|    Apr 22 Sun, 2018 8:20 pm
FLASH NEWS

പ്രസാദ് പദ്ധതിക്ക് തുടക്കം : സമയബന്ധിതമായി പൂര്‍ത്തിയാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published : 14th July 2017 | Posted By: fsq

 

ഗുരുവായൂര്‍: പ്രസാദ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ലെങ്കില്‍ പദ്ധതി നിര്‍വ്വഹണ കാര്യത്തില്‍ പുനര്‍ക്രമീകരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. പൊതുഖജനാവിലെ പണം തട്ടിക്കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര പദ്ധതിയായ പില്‍ഗ്രിമേജ് റീജുനുവേഷന്‍ ആന്‍ഡ് സ്പിരിച്വല്‍ ഓഗ്മമെന്റേഷന്‍ ഡ്രൈവ് അഥവാ പ്രസാദ് പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റേയും ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റേയും നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി. 46.14 കോടി രൂപയുടെ പദ്ധതികളാണ് പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.  ഇതില്‍ രണ്ടെണ്ണം നഗരസഭയും രണ്ടെണ്ണം ഗുരുവായൂര്‍ ദേവസ്വവുമാണ് നിര്‍മ്മിക്കേണ്ടത്. 23 കോടി രൂപ ചിലവിലെ ബഹുനില പാര്‍ക്കിംഗ് സൗകര്യവും 5 കോടി രൂപ ചെലവില്‍ അമ്പലത്തിനകത്തെ സുരക്ഷാ ക്രമീകരണവുമാണ് ദേവസ്വം നിര്‍വഹിക്കേണ്ടത്. എന്നാല്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച 4 യോഗങ്ങള്‍ വിളിച്ചിട്ടും ദേവസ്വത്തിന്റെ സംശയം തീര്‍ന്നിട്ടില്ല. നിധി കാക്കുന്ന ഭൂതത്തിന്റെ രീതിയിലാണ് ദേവസ്വത്തിന്റെ പ്രവര്‍ത്തനം. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച   ദേവസ്വത്തിന്റെ താല്‍പര്യം എന്ത് എന്നറിയില്ല. പദ്ധതി നടപ്പാക്കാന്‍ ദേവസ്വത്തിന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ മറ്റ് നടപടികള്‍ നോക്കും. ക്ഷമിച്ചിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. നഗരസഭയുടെ പ്രവര്‍ത്തികള്‍ 11 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് കരാറുകാരായ ഊരാളങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയോട് നിര്‍ദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഗുരുവായൂരില്‍ നിലവിലുളള സര്‍ക്കാര്‍ അതിഥി മന്ദിരം പൊളിച്ച് 8 നിലകളില്‍ പുതിയ അതിഥി മന്ദിരം പണിയുമെന്നും മന്ത്രി  അറിയിച്ചു. ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എംഎല്‍എ വിശിഷ്ടാതിഥിയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ പി വിനോദ്, നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ നിര്‍മ്മല കേരളന്‍, സുരേഷ് വാര്യര്‍, എം.രതി, ആര്‍.വി.അബ്ദുള്‍ മജീദ്, ഷൈലജ ദേവന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശിധരന്‍ മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.—കെ.ശാന്തകുമാരി സ്വാഗതവും സെക്രട്ടറി യു.ആര്‍.സതീശന്‍ നന്ദിയും പറഞ്ഞു.കിഴക്കേനടയില്‍ 11.57 കോടി രൂപ ചെലവില്‍ 3 നിലകളിലാണ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ഡസ്‌ക്, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, ട്രാവല്‍ ഡസ്‌ക്, എ.ടി.എം, ഓഡിയോ വീഡിയോ റൂമുകള്‍, ഇന്റര്‍നെറ്റ് കഫേ, ഫുഡ് കോര്‍ട്ട്, വിശ്രമ മുറികള്‍, കരകൗശല വില്‍പന കേന്ദ്രം, ക്ലോക്ക് റൂം, ചെയിഞ്ചിംഗ് റൂം, കുളിമുറികള്‍, ശൗചാലയങ്ങള്‍, വാഹനപാര്‍ക്കിംഗ് എന്നിവയാണ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഒരുക്കുക. ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി നിരീക്ഷണ സംവിധാനങ്ങളുമുണ്ടാകും.പടിഞ്ഞാറെ നടയ്‌ക്കെടുത്താണ് ടൂറിസം അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം. 3 നിലകളിലായി 3.64 കോടി രൂപ ചെലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ക്ലോക്ക് റൂം, വിശ്രമ കേന്ദ്രം, കുളിമുറികള്‍, ചെയിഞ്ചിംഗ് റൂമുകള്‍, ശൗചാലയങ്ങള്‍ എന്നിവയാണ് അമിനിറ്റി സെന്ററില്‍ ഒരുക്കുക. കണ്‍സള്‍ട്ടന്‍സി ചെലവിനത്തില്‍ 76.07 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുളളില്‍ നാല് പദ്ധതികളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss