|    Dec 11 Tue, 2018 10:20 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രായം കുറഞ്ഞ ഐലീഗ് മലയാളി താരമാവാന്‍ ഷബാസ് അഹമ്മദ്

Published : 15th November 2018 | Posted By: kasim kzm

ടി പി ജലാല്‍

മലപ്പുറം: കേരളത്തിലെ പ്രായം കുറഞ്ഞ ആദ്യ ഐലീഗ് താരമാവുകയാണ് ഷബാസ് അഹമ്മദ്. പുറമെ ഇന്ത്യയിലെ അഞ്ചാമത്തേയും താരമാവും ഈ 16 കാരന്‍. മലപ്പുറം അരിമ്പ്ര മൊറയൂര്‍ ബിരിയപ്പുറം ഗ്രാമത്തിലെ മൂത്തേടത്ത് ബഷീറിന്റെ മകന്‍ ഷബാസ് അഹമ്മദ് ആണ് 16ാം വയസ്സില്‍ തന്നെ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകള്‍ മല്‍സരിക്കുന്ന ഐലീഗിലേക്ക് പ്രവേശിക്കുന്നത്.
ഇന്ത്യന്‍ ആരോസ് ടീമിലേക്കാണ് താരത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ ലഭിക്കും. 2018 നവംബര്‍ 15ന് 16 വയസ്സും 10 മാസവും തികയുമ്പോഴാണ് ഷബാസിന് അവസരം നേടിയെത്തുന്നത്. 17 വയസ്സും 9മാസവും 10 ദിവസവുമുള്ളപ്പോള്‍ ഐലീഗ് കളിച്ച കെ പി രാഹുല്‍ ആണ് ഷബാസിന് തൊട്ടു പിന്നിലുള്ളത്. ഇന്ത്യന്‍ താരങ്ങളിലെ അഞ്ചാമത്തെ പ്രായം കുറഞ്ഞ താരവും ഷബാസാവും.
ഇന്ത്യന്‍ താരങ്ങളില്‍ നിന്തോയ് മിറ്റീ ആണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഐലിഗ് കളിച്ചത്. അന്ന് മിനര്‍വ പഞ്ചാബിനെതിരേ കളിക്കുമ്പോള്‍ മീറ്റിയുടെ പ്രായം 16 വയസ്സും നാലുമാസവും 22 ദിവസവുമായിരുന്നു.
സഞ്ജീവ് സ്റ്റാലിന്‍, ജിതേന്ദ്ര സിങ്, ജാക്‌സണ്‍ സിങ് എന്നിവരാണ് പിന്നീട് വരുന്നത്. ഇന്ത്യക്ക് വേണ്ടി കഴിഞ്ഞ എഎഫ്‌സി കപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ചതാണ് ഷബാസ് എന്ന ഷാനുവിന് അവസരമെത്തിയത്. മുന്‍ ഈസ്റ്റ് ബംഗാള്‍ താരവും കോച്ചുമായ ഗോവയിലെ ബിബിയാനോ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഷബാസ് ഉള്‍പെടുന്ന ഇന്ത്യന്‍ ടീം ദുബയ്, ഈജിപ്റ്റ്, ഇറാഖ്, ഇറാന്‍, സെര്‍ബിയ, താജിക്കിസ്ഥാന്‍, ജോര്‍ദ്ദാന്‍, ചൈന, ജപ്പാന്‍ രാജ്യങ്ങളുമായി മികച്ച പ്രകടനം നടത്തിയിരുന്നു. പ്രതിരോധനിരയില്‍ സീനിയര്‍ താരങ്ങളെപ്പോലും കവച്ചുവയ്ക്കുന്നതാണ് ഷാനുവിന്റെ ഇതുവരെയുള്ള പ്രകടനം.
ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദേശീയ സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നാണ് ഷബാസ് ഇന്ത്യന്‍ ടീമിലെത്തിയത്. എന്‍ പി സൗദയാണ് മാതാവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss