|    Jan 19 Thu, 2017 4:30 pm
FLASH NEWS

പ്രസിഡന്റ് അകത്തും പ്രസിഡന്റുമാര്‍ പുറത്തും

Published : 26th August 2016 | Posted By: SMR

slug-madhyamargamആവൂ! കേരളത്തിലെ കോണ്‍ഗ്രസ് രക്ഷപ്പെടുന്നു. പാര്‍ട്ടിക്കകത്ത് പേരിനുപോലും ഇല്ലാതിരുന്ന രാഷ്ട്രീയം തിരിച്ചുവരുന്നു. ഒപ്പം പുനസ്സംഘടനയും പിറകെ നേതൃമാറ്റവും അതിനു പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പും. ആനന്ദലബ്ധിക്ക് ഇനി എന്തു വേണം.
വാസ്തവത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും മാണിയുടെ ഒഴിഞ്ഞുപോക്കും പാര്‍ട്ടിക്ക് ഗുണമായി ഭവിച്ചു. ഭരണം ലഭിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടിയെപ്പറ്റി ചിന്തിക്കാന്‍ സമയമുണ്ടാവുമായിരുന്നില്ലല്ലോ. അഞ്ചാം മന്ത്രിയില്ലാതെ, മാണിയുടെയും കോണിയുടെയും ഒത്താശയില്ലാതെ നില്‍ക്കാനുള്ള അവസരമാണ് വീണുകിട്ടിയത്.
ഇതിനെല്ലാം ഒരാളോടാണ് പാര്‍ട്ടിയും കേരളവും കടപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ്സുകാരുടെ ഇപ്പോഴത്തെ വിസിറ്റിങ് പ്രഫസറായി മാറിയ സാക്ഷാല്‍ എ കെ ആന്റണിയോട്. കൊല്ലത്തില്‍ നാലു തവണയേ അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ വരാറുള്ളു. വന്നാല്‍ അതൊരു വരവുതന്നെയായിരിക്കും. സംശയമുള്ളവര്‍ക്ക് അദ്ദേഹം വന്നതിന്റെ പിറ്റേ ദിവസങ്ങളിലെ പത്രങ്ങള്‍ എടുത്തുനോക്കിയാല്‍ മതി. കേരളത്തിലെത്തി ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്നു പ്രഖ്യാപിച്ച് ഡല്‍ഹിയിലേക്കു മടങ്ങി. ഭരണത്തുടര്‍ച്ച ഉണ്ടായി; ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാണെന്നു മാത്രം.
പതിവുപോലെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി നാടകം അരങ്ങേറി. ആ പൊട്ടിത്തെറി വെറും തെറിയാക്കി മാറ്റാന്‍ രാവും പകലും അധ്വാനിച്ചത് ആന്റണി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന പ്രശ്‌നം പൊളിറ്റിക്‌സ് ഇല്ലാത്തതാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തി. രണ്ടു പ്രാവശ്യം കേരളത്തിലെത്തി പൊളിറ്റിക്‌സ് കുത്തിവയ്ക്കാന്‍ അദ്ദേഹം ശ്രമിക്കാതിരുന്നില്ല. ഇവിടെയാണെങ്കില്‍ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഊണും ഉറക്കവുമില്ലാത്ത പ്രവര്‍ത്തനമാണ്. മാധ്യമങ്ങളിലൂടെ നേതാക്കള്‍ ഏറെ ചളിവാരിയെറിഞ്ഞു. ചരല്‍ക്കുന്നില്‍ പൊളിച്ചെഴുത്തും നടത്തി.
അതിനിടയിലാണ് പ്രശ്‌നപരിഹാരത്തിനായി ഹൈക്കമാന്‍ഡ് മുമ്പാകെ രാഷ്ട്രീയം പ്രധാന പ്രശ്‌നമായി പൊന്തിവന്നത്. അതിനൊരു സമിതി അത്യാവശ്യമാണെന്ന് ഹൈക്കമാന്‍ഡ് കണ്ടെത്തി. സമിതിയിലേക്ക് ആളെ നിയമിക്കാന്‍ രണ്ട് ഗ്രൂപ്പുകാരോടും പേരും വീട്ടുപേരും ആവശ്യപ്പെട്ടു. രണ്ടല്ല അതില്‍ കൂടുതലും ഗ്രൂപ്പുനേതാക്കളും ഗ്രൂപ്പില്ലാത്ത നേതാക്കളും ഹൈക്കമാന്‍ഡിന്റെ മുമ്പിലെത്തിയത്രേ! അങ്ങനെയാണ് സമിതിക്കൊപ്പം പുനസ്സംഘടനാ ഫോര്‍മുലയും ഉരുത്തിരിഞ്ഞുവന്നത്.
കെപിസിസി പ്രസിഡന്റിനെ ഹൈക്കമാന്‍ഡിന് നല്ലതുപോലെ അറിയാം. സ്പീക്കറായതും മന്ത്രിയായതും എംപിയായതും മാത്രമല്ല, എഐസിസിയില്‍ നിന്ന് മുമ്പ് സ്വന്തം ചികില്‍സാസഹായം വാങ്ങിയ പരിചയവുമുണ്ട്. ആ തുക പാവങ്ങളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ നാണയത്തുട്ടുകളായതിനാലാണ് അദ്ദേഹം അത് സ്വീകരിച്ചത്. സംസ്ഥാനത്തെ ഒറ്റ ഡിസിസി പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡിന് പരിചയമില്ല. നേരിട്ടറിയാവുന്ന കെപിസിസി പ്രസിഡന്റിനെ അകത്തുനിര്‍ത്തി നേരിട്ടറിയാത്ത ഡിസിസി പ്രസിഡന്റുമാരെ പുറത്താക്കാനുള്ള കര്‍മപദ്ധതിയാണ് ഹൈക്കമാന്‍ഡ് ആവിഷ്‌കരിച്ചത്.
ഹൈക്കമാന്‍ഡ് ഫോര്‍മുലയിലെ പ്രമുഖ ഐറ്റം സംഘടനാ തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയായതിനാല്‍ ഒരു സംസ്ഥാനത്ത് മാത്രം തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍വാഹമില്ല. എഐസിസിയില്‍ ആണെങ്കില്‍ തിരഞ്ഞെടുപ്പുകാലം മറന്നു. കേരളത്തിലാണെങ്കില്‍ എ കെ ആന്റണിയും വയലാര്‍ജിയും തമ്മിലുള്ള മല്‍സരത്തിനു ശേഷം പിന്നെയൊരു മല്‍സരം നടന്നിട്ടില്ല. ഇനിയും കേരളത്തില്‍ സംഘടനാ തിരഞ്ഞെടുപ്പു നടന്നാല്‍ അന്നത്തെ തിരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ വീണ്ടും ഓര്‍ക്കുമോ എന്ന പേടി ആന്റണിക്ക് ഉണ്ടാവാനും സാധ്യതയുണ്ട്. മാത്രമല്ല, കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി കുപ്പായം തുന്നിച്ചു എന്നതാണ് പുതിയ വാര്‍ത്ത. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ചാണ്ടി വഹിക്കാത്ത ഏക പദവിയും ഇതാണത്രെ.
സംഘടനാ തിരഞ്ഞെടുപ്പ് എങ്ങാനും നടന്നാല്‍ ക്രമസമാധാനം പരിപാലിക്കാന്‍ സംസ്ഥാനത്തെ പോലിസ് സംവിധാനം മതിയാവുമോ എന്നതാണ് മുഖ്യപ്രശ്‌നം. കേന്ദ്രസേനയെ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത് കുറച്ചിലുമാണ്. അതുകൊണ്ട് മോദിസര്‍ക്കാര്‍ മാറുന്നതുവരെ സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാം. ഗ്രൂപ്പുകള്‍ക്കും ഗ്രൂപ്പില്ലാത്തവര്‍ക്കും ഈ ഫോര്‍മുല സ്വീകാര്യമായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക