|    Jul 18 Wed, 2018 2:52 am
FLASH NEWS

പ്രസിഡന്റ്‌സ് ട്രോഫിക്ക് ഒരു നാള്‍മാത്രം; ഒരുക്കങ്ങള്‍ ഫിനിഷിങ് പോയന്റില്‍

Published : 31st October 2016 | Posted By: SMR

കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തിന്റെ അഞ്ചാം പതിപ്പിന് തുഴയെറിയാന്‍ ഇനി ഒരുനാള്‍ മാത്രം. ഐക്യകേരളത്തിന്റെ അറുപതാം പിറന്നാള്‍ കൊല്ലത്ത് വള്ളംകളിയിലൂടെ വന്‍ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തിന്റെ സംഘാടകര്‍. അഞ്ചാമൂഴത്തില്‍ അഷ്ടമുടിയുടെ തീരത്ത് ജലോല്‍സവം ജലമാമാങ്കമാക്കുക എന്നത് തന്നെയാണ് നടത്തിപ്പുകാരുടെ ലക്ഷ്യം. ഒരു പിഴവ് പോലും സംഭവിക്കാതെ വളരെ കരുതലോടെ തന്നെ ജലോല്‍സവത്തെ വിജയതീരത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും നാട്ടുകാരും വിനോദസഞ്ചാര വകുപ്പും ഐക്യത്തോടെ കൈകോര്‍ത്ത് തന്നെയാണ് പ്രവര്‍ത്തനങ്ങള്‍. ആലപ്പുഴ പുന്നമടക്കായലിലെ നെഹ്‌റുട്രോഫി വള്ളംകളി പോലെ അഷ്ടമുടിക്കായലിലെ പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തെയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കത്ത രീതിയില്‍ ഉയര്‍ത്താനുള്ള കഠിന പരിശ്രമവും ഇതിന് പിന്നിലുണ്ട്.അതേസമയം, തുടങ്ങിയ കാലം മുതല്‍ വിവാദത്തിലായിരുന്ന വള്ളംകളിക്ക് ഇത്തവണ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള പിരിവില്ല എന്നതും പ്രത്യേകതയാണ്. പണം പിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നുവെന്നത് 2014ല്‍ ഏറെ വിവാദമായിരുന്നു.പാറമടകളില്‍ നിന്ന് റവന്യൂ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിര്‍ബന്ധിത പിരിവ് നടത്തുകയായിരുന്നു. ഇത്തരത്തിലുള്ള പിരിവ് അഴിമതിക്ക് വഴിവെയ്ക്കുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് മറികടന്നായിരുന്നു ഉദ്യോഗസ്ഥ പിരിവ്. അന്നു പിരിവ് നിഷധിച്ചെങ്കിലും ഇത്തവണ അത് സ്ഥരീകരിച്ച സംഘാടസമിതി ഇനി ഉദ്യോസ്ഥരെ ഉപയോഗിച്ച് പിരിക്കില്ലെന്നും തുടക്കത്തില്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ തവണ റദ്ദാക്കിയ വള്ളംകളി ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടു നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ 25 ലക്ഷം സാമ്പത്തിക സഹായത്തോടെയാണ് ഇത്തവണ വള്ളംകളി സംഘടിപ്പിക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ ജില്ലാഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു വള്ളംകളിയെങ്കില്‍ സംഘാടകസമിതിക്കാണ് മുഖ്യചുമതലയെന്ന മാറ്റവുമുണ്ട് ഇത്തവണ. വള്ളം കളിയിലൂടെ കൊല്ലത്തെ ലോകസമക്ഷം അവതരിപ്പിക്കാനായാല്‍ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് അത് വഴിയൊരുക്കും. അതിനുള്ള ചുവടുവയ്പായി കൂടി ഇക്കുറി ജലമേള മാറും. ഒപ്പം ദേശിംഗനാടിന്റെ ദേശീയോല്‍സമായും ഈ വള്ളംകളി അറിയപ്പെടും. അതിനുവേണ്ടി ഏക മനസോടെ തുഴയെറിഞ്ഞാണ് സംഘാടകരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.2011ലാണ് രാജ്യത്തെ പ്രഥമ പൗരന്റെ പേരിലുള്ള ഈ ജലമേള കൊല്ലത്ത് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയതലത്തിലും ഇതിന് പ്രാധാന്യവും പ്രാമുഖ്യവും ഏറെയാണ്. പ്രസിഡന്റ്‌സ് ട്രോഫിയുടെ പ്രചരണാര്‍ഥം കഴിഞ്ഞ 26 മുതല്‍ വിവിധ പരിപാടികള്‍ നടന്നുവരികയാണ്. ഇന്നലെ സാംസ്‌കാരിക സമ്മേളനവും വി ഹര്‍ഷകുമാറിന്റെ കഥാപ്രസംഗവും അരങ്ങേറി. ഇന്ന്് വൈകീട്ട് നാലിന്  ആനന്ദവല്ലീശ്വരത്തുനിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ചിന്നക്കട, ലിങ്ക് റോഡ് വഴി ജലോല്‍സവ നഗരിയിലെത്തിച്ചേരും. തുടര്‍ന്ന് മുന്‍ എംഎല്‍എ സി കെ സദാശിവന്റെ നേതൃത്വത്തില്‍ സമൂഹ വഞ്ചിപ്പാട്ട് നടക്കും. ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക കവര്‍ പ്രകാശനം ചെയ്യും.നാളെ ഉച്ചയ്ക്ക് ശേഷമാണ് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അഷ്ടമുടിക്കായലില്‍ വള്ളംകളി അരങ്ങേറുക. ഇത്തവണ 16 ചുണ്ടന്‍ വള്ളങ്ങളടക്കം 48 കളിവള്ളങ്ങളാണ് ജലോല്‍സവത്തില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ചുണ്ടന്‍, വെപ്പ് എ, ഇരുട്ടുകുത്തി എ, വെപ്പ് ബി, ഇരുട്ടുകുത്തി ബി, വനിതകള്‍ തുഴയുന്ന തെക്കനോടി, അലങ്കാര വള്ളങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ വള്ളങ്ങള്‍ കൊല്ലത്ത് എത്തിത്തുടങ്ങും. തുഴച്ചില്‍കാരുടെ കൈക്കരുത്തിന്റെ വേഗവും താളവും ഈണവും കാണാനും കേള്‍ക്കാനും അനേകായിരങ്ങള്‍ ഒഴുകിയെത്തുമെന്നുമാണ് സംഘാടകരുടെ വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss