|    Jan 20 Fri, 2017 11:47 pm
FLASH NEWS

പ്രായപൂര്‍ത്തിയാവാത്ത പ്രതി കോടതിയില്‍ പ്രകോപിതനായി ചില്ലുകഷണങ്ങള്‍ വിഴുങ്ങി

Published : 6th September 2016 | Posted By: SMR

കൊച്ചി: കാക്കനാട് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ പ്രതി കോടതിമുറിയില്‍ പ്രകോപിതനായി ചില്ലുകഷണങ്ങള്‍ വിഴുങ്ങിയതിനെതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം സ്വദേശിയായ കുട്ടി അഞ്ചു കേസുകളിലായാണ് കസ്റ്റഡിയിലായത്.
കഴിഞ്ഞ തവണ കേസില്‍ ഹാജരാക്കവേ തല മതിലില്‍ ഇടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതിനാല്‍ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് ഈ 17 വയസ്സുകാരനെ തൃശ്ശൂര്‍ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലയക്കാന്‍ ഉത്തരവിട്ടിരുന്നു. അവിടെ നിന്നുമാണ് കുട്ടിയെ ശനിയാഴ്ച കാക്കനാട് ബോര്‍ഡിലെത്തിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ്ടും അങ്ങോട്ടു തന്നെ പോവണമെന്നറിയിച്ചപ്പോള്‍ കോടതിമുറിയില്‍ അസഭ്യം പറയുകയും കംപ്യൂട്ടര്‍ അടിച്ചു തകര്‍ക്കുകയുമുണ്ടായി.
പിന്നീട് കോടതി വരാന്തയില്‍ വച്ച് പോക്കറ്റില്‍ സൂക്ഷിച്ച ചില്ലുകഷ്ണങ്ങള്‍ വിഴുങ്ങുകയായിരുന്നു. വായിലുണ്ടായ രണ്ടു ചില്ലുകള്‍ ഉടനെ പുറത്തേക്ക് എടുത്തെങ്കിലും വേറെയും വിഴുങ്ങിയെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ പോക്കറ്റില്‍ ചില്ലുകഷണങ്ങള്‍ എങ്ങനെ വന്നുവെന്ന വിവരം ലഭ്യമല്ല.
ജൂവനൈല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ചില അവസരങ്ങളില്‍ ദേഹപരിശോധന നടത്താറില്ല. മജിസ്‌ട്രേറ്റ് ആര്‍ സുദര്‍ശന്റെ ഉത്തരവു പ്രകാരം തൃക്കാക്കര പോലിസ് ഉടന്‍ എത്തിയെങ്കിലും ആംബുലന്‍സ് ലഭ്യമല്ലാഞ്ഞതിനാല്‍ പോലിസ് വാഹനത്തില്‍ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു.
ഉമിനീരിലൂടെ രക്തം വരുന്നതായി ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ റിപോര്‍ട്ട് ചെയ്തതിനാല്‍ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോയി. കുട്ടിയുടെ മാതാവും കോടതിയില്‍ ഹാജരായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 121 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക