|    Nov 24 Fri, 2017 3:59 am
FLASH NEWS

പ്രാര്‍ഥന വിഫലമായി ; ഒടുവില്‍ സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

Published : 10th August 2017 | Posted By: fsq

 

പാണത്തൂര്‍: ദുരൂഹതകള്‍ നിറഞ്ഞ തിരോധാനത്തിന് പരിസമാപ്തി. ഒടുവില്‍ സനഫാത്തിമയുടെ മയ്യിത്ത് പുഴയില്‍ കണ്ടെത്തി. പാണത്തൂര്‍ ബാപ്പുങ്കയത്തെ ഓട്ടോഡ്രൈവര്‍ ഇബ്രാഹിം-ഹസീന ദമ്പതികളുടെ മകളും അങ്കണവാടി വിദ്യാര്‍ഥിനിയുമായ സനഫാത്തിമ(നാല്)യെ കഴിഞ്ഞ മൂന്നുമുതലാണ് കാണാതായത്. അങ്കണവാടിയില്‍ നിന്ന് വൈകിട്ട് 3.45ഓടെ വീട്ടിലെത്തിയ കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കുടയും ഒരു ചെരിപ്പും സമീപത്തെ ചാലിനടുത്ത് കണ്ടെത്തി. മഴ ശക്തമായതിനാല്‍ ചാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. ചാലിലുള്ള ചെറുമീനുകളെ നോക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീണതെന്നായിരുന്നു സംശയം. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ കുട്ടിയെ നാടോടി സംഘം തട്ടിക്കൊണ്ടുപോയെന്ന് വ്യാപകമായി പ്രചരിപ്പിച്ചതോടെ നാട്ടുകാരും പോലിസും ഏറെ ആശങ്കയിലായി. കുട്ടിക്കായി കഴിഞ്ഞ ആറ് ദിവസമായി പാണത്തൂര്‍ പുഴയും പരിസരവും അരിച്ചുപെറുക്കുകയായിരുന്നു. ചൊവ്വാഴ്ച ദേശീയ ദുരന്ത നിവാരണ സേനയിലെ ശാസ്ത്രജ്ഞന്മാര്‍ പരിശോധനക്കെത്തിയിരുന്നു. ഇവര്‍ക്കും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും പാണത്തൂര്‍ പുഴ മുതല്‍ ചന്ദ്രഗിരി പുഴ അഴിമുഖം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കാമെന്ന സംശയത്തില്‍ നീലേശ്വരത്തും പരിസരങ്ങളിലുമുള്ള നാടോടികളെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പാണത്തൂര്‍ പുഴയിലെ പവിത്രങ്കയത്ത് കണ്ടെത്തിയത്. ഇന്നലെ രാവിലെ നീലേശ്വരം മുതല്‍ മഞ്ചേശ്വരം വരെയുള്ള മുങ്ങല്‍ വിദഗ്ധന്മാരെ അണിനിരത്തി തിരച്ചില്‍ നടത്തിയിരുന്നു. നീലേശ്വരം തീര്‍ത്ഥങ്കരയിലെ യുവാക്കള്‍ നടത്തിയ തിരച്ചിലിലാണ് പുഴവഞ്ചിയില്‍ മയ്യിത്ത് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. 20 കേന്ദ്രങ്ങളിലാണ് ഒരേസമയം തിരച്ചില്‍ നടത്തിയത്. തീരദേശ പോലിസ്, ഫയര്‍ ഫോഴ്‌സ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. തീരദേശ പോലിസിന്റെ നീന്തല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. പിന്നീട് ഉച്ചയോടെ പാണത്തൂര്‍ പുഴയില്‍ നിന്ന് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഓവുചാലില്‍ വീണ് പുഴയില്‍ ഒലിച്ചുപോയതാണെന്നാണ് സംശയം. മയ്യിത്ത് കണ്ടെത്തിയ വിവരം അറിഞ്ഞ് മലയോരത്തെ നിരവധി പേരാണ് കുട്ടിയുടെ പാണത്തൂരിലെ വീട്ടിലെത്തിയത്. പുഴയില്‍ വെള്ളം കുറഞ്ഞതിനാലാണ് മൃതദേഹം കണ്ടെത്താനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക