|    Dec 15 Sat, 2018 5:43 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പ്രഹസനമാവുമെന്ന് ഉറപ്പിച്ച സര്‍വകക്ഷിയോഗം

Published : 16th November 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാധാരണ നിലയില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിച്ചുകൂട്ടാറുള്ളത്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള ഐക്യവും സഹകരണവുമാണ് ഇത്തരം യോഗങ്ങളുടെ അടിസ്ഥാനം. എന്നാല്‍, യാതൊരു കാരണവശാലും സമവായസാധ്യത ഇല്ലെന്നു മനസ്സിലാക്കി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചാലോ? അതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാവുമോ? ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഏറെ നാളായി തര്‍ക്കവിതര്‍ക്കം നടക്കുന്ന ശബരിമല വിഷയത്തില്‍ അത്തരത്തിലുള്ള ഒരു യോഗമാണ് ഇന്നലെ നടന്നത്. സര്‍ക്കാര്‍ സര്‍ക്കാരിന്റെ ഭാഗത്തും പ്രതിപക്ഷം പ്രതിപക്ഷത്തിന്റെ ഭാഗത്തും നിലയുറപ്പിച്ച യോഗം. രണ്ടുകൂട്ടരുടെയും നേരത്തേ വെളിപ്പെട്ട നിലപാടുകള്‍ ഒരിക്കല്‍ക്കൂടി ഔദ്യോഗികമായി ആവര്‍ത്തിക്കപ്പെട്ടു എന്നുമാത്രം. സമവായത്തിനു വേണ്ടിയുള്ള നേരിയ ശ്രമംപോലും ഇരുഭാഗത്തുനിന്നും ഉണ്ടായില്ല. ശബരിമല പുനപ്പരിശോധനാ ഹരജികള്‍ ജനുവരി 22ലേക്കു മാറ്റിവച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയത്. വാസ്തവത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അഭ്യാസം.
സര്‍വകക്ഷിയോഗം പരാജയപ്പെട്ടപ്പോള്‍ ഒരുകാര്യം ഉറപ്പായി. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ശബരിമലയിലെ മണ്ഡല-മകര തീര്‍ത്ഥാടനകാലം സംഘര്‍ഷഭരിതമാവും. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെയും വിശ്വാസികളെയും സംബന്ധിച്ച് ഇതൊരു വെല്ലുവിളി തന്നെയാണ്. സുപ്രിംകോടതി വിധിക്ക് സ്‌റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ടിവരും. നമ്മുടെ ഭരണഘടനയും സുപ്രിംകോടതിയും ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളിലാണ്. സുപ്രിംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ഭരണത്തിനു നിലനില്‍ക്കാന്‍ പ്രയാസമാവും. അതേസമയം, വിധി നടപ്പാക്കാന്‍ സാവകാശം ചോദിച്ചുകൊണ്ട് ഹരജി സമര്‍പ്പിക്കാന്‍ ഈ സര്‍ക്കാരിനു കഴിയില്ല. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് അല്‍പം കൂടിപ്പോയോ എന്നു മാത്രമേ സംശയമുള്ളൂ. സുപ്രിംകോടതി വിധി വന്ന ഉടനെ യാതൊരുവിധ ചര്‍ച്ചകള്‍ക്കും സമവായത്തിനും സര്‍ക്കാര്‍ തയ്യാറായില്ല. പുരോഗമന വീക്ഷണമുള്ള വിധി എന്ന തരത്തില്‍ അതു നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുകയാണു ചെയ്തത്.
മന്ത്രിസഭയിലോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലോ ചര്‍ച്ചകള്‍ നടത്താന്‍പോലും മുഖ്യമന്ത്രി തയ്യാറായില്ല. മന്ത്രിമാര്‍ക്കിടയിലും ഘടകകക്ഷികള്‍ക്കിടയിലും ഇക്കാര്യത്തില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. അതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു സര്‍വകക്ഷിയോഗത്തിനു മുഖ്യമന്ത്രി മുന്നോട്ടുവന്നത്. ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും രാഷ്ട്രീയം കളിക്കുകയാണെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ് കലാപം സൃഷ്ടിച്ച് മുതലെടുപ്പു നടത്താനാണ് ബിജെപി, ആര്‍എസ്എസ് നേതൃത്വം ശ്രമിക്കുന്നത്. അതിലൂടെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവേട്ട നടത്താന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. യുവതികളെ തടഞ്ഞ് അക്രമമാര്‍ഗം തന്നെ അവലംബിക്കാനാണ് ഇക്കൂട്ടരുടെ തീരുമാനം. എന്നാല്‍, വിശ്വാസം ഹനിക്കാതെ ശബരിമലയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്നത്. സമരരംഗത്തുനിന്നു പിന്‍വാങ്ങിയാല്‍ ബിജെപി മുതലെടുക്കുമോ എന്നതാണ് കോണ്‍ഗ്രസ്സിന്റെ ഭയം. സമരരംഗത്തുള്ള സാമുദായിക സംഘടനകളെ അനുനയിപ്പിച്ച് ബിജെപിയെയും ആര്‍എസ്എസിനെയും ഒറ്റപ്പെടുത്തുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയലക്ഷ്യം. പക്ഷേ, അതു നിറവേറ്റാന്‍ അവര്‍ക്കു കഴിയുന്നില്ല.
ശബരിമലയില്‍ അക്രമം അഴിച്ചുവിടുന്നതും ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കുന്നതും ബിജെപിക്കാരാണെന്ന് മാലോകരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. അതു പ്രയോജനപ്പെടുത്തി ഭൂരിപക്ഷം വരുന്ന വിശ്വാസികളെ കൈയിലെടുക്കാനും അവരുടെ പിന്തുണ നേടാനും സര്‍ക്കാരിനു കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടുകള്‍ സര്‍ക്കാരിനെ മൊത്തം പ്രതിസന്ധിയിലാക്കുകയാണെന്നു ഘടകകക്ഷികള്‍ പരാതിപ്പെടുന്നു. സ്വന്തം പാര്‍ട്ടിക്കാരായ ദേവസ്വം മന്ത്രിയുടെയും നിയമമന്ത്രിയുടെയും അഭിപ്രായങ്ങള്‍പോലും മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനിടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും മുഖ്യമന്ത്രി ഇടഞ്ഞു. സമാധാനവും ശാന്തിയും നിലനിര്‍ത്തി ശബരിമല വിഷയം പരിഹരിക്കപ്പെടണമെന്ന നിലപാടാണ് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കണമെന്നാണ് പൊതുവില്‍ ജനാഭിലാഷം. എന്നാല്‍, രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ശബരിമലയെ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളാണ് ആപല്‍ക്കരമായത്.
വരാനിരിക്കുന്ന തീര്‍ത്ഥാടനകാലത്ത് യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സര്‍ക്കാരിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടിവരും. ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ശരണംവിളികളില്‍ പിന്‍മാറാന്‍ സര്‍ക്കാരിന് ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ല. അതുകൊണ്ട് സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള പ്രായോഗികമായ മാര്‍ഗങ്ങള്‍ വിശ്വാസികളുടെ പിന്തുണയോടെ കണ്ടെത്തുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss