|    Jun 27 Tue, 2017 7:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പുതിയ സേവനങ്ങള്‍

Published : 3rd November 2016 | Posted By: SMR

ദോഹ: രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പുതിയ സേവനങ്ങള്‍ നടപ്പാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ വെളിപ്പെടുത്തി. നേത്ര രോഗ ചികില്‍സ, സെന്‍ട്രല്‍ ലബോറട്ടറി, കൗമാര ക്ലിനിക്കുകള്‍, മാതൃ ക്ലിനിക്കുകള്‍, ഹോം കെയര്‍ തുടങ്ങിയ അടിസ്ഥാന ചികിത്സാ സൗകര്യങ്ങളാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിരിക്കുന്നത്.
പ്രൈമറി ഹെല്‍ത്ത് കെയറിന്റെ സെന്‍ട്രല്‍ സോണ്‍, വെസ്റ്റേണ്‍ സോണ്‍, നോര്‍ത്ത് സോണ്‍ ഡയറക്ടര്‍മാരുമായി ഖത്തര്‍ ന്യൂസ് ഏജന്‍സി നടത്തിയ മാധ്യമ ചര്‍ച്ചയിലാണ് പുതിയ സേവനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ടായത്. പുതിയ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ നടപ്പാക്കുന്ന ആരോഗ്യ പരിചരണ സേവനങ്ങള്‍ പൊതുജനങ്ങളുടെ ആരോഗ്യ ബോധ്യം വര്‍ധിപ്പിക്കുന്നതില്‍ വളരെയധികം പങ്കുവഹിക്കുന്നതായി നോര്‍ത്ത് സോണ്‍ ഡയറക്ടര്‍ ഡോ.നദ അല്‍ഇമാദി ചൂണ്ടിക്കാട്ടി.
പ്രാഥമിക ചികില്‍സാ സേവനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി വെസ്റ്റേണ്‍ സോണില്‍ മൂന്ന് പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി വെസ്‌റ്റേണ്‍ സോണ്‍ ഡയറക്ടര്‍ ഡോ.ഹിയാം അലി അല്‍സാദ പറഞ്ഞു. റൗദ അല്‍ഖൈല്‍, ഗുവൈരിയ്യ, ലഅബീബ്, തുമാമ ആരോഗ്യ കേന്ദ്രങ്ങളില്‍ സെന്‍ട്രല്‍ ലബോറട്ടറികള്‍ അടുത്തുതന്നെ ഉദ്ഘാടനം ചെയ്യും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍(എച്ച്എംസി) ലാബുകളിലേക്ക് സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നതിനു പകരം ഇവിടെ തന്നെ പരിശോധിക്കാന്‍ ഇതോടെ സാധിക്കുമെന്നും ഡോ.ഹിയാം വ്യക്തമാക്കി.
റയ്യാന്‍, വെസ്റ്റ് ബേ, മദീന ഖലീഫ ആരോഗ്യ കേന്ദ്രങ്ങളില്‍ കൗമാര ക്ലിനിക്കുകള്‍ ആരംഭിച്ചതായി റയ്യാന്‍ ഹെല്‍ത്ത് സെന്റര്‍ ഡയറക്ടര്‍ ഡോ. ലുഅ്‌ലുഅ അല്‍മസ്‌ലമാനി ചൂണ്ടിക്കാട്ടി. കൗമാരക്കാരുടെ ആരോഗ്യ-മാനസിക മാറ്റങ്ങളെക്കുറിച്ച് കുടുംബങ്ങളെയും കൗമാരക്കാരെയും ബോധവല്‍ക്കരിക്കുകയാണ് ഇത്തരം ക്ലിനിക്കുകളിലൂടെ ഉദ്ദേശിക്കുന്നത്. റയ്യാന്‍ ആരോഗ്യ കേന്ദ്രം 1,25,000 രോഗികളെ ഉള്‍ക്കൊള്ളുന്ന രൂപത്തില്‍ വികസിപ്പിക്കാനും ലാബ് സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കാനും പദ്ധതിയുള്ളതായി ഡോ. ലുഅ്‌ലുഅ പറഞ്ഞു. വിവാഹത്തിനു മുമ്പുള്ള പരിശോധനാ സേവനം നല്‍കുന്ന സെന്‍ട്രല്‍ സോണിലെ ഏക ആരോഗ്യ കേന്ദ്രം കൂടിയാണ് റയ്യാനെന്നും ലുഅ്‌ലുഅ വ്യക്തമാക്കി.രോഗികളുടെ ഇ-ട്രാന്‍സ്ഫര്‍ സര്‍വീസിന് വക്‌റ ആരോഗ്യ കേന്ദ്രത്തില്‍ തുടക്കമിട്ടതായി ഡയറക്ടര്‍ ഡോ. മര്‍യം അല്‍ഇമാദി ചൂണ്ടിക്കാട്ടി. രോഗികളുടെ അവസ്ഥ എച്ച്എംസിക്ക് റഫര്‍ ചെയ്യുന്നതിനും വക്‌റ ഹോസ്പിറ്റലിലേക്ക് രോഗികളെ മാറ്റുന്നതിനുമായാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
പ്രമേഹം നേരത്തെ കണ്ടെത്തുന്നതിനായി സ്മാര്‍ട്ട് ക്ലിനിക്കിനും വക്‌റ കേന്ദ്രത്തില്‍ തുടക്കമിട്ടിട്ടുണ്ട്. ഇതുവരെ ആറായിരം പ്രമേഹ രോഗികളെ സ്മാര്‍ട്ട് ക്ലിനിക്കിലൂടെ കണ്ടെത്തിയതായി മര്‍യം പറഞ്ഞു. പരിശോധനാ ഫലങ്ങളില്‍ നൂറില്‍ നാല് പേര്‍ക്ക് പ്രമേഹമുള്ളതായും 34 പേര്‍ക്ക് പ്രമേഹം വരാന്‍ സാധ്യതയുള്ളതായും മനസിലാക്കുകയുണ്ടായി. വര്‍ഷത്തില്‍ 1,35,000 രോഗികളെ ഉള്‍ക്കൊള്ളുന്ന വക്‌റ ഹെല്‍ത്ത് സെന്ററില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ 46,000 രോഗികളെ സ്വീകരിച്ചതായി മര്‍യം കൂട്ടിച്ചേര്‍ത്തു. പ്രാഥമിക ആരോഗ്യ രംഗത്തെ അന്താരാഷ്ട്ര പുരസ്‌കാരമായ പേള്‍ ലവല്‍ അംഗീകാരത്തിന്റെ ഭാഗമായി കനേഡിയന്‍ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ ടീം അടുത്ത വര്‍ഷം മെയില്‍ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് സെന്‍ട്രല്‍ സോണ്‍ ഡയറക്ടര്‍ ഡോ.ഫത്ഹിയ്യ അല്‍മീര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക