|    May 24 Thu, 2018 11:04 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് വമ്പന്മാര്‍

Published : 24th November 2015 | Posted By: SMR

മാഡ്രിഡ്/ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അഞ്ചാം റൗണ്ട് മല്‍സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും. പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ, മുന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക്, ചെല്‍സി, ആഴ്‌സനല്‍ എന്നിവര്‍ ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.

ഗ്രൂപ്പ് ഇയില്‍ ഇറ്റലിയില്‍ നിന്നുള്ള ശക്തരായ എഎസ് റോമയാണ് സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സയുടെ ഇന്നത്തെ എതിരാളികള്‍. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ജര്‍മനിയില്‍ നിന്നുള്ള ബയേര്‍ ലെവര്‍ക്യൂസന്‍ ബെലാറസ് ക്ലബ്ബായ ബെയ്റ്റ് ബോറിസോവിനെ എതിരിടും. ഗ്രൂപ്പ് എഫില്‍ ഗ്രീസില്‍ നിന്നുള്ള ഒളിംപിയാകോസാണ് ജര്‍മന്‍ അതികായന്‍മാരായ ബയേണിന്റെ എതിരാളികള്‍.
ഗ്രൂപ്പിലെ മറ്റൊരു നിര്‍ണായക കളിയില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സനല്‍ ക്രൊയേഷ്യയില്‍ നിന്നുള്ള ഡയ്‌നാമോ സെഗ്രബുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സി ടുര്‍ണമെന്റില്‍ നിന്ന് നേരത്തെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ഇസ്രയേലില്‍ നിന്നുള്ള മക്കാബി തെല്‍ അവീവിനെ എതിരിടും. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പോര്‍ച്ചുഗീസ് വമ്പന്‍മാരായ പോര്‍ട്ടോ ഉക്രെയ്‌നില്‍ നിന്നുള്ള ഡയനാമോ കീവിനെ നേരിടും.
നളെ നടക്കുന്ന മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ റയല്‍ മാഡ്രിഡ് ഷക്തര്‍ ഡൊണെസ്‌കിനെയും പാരിസ് സെന്റ് ജര്‍മെയ്ന്‍ മാല്‍മോ എഫ്എഫിനെയും ഗ്രൂപ്പ് ബിയില്‍ സിഎസ്‌കെഎ മോസ്‌കോ വോള്‍ഫ്‌സബര്‍ഗിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പിഎസ് വി ഐന്തോവനെയും ഗ്രൂപ്പ് സിയില്‍ അത്‌ലറ്റികോ മാഡ്രിഡ് ഗലാത് സരെയും ബെന്‍ഫിക്ക ആസ്റ്റനയെയും ഗ്രൂപ്പ് ഡിയില്‍ യുവന്റസ് മാഞ്ചസ്റ്റര്‍ സിറ്റിയെയും ബൊറൂസ്യ മെകന്‍ഗ്ലാഡ്ബാച് സെവിയ്യയെയും എതിരിടും.
കുതിപ്പ് തുടരാന്‍
ബാഴ്‌സ
സീസണില്‍ മികച്ച ഫോം തുടരുന്ന ബാഴ്‌സ ചാംപ്യന്‍സ് ലീഗിലും വിജയകുതിപ്പ് ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ നടന്ന ചിരവൈരികളുമായുള്ള എല്‍ ക്ലാസിക്കോയില്‍ റയലിനെ എതിരില്ലാത്ത നാലു ഗോളിന് നിഷ്പ്രഭരാക്കിയതിന്റെ ആവേശത്തിലാണ് സ്വന്തം തട്ടകത്തിലേക്ക് റോമയെ ബാഴ്‌സ വരവേല്‍ക്കുന്നത്.
റോമയ്‌ക്കെതിരേ സമനില പിടിച്ചാല്‍ തന്നെ ബാഴ്‌സയ്ക്ക് ഗ്രൂപ്പ് ഇയില്‍ നിന്ന് ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാവും. നിലവില്‍ നാലു മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റുമായാണ് ഗ്രൂപ്പില്‍ ബാഴ്‌സ തലപ്പത്ത് തുടരുന്നത്. എന്നാല്‍, ഇറ്റാലിയന്‍ ലീഗില്‍ ഭേദപ്പെട്ട പ്രകടനം നടത്തി കൊണ്ടിരിക്കുന്ന റോമ ബാഴ്‌സയ്ക്ക് നേരിയ വെല്ലുവിളിയാവാനിടയുണ്ട്. മാത്രമല്ല ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യപാദത്തില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ ബാഴ്‌സയെ 1-1ന് പിടിച്ചുകെട്ടാന്‍ റോമയ്ക്ക് സാധിച്ചിരുന്നു.
പരിക്കിനെ തുടര്‍ന്ന് രണ്ടു മാസത്തിനു ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ന് ബാഴ്‌സയ്ക്കു വേണ്ടി കളിച്ചേക്കും. റയലിനെതിരായ എല്‍ ക്ലാസിക്കോയില്‍ 57ാം മിനിറ്റില്‍ പകരക്കാരനായി മെസ്സി കളത്തിലിറങ്ങിയിരുന്നു.
സൂപ്പര്‍ താരങ്ങളായ നെയ്മറിന്റെയും ലൂയിസ് സുവാറസിന്റെയും മാസ്മരിക പ്രകടനങ്ങളും ബാഴ്‌സയ്ക്ക് റോമയ്‌ക്കെതിരേ മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. നിലവില്‍ അഞ്ച് പോയിന്റുമായി ബാഴ്‌സയ്ക്കു പിറകിലുള്ള റോമയ്ക്കും ഇന്നത്തെ മല്‍സരഫലം നിര്‍ണായകമാണ്. നാല് പോയിന്റുമായി ലെവര്‍ക്യൂസനും മൂന്നു പോയിന്റോടെ ബെയ്റ്റുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
ആധിപത്യം തുടരാന്‍ ബയേണ്‍
ഗ്രൂപ്പ് എഫില്‍ നിന്ന് ആദ്യം പ്രീക്വാര്‍ട്ടറിലെത്തുന്ന ടീമാവുകായെന്ന ലക്ഷ്യത്തോടെ ബയേണും ഒളിംപിയാകോസും നേര്‍ക്കുനേര്‍ അങ്കംകുറിക്കും. ആദ്യപാദത്തില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഒളിംപിയാകോസിനെതിരേ അവരുടെ തട്ടകത്തില്‍ തകര്‍പ്പന്‍ വിജയം നേടിയ ബയേണ്‍ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദത്തിലും ഈ നേട്ടം ആവര്‍ത്തിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
നിലവില്‍ ഒമ്പത് പോയിന്റുമായി ബയേണും ഒളിംപിയാകോസും ഗ്രൂപ്പില്‍ ഒപ്പത്തിനൊപ്പമാണ്. എന്നാല്‍, ഗോള്‍ശരാശരിയില്‍ ബയേണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുകയാണ്. ഇന്ന് ബയേണും ഒളിംപിയാകോസും തമ്മിലുള്ള മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ ആഴ്‌സനലും സെഗ്രബും തമ്മിലുള്ള മല്‍സരഫലം അപ്രസക്തമാവും.
സമനില ബയേണിന്റെയും ഒളിംപിയാകോസിന്റെയും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കുമ്പോള്‍ ആഴ്‌സനല്‍ നോക്കൗട്ട് റൗണ്ട് കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. നിര്‍ണായക മല്‍സരത്തില്‍ പരിക്കും ആഴ്‌സനലിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മൂന്നു പോയിന്റുമായി പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ആഴ്‌സനല്‍. ഇത്രയും പോയിന്റോടെ സെഗ്രബ് മൂന്നാം സ്ഥാനത്തുണ്ട്.
നോക്കൗട്ട് മോഹിച്ച് ചെല്‍സി
പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് വിജയം ലക്ഷ്യമിട്ടാണ് ചെല്‍സി ദുര്‍ബലരായ തെല്‍ അവീവിനെ എതിരിടുന്നത്. ഇന്നു ചെല്‍സി തെല്‍ അവീവിനെയും പോര്‍ട്ടോ കീവിനെയും തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ജിയില്‍ നിന്ന് ഇരു ടീമും പ്രീക്വാര്‍ട്ടറിലെത്തും.
നിലവില്‍ 10 പോയിന്റോടെ പോര്‍ട്ടോയാണ് പട്ടികയില്‍ തലപ്പത്തുള്ളത്. ഏഴു പോയിന്റോടെ ചെല്‍സി രണ്ടാമതും അഞ്ച് പോയിന്റുമായി കീവ് മൂന്നാം സ്ഥാനത്തുമാണുള്ളത്. നാലിലും തോറ്റ തെല്‍ അവീവിന്റെ നോക്കൗട്ട് മോഹം നേരത്തെ തന്നെ അവസാനിച്ചിരുന്നു.
ബെല്‍ജിയം താരം ഇഡന്‍ ഹസാര്‍ഡും സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റയും ഫോമിലേക്ക് മടങ്ങിയെത്തിയത് ചെല്‍സിയുടെ വിജയപ്രതീക്ഷ ഇരട്ടിപ്പിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss