|    Oct 22 Sun, 2017 3:04 am
Home   >  Todays Paper  >  page 7  >  

പ്രസവാനുകൂല്യ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പ്രസവാനുകൂല്യ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 11ന് ബില്ല് രാജ്യസഭ പാസാക്കിയിരുന്നെങ്കിലും ഭേദഗതികള്‍ക്കു ശേഷം വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു. ഭേദഗതി വരുത്തിയ ബില്ല് ഈ മാസം 9ന് ലോക്‌സഭ പാസാക്കിയിരുന്നു. ഗര്‍ഭം അലസിപ്പോകുന്നവര്‍ക്ക് ആറു മാസത്തെ അവധി, അനാരോഗ്യം ബാധിച്ചവര്‍ക്ക് ഒരു മാസം അവധി, പ്രസവാവധിക്കു ശമ്പളം കുറയ്ക്കാതിരിക്കല്‍ എന്നിവയാണ് ബില്ലിലെ പുതിയ വ്യവസ്ഥകള്‍. പൂര്‍ണ ശമ്പള ആനുകൂല്യങ്ങളോടെ പ്രസവ അവധി ആറു മാസമാക്കാനുള്ള നിയമ ഭേദഗതിയാണ് ബില്ലില്‍ പ്രധാനം. ഇതോടെ ശമ്പള ആനുകൂല്യങ്ങളോടെ പ്രസാവവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിക്കും. 1961ലെ പ്രസവാനുകൂല്യ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് അനുകൂലമായ നിയമം ഏര്‍പ്പെടുത്തുന്നത്. ഗര്‍ഭകാലത്തു വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന വിധത്തിലാണ് ബില്ലില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. തൊഴിലുടമയും തൊഴിലാളി യൂനിയനുകളും സര്‍ക്കാരും ചേര്‍ന്നുള്ള ത്രികക്ഷി സംവിധാനമാണ് ബില്ലിന്റെ  മറ്റൊരു പ്രധാന ആകര്‍ഷണം. ബില്ല് പാസാകുന്നതോടെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു നിയമം ബാധകമാവും. രണ്ടു കുട്ടികളെ വരെ പ്രസവിക്കുന്നവര്‍ക്കാണ്് ആറു മാസത്തെ അവധി ആനുകൂല്യം ലഭിക്കുക. രണ്ടില്‍ കൂടുതല്‍ കുട്ടികളുടെ കാര്യത്തില്‍ പ്രസവാവധി 12 ആഴ്ച തന്നെയായിരിക്കും.മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാര്‍ക്ക് 12 മാസം അവധി ലഭിക്കും.  വാടകഗര്‍ഭത്തിലൂടെ കുട്ടികളെ സ്വന്തമാക്കുന്ന അമ്മമാര്‍ക്കും 12 ആഴ്ചത്തെ അവധിയുണ്ടാകും. കുട്ടികളെ പരിചരിക്കുന്ന അമ്മമാര്‍ക്കു 26 ആഴ്ചയ്ക്കു ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകും. ജോലിയുടെ സ്വഭാവം അനുസരിച്ചായിരിക്കും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അവസരം നല്‍കുക. 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ കുട്ടികളെ പരിചരിക്കുന്നതിനുള്ള ക്രഷ് നിര്‍ബന്ധമാണ്. സ്ഥാപനത്തില്‍ ക്രഷ് ഇല്ലെങ്കില്‍ നിശ്ചിത ദൂരപരിധിയിലെങ്കിലും വേണം, മറ്റു ഇടവേളയ്ക്കു പുറമേ അമ്മമാര്‍ക്കു ദിവസം നാലു തവണ ക്രഷില്‍ സന്ദര്‍ശിക്കാം തുടങ്ങിയവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക