|    Oct 20 Sat, 2018 8:37 pm
FLASH NEWS

പ്രസിഡന്റ് രാജിവച്ചെന്ന പ്രചാരണം ; ആയഞ്ചേരിയില്‍ സ്‌പെഷ്യല്‍ ഭരണസമിതി യോഗം ചേരുന്നു

Published : 7th June 2017 | Posted By: fsq

 

വടകര: ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എംഎം നഷീദ ടീച്ചര്‍ രാജിവെച്ചു എന്ന വാര്‍ത്ത പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ച് കൊണ്ടിരിക്കുന്ന സാഹര്യത്തില്‍ ജനങ്ങളില്‍ ആശങ്കയകറ്റാനും ഭരണ സ്തംഭനം ഒഴിവാക്കാനും സ്‌പെഷ്യല്‍ ഭരണസമിതി യോദം വിളിച്ചു ചേര്‍ക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങളുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കാലത്ത് 11 മണിക്ക് സ്‌പെഷ്യല്‍ ഭരണസമിതി യോഗം വിളിച്ച് ചേര്‍ത്തിരിക്കുകകയാണ്. മുസ്‌ലിം ലീഗിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായ് പ്രസിഡണ്ട് പാര്‍ട്ടിക്ക് രാജി നല്‍കി എന്ന വാര്‍ത്തയാണ് പ്രചരിച്ചത്. പ്രസിഡണ്ടിന്റെ വാര്‍ഡായ മംഗലാട് ഗ്രാമസഭ യോഗം നടത്താന്‍ പോലും പ്രയാസം നേരിട്ടിരുന്നു. കൂടാതെ പ്രസിഡണ്ടിനെ സ്വതന്ത്രമായ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യങ്ങളും നിലനില്‍ക്കുന്നു എന്ന വാര്‍ത്തയും പത്രങ്ങളില്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഭരണ സ്തംഭനവും ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ താളം തെറ്റുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്ത് രാജ് ആക്ടിന്റെ പിന്‍ബലത്തില്‍ കത്ത് നല്‍കിയത്. പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലീം ലീഗിലെ എംഎം നഷീദ ടീച്ചര്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ ലീഗ് നേതൃത്വം രാജി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയുടെ അടിയന്തിര പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു. വനിതകള്‍ക്ക് പാര്‍ട്ടി കമ്മിറ്റികളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതും ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ ചില നേതാക്കള്‍ അമിതമായി കൈകടത്തുന്നതുമായി ബന്ധപ്പെട്ട് ലീഗില്‍ ഉണ്ടായ ഉള്‍പ്പോരുമാണ് രാജിക്ക് കാരണമായതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഭരണതലത്തില്‍ പേരിനെങ്കിലും  വനിതാ പ്രാതിനിധ്യം ഉണ്ടെങ്കിലും സംഘടനയില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ ലീഗ് തയ്യാറായിട്ടില്ല. പാര്‍ട്ടി കമ്മിറ്റിക്കൊപ്പം വനിതാ ലീഗ് കമ്മിറ്റിയും നിര്‍ബന്ധമായും രൂപവത്കരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആയഞ്ചേരി പഞ്ചായത്തില്‍ ഇതുവരെ വനിതാ ലീഗ് കമ്മിറ്റി ഉണ്ടാക്കിയിട്ടില്ല. ഇപ്പോള്‍  വിരലിലെണ്ണാവുന്ന വനിതാ നേതാക്കളേ പഞ്ചായത്ത് മുസ്‌ലീം ലീഗിനുള്ളൂ. വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ ലീഗിലെ യാഥാസ്ഥിതിക വിഭാഗം തയ്യാറാകുന്നില്ലെന്നാണ് പരാതി. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് ലീഡേഴ്‌സ് ക്യാമ്പില്‍ പങ്കെടുക്കാനും പ്രസിഡണ്ട്് തയ്യാറായിരുന്നില്ല. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉണ്ടായത്. പാര്‍ട്ടി ഭാരവാഹികളും ജനപ്രതിനിധികളും ക്യാമ്പില്‍ പങ്കെടുക്കണം എന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നഷീദ ടീച്ചര്‍ ഇത് പാലിച്ചില്ലെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. എന്നാല്‍ വനിതകള്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കാത്തത് ഒരു സംസ്ഥാന നേതാവ് ലീഡേഴ്‌സ് ക്യാമ്പിലെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഭരണപരമായ കാര്യങ്ങള്‍ സ്വതന്ത്രമായി തീരുമാനിക്കാന്‍ കഴിയാത്തതും ലീഗിലെ ഒരു വിഭാഗത്തിന്റെ താല്‍പര്യത്തിനൊത്ത് നില്‍ക്കേണ്ടി വരുന്നതും ഭിന്നതക്ക് കാരണമായി. പ്രസിഡന്റിന്റെ വാര്‍ഡായ മംഗലാട് ഭാഗത്തും പാര്‍ട്ടിയില്‍ വിവിധ പ്രശ്‌നങ്ങളില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി നഷീദ ടീച്ചര്‍ പഞ്ചായത്ത് ഓഫിസില്‍ വരികയോ, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss