|    Apr 26 Wed, 2017 1:54 am
FLASH NEWS

പ്രായത്തിനും ഓര്‍മശക്തിക്കും ആരോഗ്യത്തിനും വര്‍ക്കിച്ചേട്ടന് നൂറില്‍ 100

Published : 3rd November 2016 | Posted By: SMR

ഏരുമലി: ഈ മാസം ആറിന് കനകപ്പലം നടുവത്ര എന്‍ സി വര്‍ക്കിക്ക് 100 വയസ് തികയുന്നു. മക്കളും ചെറുമക്കളുമൊത്ത് ജന്മദിനം ആഘോഷിക്കും. ചെറുപ്പത്തില്‍ ടൈഫോയ്ഡ് പിടിപെട്ടതൊഴിച്ചാല്‍ ഇതുവരെ ഒരു രോഗവും വര്‍ക്കിയെ ആക്രമിക്കാനെത്തിയിട്ടില്ലാതിന്റെ സന്തോഷവും ചെറുതല്ല.കണ്ണടയില്ലാത്ത മുടങ്ങാതെ പത്രം വായിക്കുന്ന ശീലവും ഇന്നും തുടരുന്നു. സ്വതന്ത്രത്തിനായി രാജ്യത്ത് സമരങ്ങള്‍ നിറയുമ്പോഴായിരുന്നു വര്‍ക്കിയുടെ ബാല്യം. രാജ്യം സ്വതന്ത്ര്യമാവുമ്പോള്‍ സന്ദേശം റേഡിയോയിലൂടെ കേട്ടതിന്റെ ഓര്‍മ ഇപ്പോഴും വര്‍ക്കിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ പടിയിറങ്ങിപ്പോവുന്ന കാഴ്ച കാണുമ്പോള്‍ വര്‍ക്കിക്കു പ്രായം 31 വയസ്. ലോക മഹായുദ്ധത്തിന്റെ കെടുതിയില്‍ പട്ടിണിയും ക്ഷാമവും അലയടിക്കുന്ന കണ്ടറിഞ്ഞത് ഉള്‍പ്പെടെ ആദ്യമായി നാട്ടില്‍ വാഹനം വന്നതും ചരിത്ര സംഭവങ്ങളുമെല്ലാം ഒട്ടേറെയുണ്ട് അനുഭവങ്ങളായി വര്‍ക്കിയുടെ ഇന്നലെകളില്‍. മണ്ണില്‍ പണിയെടുത്ത് കൃഷിയിലൂടെ നേടിയ മെയ്ക്കരുത്തും മനക്കരുത്തുമാണ് വര്‍ക്കിയുടെ ആരോഗ്യത്തിന്റെ പിന്‍ബലം. നൂറു വയസ് തികയുന്ന ആറിന് മക്കളും കൊച്ചുമക്കളും പേരക്കുട്ടികളും അവരുടെ മക്കളുമെല്ലാം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അവരെയെല്ലാം ഒന്നിച്ചു കാണാന്‍ കാത്തിരിക്കുന്നു അനുഭവങ്ങളുടെ കൊടുമുടി താണ്ടിയ ഈ മുത്തച്ഛന്‍. 1916 നവംബര്‍ ആറിനാണ് വര്‍ക്കിയുടെ ജനനം. പിതാവ് പരേതനായ എന്‍ വി ചെറിയാന്‍ ചെറുവള്ളി എസ്റ്റേറ്റിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്നു. ഹാരിസണ്‍ ക്രോസ്ഫീല്‍ഡ് കമ്പനിയുടെ തോട്ടമായിരുന്നു അന്ന് എസ്‌റ്റേറ്റ്. നാലാം ക്ലാസ് മുതല്‍ കോട്ടയത്ത് താമസിച്ചാണു പഠിച്ചതെന്നു പഴയ ഓര്‍മകളില്‍ കടന്നുചെന്ന് വര്‍ക്കി പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ നാട്ടിലേക്ക് വരുന്നത് പിതാവ് ഏര്‍പ്പെടുത്തിയ സഹായിയുടെ തോളിലിരുന്നാണ്. മറ്റൊരാള്‍ പെട്ടിയുമായി ഒപ്പമുണ്ടാവും. വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കിലോമീറ്ററുകള്‍ താണ്ടുന്ന ആ യാത്രയ്ക്ക് ഒരു ദിവസത്തെ നീളമുണ്ട്. കോട്ടയം സ്വദേശി മറിയാമ്മയെ ജീവിത സഖിയാക്കി എട്ടു മക്കളുമായും കനകപ്പലത്ത് ജീവിതം തുടരുമ്പോള്‍ കൃഷിയായിരുന്നു ഉപജീവന മാര്‍ഗം. അറിയാവുന്ന എല്ലാ കൃഷികളും ചെയ്തു.ആ കൃഷിയുടെ കരുത്താണ് ഇന്നത്തെ ആരോഗ്യമെന്ന് അദ്ദേഹം പറയുന്നു. മക്കള്‍ക്കെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞെങ്കിലും ഭാര്യയുടെ വേര്‍പാട് മായാത്ത വേദനയായി നിറഞ്ഞു നില്‍ക്കുന്നു. എട്ടു മക്കളില്‍ മൂത്തയാളായ പ്രകാശിനും കുടുംബത്തിനും ഒപ്പമാണ് വര്‍ക്കിയുടെ താമസം. ആദ്യ താക്കോല്‍ ദ്വാര ശസ്ത്രക്രിയയും ഏറ്റവുമധികം മുട്ടുമാറ്റ ശസ്ത്രക്രിയയും നടത്തിയതിന്റെ ബഹുമതിയുള്ള ഡോ. പ്രസാദ് വര്‍ക്കിയുടെ മകനാണ്. ലീലാമ്മ, ജോര്‍ജ് വര്‍ഗീസ്, സുസന്‍, പുന്നൂസ്, നൈനാന്‍, മെര്‍ലിന്‍ എന്നിവരാണ് മറ്റുമക്കള്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day