|    Nov 19 Mon, 2018 5:28 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പ്രസ് ക്ലബ് ആക്രമണം: കര്‍ശന നടപടി വേണം

Published : 7th May 2018 | Posted By: kasim kzm

കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മലപ്പുറം പ്രസ് ക്ലബ്ബില്‍ അതിക്രമിച്ചുകടന്ന് ഫോട്ടോഗ്രാഫറെ ആക്രമിച്ച സംഭവം അത്യന്തം ഹീനവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടുത്ത വെല്ലുവിളിയുമാണ്. ബൈക്ക് യാത്രികനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചതിന്റെ ചിത്രമെടുത്തതില്‍ പ്രകോപിതരായാണ് ചന്ദ്രിക ഫോട്ടോഗ്രാഫറെ അവര്‍ ആക്രമിച്ചത്. തങ്ങള്‍ക്കു ഹിതകരമല്ലാത്തതൊന്നും മറ്റുള്ളവര്‍ ചെയ്യരുതെന്ന ധാര്‍ഷ്ട്യവും പേശീബലംകൊണ്ട് അഭിപ്രായങ്ങളെ അടിച്ചൊതുക്കുമെന്ന ആര്‍എസ്എസിന്റെ ധിക്കാരവുമാണ് ഈ സംഭവത്തിലൂടെ പ്രകടമായത്. പ്രതിയോഗികള്‍ക്കും വിമര്‍ശകര്‍ക്കും നേരെ രാജ്യത്തുടനീളം സംഘപരിവാരം നടത്തുന്ന നഗ്‌നമായ ഫാഷിസ്റ്റ് അതിക്രമങ്ങളുടെ തുടര്‍ച്ചതന്നെയാണിതും.
ഭിന്നവീക്ഷണങ്ങളോടും എതിരഭിപ്രായങ്ങളോടും സഹിഷ്ണുത പുലര്‍ത്തുകയെന്ന ജനാധിപത്യ പാരമ്പര്യം ആര്‍എസ്എസില്‍ നിന്നോ സംഘപരിവാര പ്രഭൃതികളില്‍ നിന്നോ പ്രതീക്ഷിച്ചുകൂടാത്തതാണ്. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും തീവ്രസ്വഭാവം പുലര്‍ത്തുന്നവരാണവര്‍. മര്യാദയോ മനുഷ്യത്വമോ സംഘപരിവാരത്തിന് അന്യവുമാണ്. ബലാല്‍സംഗം പോലും രാഷ്ട്രീയ ആയുധമായി ഉപയോഗപ്പെടുത്തുന്നിടത്തോളം അധമത്വം പേറുന്ന സംസ്‌കാരത്തിന്റെ ഉടമകളാണ് ഇത്തരം വര്‍ഗീയ കോമരങ്ങളെന്നതിന് സമീപകാല ഉദാഹരണങ്ങള്‍ തന്നെ ധാരാളമാണ്.
ഇക്കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി, അവതാരകന്റെ ചോദ്യത്തോട് പ്രതികരിച്ച രീതി ഇത്തരക്കാരുടെ മനോഭാവം വ്യക്തമായി വിളിച്ചോതുന്നു. തന്റെ പ്രതികരണം ഭീഷണി തന്നെയാണെന്ന് തുറന്നുപറയുന്നതിലൂടെ തന്റെ ഉള്ളിലിരിപ്പ് അയാള്‍ മറച്ചുവയ്ക്കുന്നുപോലുമില്ല.
മന്ത്രിമാരും ജനപ്രതിനിധികളും നേതാക്കളുമടക്കം നിരവധി ബിജെപി-ആര്‍എസ്എസ് പ്രഭൃതികള്‍ വര്‍ഗീയ പരാമര്‍ശവും കൊലവിളിയും കലാപാഹ്വാനവുമൊക്കെയായി പ്രത്യക്ഷപ്പെടുന്നത് കേരളത്തില്‍ പോലും നിത്യസംഭവമാണ്. അതേ അധമസംസ്‌കാരം തന്നെയാണ് മാധ്യമപ്രവര്‍ത്തകരോടും അവര്‍ സ്വീകരിക്കുന്നത്.
മലപ്പുറത്തുണ്ടായ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കരുത്. പോലിസ് ആര്‍എസ്എസിന് സഹായകമായ നിലപാടെടുക്കുന്നുവെന്ന ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ടുതാനും. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി തങ്ങളുടെ ജോലി ചെയ്യാന്‍ അവസരമൊരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട് എന്നതും മറന്നുകൂടാ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss