|    May 24 Wed, 2017 8:13 am
FLASH NEWS

പ്രസവം എന്നത് ഒരു കുറ്റമല്ല

Published : 27th July 2016 | Posted By: SMR

അംബിക

എന്റെ സുഹൃത്ത് ശ്രീജ ആറങ്ങോട്ടുകര പതിറ്റാണ്ടു മുമ്പ് ലേബര്‍ റൂം എന്നൊരു നാടകം അവതരിപ്പിക്കുകയുണ്ടായി. ലേബര്‍ റൂമിലെ സ്വന്തം അനുഭവവും അവിടെ നേരിട്ട് കാണാനിടയായ മറ്റു സ്ത്രീയനുഭവങ്ങളുമാണ് അത്തരമൊരു നാടകം അവതരിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ലേബര്‍ റൂമില്‍ നടക്കുന്നതെല്ലാം പ്രസവങ്ങളാണെങ്കിലും ഓരോ സ്ത്രീയനുഭവവും തീര്‍ത്തും വ്യത്യസ്തമാണ്. ഓരോ സ്ത്രീയും പ്രതിനിധീകരിക്കുന്ന ക്ലാസും സാമൂഹികാവസ്ഥയും ലേബര്‍ റൂമില്‍ അവള്‍ക്കു ലഭിക്കുന്ന പരിഗണനയിലും പരിചരണത്തിലും പ്രതിഫലിക്കുമെന്ന് ശ്രീജ വ്യക്തമാക്കിയിരുന്നു. ശ്രദ്ധിക്കാനാരുമില്ലാതെ, തന്റെ കുഞ്ഞിന് ജന്മംകൊടുത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അനാഥയായ ഒരു സ്ത്രീയെക്കുറിച്ചുള്ള ലേബര്‍ റൂം ഓര്‍മ ഒരിക്കലും മറക്കാനാവില്ലെന്ന് ശ്രീജ പറഞ്ഞതോര്‍ക്കുന്നു.
കോഴിക്കോട്ടെ ഒരു പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവസമയമായിട്ടും ലേബര്‍ റൂമിലേക്ക് കയറാന്‍ മടിച്ച് കരഞ്ഞുകൊണ്ട് തന്റെ മാതാപിതാക്കളുടെ അടുത്തേക്കു വന്ന ഒരു പെണ്‍കുട്ടി പറഞ്ഞത് അവിടത്തെ നഴ്‌സുമാര്‍ പറയുന്ന അസഭ്യവാക്കുകളും മോശം പെരുമാറ്റവും സഹിക്കാനാവുന്നില്ലെന്നാണ്. മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കാര്യം പറഞ്ഞതിനുശേഷമാണ് ആ പെണ്‍കുട്ടി ലേബര്‍ റൂമിലേക്ക് പോവാന്‍ തയ്യാറായത്. സര്‍ക്കാര്‍ ആശുപത്രികളിലെ ലേബര്‍ റൂം എന്നും സ്ത്രീകളുടെ പേടിസ്വപ്‌നമാണ്.
ഏറ്റവും ശ്രദ്ധയും സാന്ത്വനവും പരിഗണനയും പിന്തുണയും സഹായവുമൊക്കെ ലഭിക്കേണ്ടുന്ന വളരെ നിര്‍ണായക സമയത്ത് അസഭ്യവാക്കുകളും ഭീഷണിയും പരിഹാസവും എന്തിന് അടിയും തൊഴിയും വരെ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ ലേബര്‍ റൂമുകളില്‍ നടക്കാറുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇതു പറയുമ്പോള്‍ പ്രത്യേകം പറയട്ടെ എല്ലാ ഡോക്ടര്‍മാരും നഴ്‌സുമാരും അങ്ങനെയാണെന്നല്ല ഈ പറയുന്നതിനര്‍ഥം. പക്ഷേ, ധാരാളം ദുരനുഭവങ്ങളുമായി മെഡിക്കല്‍ കോളജിന്റെയും സര്‍ക്കാര്‍ ആശുപത്രികളുടെയും ലേബര്‍ റൂമുകളില്‍ സ്ത്രീകള്‍ കഴിച്ചുകൂട്ടേണ്ടിവരുന്നുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. സ്ത്രീകള്‍ പലരും പുറത്തുപറയാറില്ലെന്നു മാത്രം. യഥാര്‍ഥത്തില്‍ പ്രാഗല്ഭ്യവും ശേഷിയുമുള്ള നല്ല നഴ്‌സുമാരും ഡോക്ടര്‍മാരും സര്‍ക്കാര്‍ ആശുപത്രികളിലാണ് ഉള്ളതെങ്കിലും പലരും സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതിന്റെ ഒരു പ്രധാന കാരണം മറ്റൊന്നുമല്ല. ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് ഇത്തരമൊരു വാര്‍ത്ത ഏറ്റവും ഒടുവിലായി പുറത്തുവന്നത്.
കഴിഞ്ഞ 15ന് പ്രസവത്തിനായി എത്തിയ സ്ത്രീക്കും അവരുടെ ഭര്‍ത്താവിനുമുണ്ടായ ദുരനുഭവമാണത്. ഈ ദമ്പതികള്‍ക്ക് ഏഴു മക്കളാണ് ഉണ്ടായിരുന്നത്. ആറു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും. പ്ലസ്ടുവിനു പഠിച്ചിരുന്ന മകന്‍ വാഹനാപകടത്തില്‍ മരിച്ചു. തുടര്‍ന്ന് വീണ്ടും ഒരാണ്‍കുട്ടിക്കായുള്ള കാത്തിരിപ്പിലായിരുന്നു ദമ്പതികള്‍. അങ്ങനെയാണ് അവര്‍ എട്ടാമത്തെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നത്. ഈ പ്രസവത്തില്‍ അവര്‍ക്ക് ആഗ്രഹിച്ചപോലെ ഒരാണ്‍കുഞ്ഞിനെ തന്നെ ലഭിച്ചു എന്നത് മറ്റൊരു കാര്യം.
ഇത് അവരുടെ എട്ടാമത്തെ പ്രസവമാണെന്ന് അറിഞ്ഞതുമുതല്‍ പ്രസവം കഴിഞ്ഞ് തിരിച്ചുപോവുന്നതുവരെ ഗൈനക്കോളജി വിഭാഗത്തിലെ നഴ്‌സുമാരും മറ്റു ജീവനക്കാരും സ്ത്രീയെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയുമായിരുന്നു.
ഗര്‍ഭപാത്രം എടുത്തുകളയുമെന്നു ഭീഷണിപ്പെടുത്തുകയും അസഭ്യമായ ഭാഷയില്‍ അവഹേളിക്കുകയും ചെയ്‌തെന്നാണ് ആശുപത്രി സൂപ്രണ്ടിന് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ചൈനയില്‍ നിലനിന്നിരുന്നതുപോലുള്ള ജനസംഖ്യാ നിയന്ത്രണത്തിനായുള്ള കര്‍ശന നിയമങ്ങളൊന്നും ഇന്ത്യയില്‍ നടപ്പാക്കിയിട്ടില്ലല്ലോ. സ്ത്രീകള്‍ക്ക് എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും പ്രസവിക്കാനും വളര്‍ത്താനുമുള്ള സ്വാതന്ത്ര്യവും അതുപോലെ തന്നെ, കുഞ്ഞുങ്ങളെ വേണ്ടെന്നുവയ്ക്കാനുള്ള സ്വാതന്ത്ര്യവും നിലവിലുണ്ടെന്ന യാഥാര്‍ഥ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഏതാനും ജീവനക്കാര്‍ക്ക് അറിയില്ലെന്നാണോ മനസ്സിലാക്കേണ്ടത്?
ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും പാവപ്പെട്ടവരും ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ലേബര്‍ റൂം ജീവനക്കാരെക്കുറിച്ച് കാലങ്ങളായി നിലനില്‍ക്കുന്ന പരാതികള്‍ക്ക് ഇനിയെങ്കിലും അറുതിവരുത്താന്‍ ആരോഗ്യവകുപ്പ് ഇടപെടേണ്ടതുണ്ട്. ലേബര്‍ റൂമുകളില്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയുമായ അന്തരീക്ഷമാണ് ഉണ്ടാവേണ്ടത്. സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതോടൊപ്പംതന്നെ അവിടത്തെ ജീവനക്കാര്‍ക്ക് ഓറിയന്റേഷന്‍ കോഴ്‌സുകള്‍ കൊടുക്കുക, വേണ്ടത്ര ജീവനക്കാരെ നിയമിച്ച് അവരുടെ ജോലിഭാരം കുറയ്ക്കുക തുടങ്ങിയ നടപടികള്‍ കൈക്കൊള്ളണം. പ്രവര്‍ത്തനത്തെക്കുറിച്ച് ശരിയായ മോണിറ്ററിങ് നടത്തണം. മാത്രമല്ല, മുകളില്‍ സൂചിപ്പിച്ചതുപോലുള്ള പരാതികളില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാനും അധികൃതര്‍ തയ്യാറാവണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day