|    Sep 21 Thu, 2017 5:02 am

പ്രായം തോല്‍ക്കുന്നു ഈ നടനവിസ്മയത്തിനു മുന്നില്‍!

Published : 30th May 2016 | Posted By: sdq

ramadan700

മോഹന്‍ലാലിന്റെ രാഷ്ട്രീയത്തോട് നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാം. എന്നാല്‍ തികവുറ്റ അഭിനേതാവ് എന്ന നിലയില്‍ ആ പ്രതിഭയെ ആര്‍ക്കും അവഗണിക്കാനാവില്ല. അതിലുപരി ഈ മനുഷ്യനില്‍ മറഞ്ഞുകിടക്കുന്ന സാഹിത്യകാരന്‍ അതിലേറെ ബഹുമാനം അര്‍ഹിക്കുന്നു.

സിനിമാ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് യാത്ര ചെയ്യുന്ന നടന്മാരെയേ നാം കണ്ടിട്ടുള്ളൂ. ഓരോ മണിക്കൂറിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്നവര്‍. ഇതില്‍ നിന്നു വ്യത്യസ്തരായ അപൂര്‍വം നടന്മാരേ ഉള്ളൂ. പ്രേം നസീറിനെ പോലെ, സത്യനെ പോലെ, ബഹദൂറിനെ പോലെ… ആ കാലം കഴിഞ്ഞല്ലോ.
തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഒരു വര്‍ഷം ഒന്നിലേറെ പടം ചെയ്യാറില്ല. സംവിധായകന്‍ പാക്കപ്പ് പറഞ്ഞാല്‍ പിന്നെ ഹിമാലയത്തില്‍ പോയി സന്യാസിയെ പോലെ ഏകാന്ത ധ്യാനമാണ്. മനസ്സിനെയും ശരീരത്തെയും ഊര്‍ജസ്വലമാക്കാനുള്ള വിദ്യ. ഇതുകൊണ്ടു തന്നെയാവാം ഈ പ്രായത്തിലും രജനി സൂപ്പര്‍ സ്റ്റാറായി തിളങ്ങുന്നത്. മോഹന്‍ലാല്‍ യാത്രകളിലൂടെ ഇടവേളകള്‍ ആസ്വദിക്കുന്നയാളാണ്. ദീര്‍ഘമായ യാത്രകള്‍. അവിടെ സ്റ്റാര്‍ഡമില്ലാതെ ഫാന്‍സിന്റെ ശല്യമില്ലാതെ സമാധാനമായി ഏതാനും ദിനങ്ങള്‍.
mohanlalnew1അതുപോലെ നല്ലൊരു വായനക്കാരനുമാണ് മോഹന്‍ലാല്‍. അതുകൊണ്ടൊക്കെയാകാം അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന തെളിമലയാളത്തിന്റെ സ്വച്ഛന്ദ സ്പര്‍ശം കാണുന്നത്. മിക്ക സെലിബ്രിറ്റികള്‍ക്കും ബ്ലോഗെഴുതാന്‍ കൂലിക്ക് ആളെ വച്ചിരിക്കും. എന്നാല്‍ സത്യന്‍ അന്തിക്കാട് പറഞ്ഞപോലെ മോഹന്‍ലാലും ഇന്നസെന്റുമെല്ലാം സ്വയം എഴുതാന്‍ ശേഷിയുള്ളവരാണ്. ലാലാശാന്‍, ലാലുണ്ണി, ലാലത്തോള്‍ എന്നെല്ലാം ചുവടെ കുറിച്ച് മോഹന്‍ലാല്‍ കൊച്ചു കവിതകളെഴുതാറുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുകയുണ്ടായി. ലാലിന്റെ ഉള്ളില്‍ ഒരു എഴുത്തുകാരനുള്ളതുകൊണ്ടാണ് സിനിമയിലെ നീളന്‍ ഡയലോഗുകള്‍ വേണ്ടിടത്ത് ആവശ്യത്തിന് പഞ്ച് കൊടുത്ത് പറയാനാവുന്നത്. നടിയും അവതാരകയുമായ കവിതാനായരുടെ ഈയിടെ പ്രകാശിതമായ പുസ്തകത്തിന് അവതാരിക എഴുതിയതു മോഹന്‍ലാലാണ്!
ലാല്‍ സ്വന്തം കൈപ്പടയിലെഴുതുന്ന ഓരോ ബ്ലോഗിലും ആ മനസ്സിന്റെ നന്മയുണ്ട്. ചിന്തയുടെ തീക്ഷ്ണതയുണ്ട്. ലാലിന്റെ പുതിയ ബ്ലോഗിലെ ഏതാനും വരികള്‍ നോക്കൂ.

“രാത്രി പുലരിയിലേക്ക് നടന്നടുക്കുന്ന യാമത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. നാളെ പുലര്‍ന്നാല്‍ എന്റെ പിറന്നാളാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യങ്ങളിലൊന്ന്. ഈ ഭൂമിയില്‍ പിറന്ന് വളരാനും ഈ മണ്ണില്‍ ചവുട്ടി നടക്കാനും ഇവിടെ വിരിഞ്ഞ പൂക്കളെയും പൂമ്പാറ്റകളെയും കാണാനും കഴിഞ്ഞതിന്റെ സന്തോഷം. പുഴയില്‍ കുളിക്കാനും ഉദയാസ്തമയങ്ങള്‍ അനുഭവിക്കാനും ഒരുപാട് നല്ല മനുഷ്യരുമായി ഇടപഴകാനും കലകള്‍ ആസ്വദിക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദം. ഒപ്പം ദു:ഖവുമുണ്ട്. നാളെ പുലരുമ്പോള്‍ ഈ സുന്ദരമായ ഭൂമിയില്‍ എനിക്കനുവദിച്ചതില്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞിരിക്കുന്നു. ദൂരം കുറഞ്ഞ് കുറഞ്ഞ് വരുകയാണ്.”

ലാലിന്റെ ബ്ലോഗ് ഇവിടെ വായിക്കാം
http://www.thecompleteactor.com/home.php
മേജര്‍ രവി നാക്കില്‍ വികടസരസ്വതി കളിയാടുന്നയാളാണെങ്കിലും ഈയിടെ മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞ ഒരു കാര്യം സത്യമാണ്, ലാലിനോളം മെയ്‌വഴക്കമുള്ള യുവതാരങ്ങളില്ല മോളിവുഡില്‍. നൃത്തരംഗങ്ങളിലും ആക്ഷന്‍ ചെയ്യുമ്പോഴും അത് വ്യക്തമാകും. മോഹന്‍ലാലിനോളം അനായാസമായി ആക്ഷനും ഹാസ്യവും ഒരുപോലെ ചെയ്യുന്ന ഒരു നടന്‍ മലയാളത്തിലുണ്ടോ? ലാലിന്റെ മാനറിസങ്ങള്‍ കണ്ടുനില്‍ക്കുക രസകരമാണ്. കിരീടത്തിലും രാവണപ്രഭുവിലും ഉസ്താദിലുമെല്ലാം അത് പ്രകടമാണ്. ഡയലോഗ് കീച്ചുന്നതിലും വില്ലനെ നേരിടുമ്പോള്‍ കണ്ണിറുക്കി വിരല്‍കോര്‍ത്ത് ആകാശത്തേക്കുയര്‍ത്തി പെരുവിരലിലൂന്നിയുള്ള ആ നില്‍പ് ഒന്നു കാണേണ്ടതു തന്നെ. തടി ഇത്തിരി കൂടുതലാണെങ്കിലും ഈ പ്രായത്തിലും സിക്‌സ് പായ്ക്ക് നടന്മാരെക്കാള്‍ ആരോഗ്യത്തോടെ ഷൂട്ടിങിനിടെ മല കയറാനും ഓടാനുമെല്ലാം അദ്ദേഹത്തിനാവുന്നു. Mohan lal
സകലകലാ വല്ലഭനാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരു മജീഷ്യന്‍ കൂടിയാണെന്ന് പലര്‍ക്കും അറിയില്ല. ഗുരുനാഥന്‍ സാക്ഷാല്‍ ഗോപിനാഥ് മുതുകാടാണ്. മുതുകാടിന്റെ സമ്മതത്തോടെ ലാല്‍ ഫയര്‍ എസ്‌കേപ് മാജിക് അവതരിപ്പിക്കാന്‍ തയ്യാറായതും ആ അതുല്യ നടന്റെ ജീവന്‍ അപായത്തിലാകുമോ എന്നു ഭയന്ന് വിവിധ കോണില്‍ നിന്നും സമ്മര്‍ദമുണ്ടായപ്പോള്‍ പിന്മാറിയതും വാര്‍ത്തയായിരുന്നു.
സിനിമയിലെ സീനിയര്‍ നടന്മാര്‍ ചിലപ്പോള്‍ തിരക്കഥയില്‍ ഇടപെടാറുണ്ടെന്ന് സംവിധായകര്‍ പരാതി പറയാറുണ്ട്, പടം പൊട്ടുമ്പോള്‍! എണ്ണമറ്റ സിനിമകളില്‍ അഭിനയിച്ചയാള്‍ക്ക് പുതിയ ആശയങ്ങള്‍ തോന്നുന്നതും അത് പുതിയ സംവിധായകര്‍ക്ക് ദഹിക്കാതിരിക്കുന്നതും സ്വാഭാവികം. ഈ രംഗത്ത് നടന്‍മാരായ സംവിധായകരും സംവിധായരായ നടന്മാരുമുണ്ടെന്ന് ഓര്‍ക്കുക. കുറേ പടങ്ങള്‍ക്ക് കാമറ ചലിപ്പിച്ചയാള്‍ ഒരു നാള്‍ സംവിധായകനാവുന്നതിന് നിരവധി ഉദാഹരണങ്ങള്‍ കാണാം. ഏതു രംഗത്തും പരിചയ സമ്പന്നത ബഹുമാനിക്കപ്പെടേണ്ടതാണല്ലോ. മോഹന്‍ലാലും മമ്മുട്ടിയും ദിലീപും പൃഥ്വിരാജുമെല്ലാം പലപ്പോഴും ചെറിയ ഇടപെടലുകള്‍ നടത്തിയതായി കേള്‍ക്കാറുണ്ട്. പടം പൊട്ടിയാല്‍ അതിന്റെ ക്ഷീണം നടന്മാര്‍ക്കു കൂടിയാണല്ലോ. തുടരെ തുടരെ പൊട്ടിയാല്‍ അയാളുടെ പടം ഞങ്ങള്‍ക്കു വേണ്ടെന്ന് തിയറ്ററുകാര്‍ പറയും. വിതരണക്കാരനെ കിട്ടാതാകും. ഒരു സൂപ്പര്‍ ഹിറ്റിലൂടെ ഇതെല്ലാം തകര്‍ക്കുന്ന ഹീറോകളുണ്ടെങ്കിലും രജനീകാന്ത് പടം പോലും തിയറ്ററുകള്‍ വേണ്ടെന്നു പറഞ്ഞ സംഭവങ്ങളുണ്ട്. മോഹന്‍ലാലിന്റെ അഭിപ്രായങ്ങള്‍ ഏറെ ഗുണം ചെയ്‌തെന്നു പറഞ്ഞ സംവിധായകരുണ്ട്. എന്നാല്‍ സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ലാല്‍ ഇടപെടാറില്ല, അയാള്‍ തുടക്കക്കാരനാണെങ്കിലും.
നരനിലെ മുള്ളന്‍കൊല്ലി വേലായുധന്‍, സ്ഫടികത്തിലെ ആടുതോമ, തന്മാത്രയിലെ രമേശന്‍, നാട്ടുരാജാവിലെ പുലിക്കാട്ടില്‍ ചാര്‍ലി, പ്രണയത്തിലെ മാത്യൂസ് തുടങ്ങി എത്രയെത്ര അനശ്വര കഥാപാത്രങ്ങളാണ് ലാല്‍ നമുക്ക് നല്‍കിയത്. സ്പിരിറ്റിലെ രഘുനന്ദനും ദൃശ്യത്തിലെ ജോര്‍ജൂട്ടിയുമൊക്കെ നമ്മുടെ പരിസരത്ത് എവിടെയൊക്കെയോ ഉണ്ട്.
manhil virinha pookkal1980ല്‍ പുറത്തിറങ്ങിയ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ എന്ന നടന്‍ മലയാളിയുടെ മുന്നിലെത്തുന്നത്. (കന്നി ചിത്രമായ തിരനോട്ടം പിന്നീട് 2005ലാണ് റിലീസായത്). വില്ലന്‍ റോളില്‍ തിളങ്ങിയ ആ നടന്‍ പിന്നീട് പടയോട്ടത്തിലൂടെ വില്ലനല്ലാതെയും തിളങ്ങാനാവുമെന്നു തെളിയിച്ചു. പ്രേം നസീറായിരുന്നു അതിലെ നായകനെങ്കിലും ലാല്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ശ്രീകുമാരന്‍ തമ്പിയുടെ എനിക്കും ഒരു ദിവസത്തിലൂടെ നായകനായി.
യോദ്ധായിലെ ബുദ്ധബാലനായി അഭിനയിച്ച മാസ്റ്റര്‍ സിദ്ധാര്‍ഥ നായകനാവുന്ന കാലത്തും മോഹന്‍ലാലിന്റെ നായക സിംഹാസനത്തിന് ഇളക്കംവന്നിട്ടില്ല! അതിനിടെ ഒത്തിരി ഋതുക്കള്‍ കടന്നുപോയി. നായികമാരായി വന്നവര്‍ അമ്മമാരായി. അമ്മമ്മമാരായി. അവരുടെ മക്കള്‍ ലാലിന്റെ നായികമാരായി. അപ്പോഴും മോഹന്‍ലാല്‍ കണ്ണിറുക്കിയുള്ള ഒരു ചിരിയോടെ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു, പലപല അവതാരങ്ങളിലൂടെ. സേതുമാധവനായി, മാണിക്യനായി, നരസിംഹമായി, ഒടുവില്‍ പുലി മുരുകനായി!
ഇത്രയും അനായാസമായി അഭിനയിക്കുന്ന ഒരു നടന്‍ ഇനി വന്നേക്കുമെന്നും ഉറപ്പില്ല. അഭിനയരംഗത്ത് 35 വര്‍ഷം പിന്നിട്ട് തന്റെ 56ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ ലാലേട്ടന് നൂറുനൂറു ആശംസകള്‍!

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക