|    Dec 17 Sun, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രാര്‍ഥന സഫലം: അഭിരാമി മോള്‍ ഇനി അച്ഛനും അമ്മയ്ക്കും സ്വന്തം

Published : 15th October 2016 | Posted By: SMR

തൃശൂര്‍:കഴിഞ്ഞ ഡിസംബറില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ ഒന്നരവയസുകാരിയെ കണ്ടെത്തി. കുഞ്ഞിനെ തട്ടിയെടുത്ത തമിഴ് ദമ്പതികളെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി പാലച്ചനാടാര്‍ മുത്തുകുമാര്‍ (41), ഭാര്യ സരസു (40) എന്നിവരെയാണ് തൂത്തുക്കുടി തിരുച്ചെന്ദൂര്‍ ക്ഷേത്രപരിസരത്തു നിന്നു ഷാഡോ പോലിസ് പിടികൂടിയത്.ഇവര്‍ തട്ടിയെടുത്ത രണ്ടര വയസുകാരി അഭിരാമിയെ പൊലിസ് രക്ഷിതാക്കള്‍ക്കു കൈമാറി.  കുട്ടിയെ തട്ടിയെടുത്തതു വളര്‍ത്താന്‍ വേണ്ടിയായിരുന്നെന്നും ഉപദ്രവിച്ചിരുന്നില്ലെന്നും ബോധ്യപ്പെട്ടതായി കമ്മിഷണര്‍ ജെ ഹിമേന്ദ്രനാഥ് അറിയിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ നിന്ന്  ക്രിസ്മസ് ദിനത്തിലാണ് ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയത്.കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുജയും ഭര്‍ത്താവ് സുനിലും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴാണ് ഒപ്പമുണ്ടായിരുന്ന മകള്‍ അഭിരാമിയെ തമിഴ് ദമ്പതികള്‍ തന്ത്രപരമായി തട്ടിയെടുത്തത്. മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരാഴ്ചയോളം താമസിച്ചു തൊഴാനെത്തിയ സുജയും കുടുംബവും മുത്തുകുമാറിനെയും സരസുവിനെയും പരിചയപ്പെട്ടു സൗഹൃദത്തിലായിരുന്നതായി പോലിസ് പറയുന്നു. പിന്നീട് വാഹനാപകടത്തില്‍ പരുക്കേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സുഖവിവരം അന്വേഷിക്കാനെന്ന വ്യാജേന ഇരുവരും ആശുപത്രിയിലെത്തി. തുടര്‍ന്ന് കുഞ്ഞിനെ ഓമനിച്ച ശേഷം ചായ വാങ്ങി നല്‍കാനെന്നു പുറത്തേക്കു കൊണ്ടുപോയ ദമ്പതികള്‍ മുങ്ങുകയായിരുന്നു. ഇവര്‍ ക്ഷേത്രങ്ങള്‍ തോറും ഊരുചുറ്റി ജീവിക്കുന്നവരാണെന്നു ബോധ്യപ്പെട്ടതിനാല്‍ ഈ വഴിക്കായിരുന്നു അന്വേഷണം. പത്തു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലിസ് കുട്ടിയെ കണ്ടെത്തുന്നത്. പിടിയിലായ ദമ്പതികളെ റിമാന്‍ഡ് ചെയ്തു. അഭിരാമിയെ മാതാവ് സുജയ്ക്കു കൈമാറി. ഗുരുവായൂര്‍ എസിപി പി. ശിവദാസന്റെ നേതൃത്വത്തില്‍ പേരാമംഗലം സിഐ മണികണ്ഠന്‍, എസ്‌ഐ എംപി ഡേവിസ്, വി കെ അന്‍സാര്‍, എഎസ്‌ഐമാരായ എംജി സുവൃതകുമാര്‍,എന്നിവര്‍ അടങ്ങുന്നസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss