|    Nov 17 Sat, 2018 6:25 am
FLASH NEWS

പ്രസവത്തെതുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി

Published : 5th July 2018 | Posted By: kasim kzm

വടകര: തലശേരി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീജയുടെ ചികിത്സയിലായിരുന്ന ഒഞ്ചിയം കോടേരി മീത്തല്‍ വിനീഷിന്റെ ഭാര്യയും, മനേക്കര തിയ്യന്‍കണ്ടിയില്‍ രാജന്റെ മകളുമായ നിധിനയും കുഞ്ഞും പ്രസവസമയത്ത് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രംഗത്ത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ എടുക്കാനുമാവശ്യപ്പെട്ട് ജൂണ്‍ 16ന് നിധിനയുടെ ഭര്‍ത്താവും സഹോദരനും ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയും പരാതിയുടെ കോപ്പി ആരോഗ്യമന്ത്രിക്കും ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിനും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൂര്‍ണ്ണമായും ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിയും സംഘടനയായ കെജിഎംഒഎയും സ്വീകരിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ രൂപീകരിച്ചതായും അന്വേഷണത്തില്‍ നിധന വര്‍ഷങ്ങളായി ഗുരുതരമായ ഹൃദ്രോഗി ആയിരുന്നുവെന്ന വാദവുമായാണ് ആശുപത്രി രംഗത്തത്തെിയിരിക്കുന്നത്. ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നാണ് ആക്ഷന്‍ കമ്മിറ്റി പറയുന്നത്. ആദ്യപ്രസവത്തിലുണ്ടായ ആസ്ത്മ സംബന്ധമായ അസ്വസ്ഥതകളെക്കുറിച്ച് ചികിത്സിച്ച ഡോക്ടറോട് തുറന്നു പറയുകയും ഡോക്ടര്‍ ആ കാര്യം രേഖപ്പെടുത്തുകയും ചെയ്തതാണ്.
നിധിന ഹൃദ്രോഗത്തിന് ചികിത്സ തേടുകയോ പ്രസവ സമയം വരെ ഹൃദയസംബന്ധമായ അസുഖത്തിന് മരുന്ന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല എന്നും ഡോക്ടര്‍ പ്രീജയുടെ നിര്‍ദ്ദേശപ്രകാരം കാര്‍ഡിയോളജിസ്റ്റിനെ കാണിക്കുകയും അത്തരം കുഴപ്പങ്ങളൊന്നും ഇല്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബോധ്യമുള്ള നിധിന സിസേറിയന് ആവശ്യപ്പെടുകയും ആ സമയത്ത് ആശുപത്രി അധികൃതര്‍ അസഭ്യപ്രയോഗങ്ങള്‍ നടത്തിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
പ്രസവശേഷം ഗുരുതരാവസ്ഥയിലായ നിധിനയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഐസിയു സൗകര്യമുള്ള ആംബുലന്‍സ് വിളിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാമെന്ന് ബന്ധുക്കളുടെ ആവശ്യം നിരാകരിക്കുകയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ പ്രവേശിപ്പിച്ച രണ്ടാം ദിനമാണ് നിധിന മരണപ്പെടുന്നത്.
തങ്ങള്‍ക്കു പറ്റിയ കൈയബദ്ധം മനസിലാക്കിയ അധികൃതര്‍ നടത്തിയ ഗൂഢാലോചനയാണ് നിധിനയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്ന ബന്ധുക്കളുടെ ആവശ്യത്തെ നിരാകരിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. ആശുപത്രി സൂപ്രണ്ടിന്റെ പ്രസ്താവനയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെ അന്വേഷണവും വിശ്വാസയോഗ്യമല്ലെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡി.എം.ഒയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പിപി പവിത്രന്റെ നേതൃത്വത്തില്‍ നിധിനയുടെ ഭര്‍ത്താവ് വിനീഷ്, സഹോദരന്‍ രാജേഷ് എന്നിവര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരില്‍ കണ്ട് പരാതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss