|    Dec 11 Tue, 2018 3:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രായം 51 ഉണ്ടെന്ന ബോര്‍ഡുമായി എത്തിയ ആന്ധ്രക്കാരിയെ തടഞ്ഞു

Published : 3rd December 2018 | Posted By: kasim kzm

എരുമേലി: ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നും പ്രായം 51 കഴിഞ്ഞെന്നും എഴുതിയ ബോര്‍ഡ് കഴുത്തിലണിഞ്ഞെത്തിയ ആന്ധ്ര സ്വദേശിനിയെ എരുമേലിയില്‍ തടഞ്ഞു. തിരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇവര്‍ കാട്ടിയതോടെ പ്രായം പരിശോധിച്ചറിഞ്ഞ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ഇവരെ പോവാന്‍ അനുവദിച്ചു.
കഴുത്തില്‍ അണിഞ്ഞ ബോര്‍ഡ് പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഊരിമാറ്റിയ ശേഷമാണ് ശബരിമലയ്ക്കു പോവാന്‍ അനുവദിച്ചത്. ഇന്നലെ വൈകീട്ട് വലിയമ്പല നടപ്പന്തലിലാണ് സംഭവം. ആന്ധ്ര സ്വദേശിനി രമണി (51) ആണ് 16 അംഗ സംഘത്തിനൊപ്പം ടെംപോ ട്രാവലര്‍ വാനില്‍ ശബരിമല യാത്രയ്ക്ക് എരുമേലിയില്‍ എത്തിയത്. യുവതീപ്രവേശനവിലക്കും ഇതിനെതിരേ സുപ്രിംകോടതി വിധിയുണ്ടായതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും യാത്രാമധ്യേ പോലിസ് മുഖേനെ അറിഞ്ഞ ഇവര്‍ വഴിയില്‍ തടയുമെന്നു ഭയന്നാണ് ആന്ധ്രയിലെ പോലിസ് നിര്‍ദേശിച്ചതനുസരിച്ച് പ്രായം 51 കഴിഞ്ഞെന്ന ബോര്‍ഡ് കഴുത്തിലണിഞ്ഞതെന്ന് പറഞ്ഞു. എന്നാല്‍ കാഴ്ചയില്‍ 40 വയസ്സ് പ്രായം തോന്നിച്ചതാണു സംശയത്തിനിടയാക്കിയതെന്നും തിരിച്ചറിയല്‍ കാര്‍ഡില്‍ 50 വയസ്സ് കഴിഞ്ഞ് ഏഴ് മാസമായെന്നാണ് ജനന തിയ്യതി പ്രകാരമുള്ളതെന്നും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
എങ്കിലും 50 വയസ്സ് കഴിഞ്ഞ സ്ഥിതിക്ക് ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നെന്നും ബോര്‍ഡ് അണിഞ്ഞത് ആചാരത്തെ അവഹേളിക്കല്‍ ആണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ബോര്‍ഡ് മാറ്റിയ ശേഷം ഇവരെ പോവാന്‍ അനുവദിക്കുയായിരുന്നു. സംഭവം അറിഞ്ഞ് വന്‍ പോലിസ്‌സംഘം നടപ്പന്തലില്‍ എത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss