമായി സഹകരിക്കുകയും പ്രീതിയുടെ മകളെ വീട്ടിലെത്തി സാന്ത്വനിപ്പിക്കുകയും ചെയ്തു. ഇതിനായാണ് മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ നിക്ഷേപിച്ചയുടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തിയത്.
പ്രീതി ഒളിച്ചോടിയതാണെന്ന് വരുത്തി തീര്‍ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും പ്രീതിയെ സമീപത്തും ബന്ധുവീടുകളിലും അന്വേഷിക്കാനും ഇയാള്‍ മുഴുവന്‍ സമയവും നാട്ടുകാര്‍ക്കൊപ്പം ഉണ്ടായിരുന്നു. രക്ത തുള്ളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നതെന്നറിഞ്ഞ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ തന്റെ വാഹനം വാട്ടര്‍ സര്‍വീസിനു നല്‍കി. പിന്നീട് പ്രതിയുടെ നീക്കം പോലിസിനെ കബളിപ്പിക്കാനായിരുന്നു.
താന്‍ നല്‍കിയ മൊഴിയില്‍ തന്നെ പ്രതി ഉറച്ചു നിന്നു. ഇതിനായി പതിനാലാം തിയതി സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന് തെളിയിക്കാന്‍ സുഹൃത്തിനൊപ്പം പൊള്ളാച്ചിയിലേക്ക് പോയെന്ന് പോലിസിന് മൊഴി നല്‍കി. മൊഴിയില്‍ വൈരുധ്യം വരാതിരിക്കാന്‍ സുഹ്യത്തിനെ നേരിട്ട് കാണുകയും പതിനാറിന് നടത്തിയ യാത്ര പതിനാലിനാണ് നടത്തിയതെന്ന് മൊഴി നല്‍കണമെന്നും സുഹുത്തിനോട് ചട്ടം കെട്ടി.  ഈ രീതിയില്‍ തന്നെ പോലിസ് അന്വേഷണം നീങ്ങിയതോടെ പ്രതി രക്ഷപ്പെട്ടെന്ന് കരുതി. ഇതിനിടെ മീനാക്ഷിപുരം ചെക് പോസ്റ്റിലെ സിസിടിവി ദൃശ്യം പരിശോധിച്ചതും ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ 14ന് തന്നെ പൊള്ളാച്ചിയില്‍ കണ്ടതും കേസിലെ വഴിത്തിരിവായി.
പോലിസ്  സിസിടിവി ദൃശ്യം കാണിച്ചു കൊടുത്തിട്ടും നേരത്തേ നല്‍കിയ തിരക്കഥയില്‍ പ്രതി ഉറച്ചു നിന്നത് പോലിസിനെ കുഴക്കി. പിന്നീട് സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടന്ന ദിവസം ചെന്താമരയെ കണ്ടിട്ടില്ലെന്നും താന്‍ വൈദ്യുതി ബില്ലും, കുട്ടികളുടെ സ്‌കൂള്‍ ഫീസും അടയ്ക്കുവാന്‍ പോയതായി പോലിസിനോട് പറഞ്ഞു. ഇതോടെയാണ് ചെന്താമരയുടെ തിരക്കഥയെല്ലാം പൊളിഞ്ഞത്. പിന്നീട് പോലിസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക