|    Oct 18 Thu, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രായപൂര്‍ത്തിയായവരുടെ വിവാഹം: ആര്‍ക്കും ഇടപെടാനാവില്ല

Published : 6th February 2018 | Posted By: kasim kzm

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായവരുടെ വിവാഹത്തില്‍ മാതാപിതാക്കളടക്കം ആര്‍ക്കും ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി. രാജ്യത്തെ ദുരഭിമാനക്കൊലകള്‍ക്കു വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. രാജ്യത്ത് പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് വിവാഹിതരാവാം. അതില്‍ ഇടപെടാന്‍ മാതാപിതാക്കള്‍ക്കോ സമൂഹത്തിനോ സംഘടനകള്‍ക്കോ അധികാരമില്ല- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വടക്കേ ഇന്ത്യയില്‍ ഖാപ് പഞ്ചായത്തുകള്‍ അടക്കമുള്ള ഗ്രാമീണ സഭകള്‍ മിശ്രവിവാഹിതര്‍ക്കെതിരേ നടപടിയെടുക്കാറുണ്ട്. ഇതിനെതിരേ നിരവധി തവണ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഖാപ് പഞ്ചായത്തുകള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും വിധിച്ചിരുന്നു. എന്നാല്‍, പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഇത്തരം സമാന്തര നീതിന്യായവ്യവസ്ഥ തുടരുകയാണ്. ഇതു ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചല്ല പറയുന്നതെന്നും വിവാഹം ചെയ്യാനുള്ള രണ്ടു വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു മാത്രമാണ് പരാമര്‍ശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സുപ്രിംകോടതി വിധി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വാദം നടക്കവെ ഈ കൊലപാതകത്തെക്കുറിച്ച് അഭിഭാഷകന്‍ കോടതിയില്‍ പരാമര്‍ശിച്ചെങ്കിലും പരിഗണനാവിഷയമല്ലാത്തതിനാല്‍ കോടതി മറുപടി പറഞ്ഞില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss