|    Jun 23 Fri, 2017 7:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രാഥമിക സഹകരണ ബാങ്കുകള്‍; നിയമാവലി ഹാജരാക്കണം: ഹൈക്കോടതി

Published : 24th November 2016 | Posted By: SMR

കൊച്ചി: പ്രാഥമിക സഹകരണ ബാങ്കുകളുടെ ബൈലോ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേന്ദ്ര ബാങ്കിങ് റഗുലേഷന്‍ നിയമപ്രകാരം ലൈസന്‍സുള്ള സ്ഥാപനങ്ങളെ മാത്രമേ ബാങ്ക് എന്ന നിര്‍വചനത്തില്‍പ്പെടുത്താനാവൂവെന്നും പ്രാഥമിക സഹകരണ സംഘങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കിലും ബാങ്കിങിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും കോടതിയെ ബോധിപ്പിച്ചു.
2013ലെ ബാങ്കിങ് റഗുലേഷന്‍ നിയമഭേദഗതിക്കുശേഷം പ്രാഥമിക സഹകരണ ബാങ്കുകള്‍ ലൈസന്‍സുണ്ടെങ്കില്‍ മാത്രമേ ബാങ്കുകളുടെ നിര്‍വചനത്തില്‍ വരുകയുള്ളൂവെന്നും കേന്ദ്രം ബോധിപ്പിച്ചു. പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും സാമ്പത്തിക ഇടപാടുകളെയും നിയന്ത്രിക്കുന്നത് നിയമാവലിയാണെന്നും അതിനാല്‍ ഇവ പരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് നിയമാവലിയും ലൈസന്‍സും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
അതേസമയം, നിയമാവലിയും നിക്ഷേപങ്ങളുടെ വിശദാംശങ്ങളും പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സഹകരണ ബാങ്കുകള്‍ ബോധിപ്പിച്ചു.
പൗരന്‍മാര്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് സഹകരണ സംഘങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും അതിനാല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കാത്തതു വിവേചനപരമാണെന്ന സഹകരണ ബാങ്കുകളുടെ വാദം നിലനില്‍ക്കില്ലെന്നും റിസര്‍വ് ബാങ്ക് ബോധിപ്പിച്ചു.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 2,900 കോടി രൂപയുടെ നിക്ഷേപമാണുള്ളതെന്നും റിസര്‍വ് ബാങ്ക് വിശദീകരിച്ചു. സാമ്പത്തിക നയത്തിന്റെ ഭാഗമായാണു പുതിയ തീരുമാനമെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. അസാധു നോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ അനുമതി തേടി സംസ്ഥാന പ്രാഥമിക സഹകരണ സംഘങ്ങള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജികള്‍ വീണ്ടും തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക