|    Dec 18 Tue, 2018 4:34 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

‘പ്രിയ സഖാവ് ഗൗതംജിക്ക്…’

Published : 13th September 2018 | Posted By: kasim kzm

സഞ്ജയ് കാക്ക്

രണ്ടാഴ്ച മുമ്പാണ് ഗൗതം നവ്‌ലാഖയെ ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം നടന്ന നിരവധി അറസ്റ്റുകളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. തൊട്ടടുത്തുള്ള ഫരീദാബാദില്‍ നിന്നാണ് സുധ ഭരദ്വാജിനെ പൊക്കിയത്. അരുണ്‍ ഫെറേറയെ താനെയില്‍ നിന്ന്. വെര്‍നോന്‍ ഗോണ്‍സാല്‍വസിനെ മുംബൈയില്‍ നിന്ന്. വരവരറാവുവിനെ ഹൈദരാബാദില്‍ നിന്ന്. അങ്ങനെയായിരുന്നു അറസ്റ്റ് പരമ്പര.
അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകരാണ് എല്ലാവരും. അഭിഭാഷകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കവികള്‍, അധ്യാപകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. എന്തിനാണ് അവരെ ഇങ്ങനെ അറസ്റ്റ് ചെയ്തതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ ചെറിയ കുട്ടികള്‍ കളര്‍ പുസ്തകങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന ഒരു കളിയുടെ സ്വഭാവം ആലോചിച്ചാല്‍ മതി. ഓരോ പേജിലും നിറയെ വരകള്‍ കാണാം. അത് എന്തൊക്കെയാണെന്നു തെളിഞ്ഞുവരണമെങ്കില്‍ ഓരോ കള്ളിയിലും കളര്‍ കൊടുക്കണം. ഏതു കള്ളിയില്‍ ഏതു കളര്‍ എന്നു കണ്ടുപിടിക്കുന്നത് അതിനു സൂചനയായി നല്‍കിയിരിക്കുന്ന അക്കം വഴിയാണ്. അങ്ങനെ കൃത്യമായി കളര്‍ നല്‍കിയാല്‍ അകത്തുള്ള കാര്യം പിടികിട്ടും.
ഈ കളിയില്‍ പോലിസ് നവ്‌ലാഖയെ എവിടെയാണ് ഉള്‍പ്പെടുത്തിയത്? പോലിസിന്റെ ഏതു കള്ളറയിലാണ് അദ്ദേഹത്തിന്റെ പേര് വരുന്നത്? എന്തു തരം നിറമാണ് അദ്ദേഹത്തിന് അവര്‍ ചാര്‍ത്തിക്കൊടുക്കുന്നത്?
അറസ്റ്റ് നടന്ന സമയത്ത് പറഞ്ഞത്, എല്ലാവരും 2018 ജനുവരി ഒന്നിനു നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്നാണ്. രാജ്യം 2019ലെ തിരഞ്ഞെടുപ്പിന്റെ ചൂട് ഏറ്റുവാങ്ങാന്‍ പോകുന്ന ഈ വേളയില്‍ ദലിത് രാഷ്ട്രീയത്തിന്റെ ശക്തമായ ചുടുകാറ്റ് നാട്ടിലെങ്ങും വീശിയടിക്കുമെന്നു തീര്‍ച്ചയാണ്. എല്‍ഗാര്‍ പരിഷത്ത് അത്തരത്തിലുള്ള ദലിത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ ലക്ഷണമായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം അത് അസ്വീകാര്യമായ സംഗതിയാണ്.
പക്ഷേ, ചിത്രപുസ്തകത്തിലെ കള്ളിയില്‍ നവ്‌ലാഖ ഇവിടെ ഇണങ്ങുന്നില്ല. കാരണം, അദ്ദേഹം എല്‍ഗാര്‍ പരിഷത്ത് റാലിയില്‍ പങ്കെടുത്തിരുന്നതേയില്ല. (കൂടെ അറസ്റ്റു ചെയ്യപ്പെട്ട മറ്റു നാലു പേരും അവിടെ ഉണ്ടായിരുന്നില്ല). ഭീമ-കൊറേഗാവില്‍ ഉണ്ടായ അക്രമങ്ങളുമായി അവരെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും പോലിസിനു കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.
അതിനു ശേഷമാണ് പൂനെ പോലിസ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഒരു കെട്ട് ഇ-മെയില്‍ സന്ദേശങ്ങള്‍ അവതരിപ്പിച്ചത്. ‘രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാവോവാദി സംഘങ്ങളുമായി ചേര്‍ന്ന് അവര്‍ നടത്തിയ ഗൂഢാലോചന’യുടെ തെളിവുകള്‍ ഇ-മെയിലുകളില്‍ ഉണ്ട് എന്നായിരുന്നു പോലിസിന്റെ അവകാശവാദം. പ്രധാനമന്ത്രിയെ വധിക്കാനുള്ള പരിപാടിയും അവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് ഇ-മെയിലുകള്‍ പറയുന്നു. എന്നാല്‍, ആരാണ് ഇ-മെയിലുകള്‍ അയച്ചതെന്നു പറയുന്നില്ല. രേഖകള്‍ സ്വയം സംസാരിക്കുന്നതാണ്; അവയുടെ വ്യാജ സ്വഭാവം അത്യധികം സുവ്യക്തവും.
‘പരമരഹസ്യ’മായ കത്തുകളാണ് ഇവ; പക്ഷേ, എല്ലാം സ്വന്തം പേരില്‍ വന്നവ. യാതൊരു കോഡ് സന്ദേശവും അതിലൊന്നുമില്ല! അണ്ടര്‍ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍ രഹസ്യമായി എഴുതിയെന്നു പറയപ്പെടുന്ന കത്തുകള്‍; എന്നിട്ടും ഒരിടത്തു പോലും വ്യക്തികളുടെ പേരു പോലും മറച്ചുവയ്ക്കുന്നില്ല! പ്രതികളെ നേരിട്ട് പേരു വിളിക്കുന്ന കത്തുകള്‍ കിട്ടിയതോടെ ടെലിവിഷന്‍ ചാനലുകാര്‍ക്ക് പരമാനന്ദമായി. അവര്‍ മാവോവാദി ഗൂഢാലോചനയുടെ തെളിവുമായി തുള്ളിച്ചാടി. കത്തുകളില്‍ ഒന്നില്‍ ‘പ്രിയപ്പെട്ട ഗൗതംജിക്ക്’ ഉള്ള ഒരെണ്ണവും ഉണ്ടായിരുന്നു എന്നത് അവര്‍ക്ക് സൗകര്യപ്രദമായി.
ഈ അഞ്ചു പേരെയും വെറുതെ അങ്ങനെ തിരഞ്ഞുപിടിച്ചതല്ല. കഴിഞ്ഞ കുറേ മാസങ്ങളായി അവര്‍ക്കെതിരേ മാധ്യമങ്ങള്‍ നിരന്തരമായ ഒരു പ്രചാരവേല നടത്തുന്നുണ്ടായിരുന്നു. അറസ്റ്റിനു ശേഷവും ഇതേ പ്രക്രിയ തുടര്‍ന്നു. അവരെ മാവോവാദി ഗൂഢാലോചനയുടെ ഭാഗമാക്കാനുള്ള പോലിസിന്റെ ശ്രമങ്ങള്‍ക്ക് വളരെ ഉല്‍സാഹപൂര്‍വമാണ് ടെലിവിഷന്‍ മാധ്യമങ്ങള്‍ പിന്തുണ നല്‍കിയത്.
അവരുടെ വലിയ ഇരകളില്‍ ഒന്ന് ഗൗതം നവ്‌ലാഖ ആയിരുന്നു. അദ്ദേഹത്തെ അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് അതിനു പിന്നിലുള്ള കാരണം വ്യക്തമാവും. അദ്ദേഹം ഒരിക്കലും തന്റെ നിലപാടുകളും വിശ്വാസങ്ങളും മറച്ചുപിടിക്കുന്നയാളല്ല. വസ്തുതകള്‍ വസ്തുതകളായി അവതരിപ്പിക്കാനും കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനും ഒരിക്കലും മടിക്കാത്ത ഒരാള്‍. അത് കശ്മീര്‍ പ്രശ്‌നമായാലും ബസ്തറിലെ ആദിവാസി പ്രശ്‌നമായാലും അങ്ങനെത്തന്നെ. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇത്തരം വിഷയങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരമായി എഴുതുന്നു. അതിനാല്‍, പഴയ ആര്‍ക്കൈവ്‌സുകളില്‍ നിന്നു ചിത്രങ്ങള്‍ സംഘടിപ്പിച്ച് സര്‍ക്കാര്‍വിരുദ്ധ ഗൂഢാലോചനയുടെ ഒരു കഥ കെട്ടിയുണ്ടാക്കാന്‍ അവര്‍ ഉല്‍സാഹിച്ചു.
അദ്ദേഹത്തിന്റെ അറസ്റ്റിനു പിറ്റേന്ന് ഒരാള്‍ തമാശയായെങ്കിലും ഒരു കാര്യം പറഞ്ഞു: ”ഗൗതം നവ്‌ലാഖ ഒരു ഗൂഢാലോചനയ്ക്കും പറ്റിയ ആളല്ല. കാരണം, അദ്ദേഹം എവിടെയും എപ്പോഴും കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയും. അങ്ങനെയുള്ള ഒരാള്‍ ഒരു ഗൂഢാലോചനാ പരിപാടിക്ക് പറ്റിയ ആളല്ല!” അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയും. സ്വതന്ത്രവും നിഷ്പക്ഷവുമായ സമീപനം; നീതിയോടുള്ള അടങ്ങാത്ത ആഭിമുഖ്യം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അദ്ദേഹം എഴുതിയ കാര്യങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഈ രണ്ടു സംഗതികളും കൃത്യമായി ബോധ്യപ്പെടും. ഇകണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ അദ്ദേഹം ഇത്തരം വിഷയങ്ങളെക്കുറിച്ചു നിരന്തരമായി എഴുതുകയുണ്ടായി. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സൈനികവല്‍ക്കരണവുമൊക്കെ അദ്ദേഹം വിഷയമാക്കി. രാജ്യത്തെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ കശ്മീരിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുന്നതിന് എത്രയോ മുമ്പുതന്നെ അദ്ദേഹം അവിടെ സഞ്ചരിച്ച് തന്റെ അവലോകനങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരുന്നു. സൈനിക ഇടപെടലിന്റെ സ്വഭാവവും അതിന്റെ പ്രത്യാഘാതങ്ങളും അദ്ദേഹം സൂക്ഷ്മമായ പഠനത്തിനു വിധേയമാക്കി.
മധ്യഇന്ത്യയിലെ മാവോവാദ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹം വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വീഡിഷ് എഴുത്തുകാരനായ ജാന്‍ മിര്‍ഡാലുമായി ചേര്‍ന്ന് 2010ല്‍ നടത്തിയ ബസ്തര്‍ യാത്രയുടെ ഭാഗമായ പഠനങ്ങളാണ് ‘പ്രക്ഷോഭത്തിന്റെ ഹൃദയഭൂമിയിലെ ദിനരാത്രങ്ങള്‍’ എന്ന പുസ്തകം. അദ്ദേഹം ജനപക്ഷത്തുനിന്നുള്ള ഒരു നിരീക്ഷകനെപ്പോലെയാണ് അതില്‍ പ്രത്യക്ഷപ്പെടുന്നത്. അപ്പോള്‍ ‘സഖാവ് ഗൗതംജി’യെ ഇപ്പോഴത്തെ ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്തുന്നതു വഴി എന്താണ് പോലിസ് ഉന്നംവയ്ക്കുന്നത്!
‘അര്‍ബന്‍ നക്‌സലു’കളുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള പോലിസ് കഥകള്‍ പൊതുസമൂഹം പുച്ഛിച്ചുതള്ളിയെങ്കിലും ‘തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം’ സംബന്ധിച്ച പ്രചാരവേല ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. നവ്‌ലാഖയുടെ കൃതികളിലൂടെ ഇത്തരത്തിലുള്ള ഗൂഢാലോചനയില്‍ മാവോവാദികളെയും കശ്മീരിലെ പ്രക്ഷോഭകാരികളെയും ഒരേ ചരടില്‍ കോര്‍ത്തെടുക്കാനുള്ള സാധ്യതയും അവര്‍ കാണുന്നുണ്ട്.
ഈ അറസ്റ്റും സംഭവവികാസങ്ങളും തമാശയായി തള്ളിക്കളയാമായിരുന്നു. പക്ഷേ, അറസ്റ്റ് ഉണ്ടായത് യുഎപിഎ വകുപ്പുകള്‍ ഉപയോഗിച്ചാണ്. ഭീകരപ്രവൃത്തികള്‍, ഭീകരപ്രവൃത്തിക്ക് പണം കണ്ടെത്തല്‍, ഭീകരപ്രവര്‍ത്തനത്തിന് ആളെ കൂട്ടല്‍, ഭീകരസംഘത്തില്‍ അംഗമാകല്‍ തുടങ്ങിയ വകുപ്പുകളാണ് കേസുകളില്‍ ചാര്‍ത്തിയിരിക്കുന്നത്. യുഎപിഎ പ്രയോഗിക്കുന്നതു വഴി ജാമ്യം നേടല്‍ പോലും അസാധ്യമായിത്തീരും. അതുതന്നെയാണ് ഈ പോലിസ് നടപടികളെ ഗുരുതരമായ പ്രശ്‌നമാക്കി മാറ്റുന്നതും. ദീര്‍ഘകാലത്തെ ജയില്‍വാസവും തടവറയില്‍ കിടന്നുകൊണ്ടുള്ള വിചാരണയും എന്നതാണ് ഈ വകുപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണി. ി

(കടപ്പാട്: ദ ഹിന്ദു, സപ്തംബര്‍ 12, 2018)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss