|    Dec 14 Fri, 2018 9:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രശ്‌നമുണ്ടാക്കില്ലെന്ന് ഒപ്പിട്ടു നല്‍കി; ശശികല ശബരിമല ദര്‍ശനം നടത്തി

Published : 20th November 2018 | Posted By: kasim kzm

ശബരിമല: ജാമ്യത്തിലിറങ്ങിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ശബരിമല ദര്‍ശനം നടത്തി. പേരക്കുട്ടിയുടെ ചോറൂണിനായാണ് ശശികല മലകയറിയത്.
ഇന്നലെ രാവിലെ ഏഴിന് എരുമേലിയില്‍ നിന്നു കുടുംബാംഗങ്ങള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കെഎസ്ആര്‍ടിസി ബസ്സില്‍ പുറപ്പെട്ട് നിലയ്ക്കലിലെത്തിയ ശശികലയെ പോലിസ് തടഞ്ഞു. പ്രശ്‌നമുണ്ടാക്കില്ലെന്നും പ്രാര്‍ഥനായജ്ഞം നടത്തില്ലെന്നുമുള്ള നോട്ടീസില്‍ ഒപ്പുവയ്പിച്ച ശേഷമാണ് ഇവരെ കടത്തിവിട്ടത്. ആറുമണിക്കൂറിലധികം സന്നിധാനത്ത് തങ്ങരുതെന്നും പോലിസ് നിര്‍ദേശമുണ്ടായിരുന്നു. കുട്ടികള്‍ കൂടെയുള്ളതിനാലാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് ശശികല പറഞ്ഞു. വൃശ്ചികം 1ന് പോലിസിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ശബരിമലയിലേക്കുള്ള യാത്രാമധ്യേ മരക്കൂട്ടത്തുവച്ച് ശശികലയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വീണ്ടുമെത്തിയതോടെ നിലയ്ക്കലില്‍ വച്ച് സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര ശശികലയോട് സംസാരിച്ചു. ഏറെനേരം വാക്കുതര്‍ക്കമുണ്ടായി.
പോലിസ് നല്‍കിയ നോട്ടീസ് ഒപ്പിട്ടുനല്‍കാന്‍ ശശികല ആദ്യം തയ്യാറായില്ല. ഒപ്പിട്ടില്ലെങ്കില്‍ യാത്ര അനുവദിക്കിെല്ലന്ന് പോലിസ് നിലപാട് കടുപ്പിച്ചതോടെയാണ് ഒപ്പിടാന്‍ തയ്യാറായത്. ക്ഷേത്രസന്ദര്‍ശനത്തിനു ശേഷം ഇന്നലെ തന്നെ മടങ്ങണമെന്നും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നും പോലിസ് ശശികലയോട് വ്യക്തമാക്കി. സന്നിധാനത്ത് യോഗം ചേരുകയോ മറ്റു ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുനല്‍കണമെന്നും പോലിസ് ആവശ്യപ്പെട്ടു. നിരോധനാജ്ഞ ലംഘിക്കുന്ന ഒന്നും ഉണ്ടാവില്ലെന്നും ഇന്നലെ തന്നെ മടങ്ങിയെത്തുമെന്നും പോലിസ് എഴുതിവാങ്ങി. വിശ്വാസി എന്ന നിലയിലാണു പോവുന്നതെന്നും രാഷ്ട്രീയമായ ഉദ്ദേശ്യങ്ങളില്ലെന്നും ശശികല പോലിസിനെ അറിയിച്ചു. കേരളത്തിലെ ഹിന്ദുവിന് അമ്പലത്തില്‍ പോവണമെങ്കില്‍ എഴുതിക്കൊടുക്കണമെന്ന അവസ്ഥയാണുള്ളതെന്നും ശശികല മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച രാത്രി സന്നിധാനത്തുണ്ടായ സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് ശശികലയോട് സന്നിധാനത്ത് തങ്ങരുതെന്നു നിര്‍ദേശിച്ചതെന്നും നോട്ടീസ് നല്‍കിയതെന്നും എസ്പി യതീഷ് ചന്ദ്ര മാധ്യമങ്ങളോടു പറഞ്ഞു. ശബരിമലയില്‍ ആരെയും നിയന്ത്രിക്കാനോ തടയാനോ പോലിസ് ശ്രമിച്ചിട്ടില്ല. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുകയാണ് പോലിസ് ചെയ്യുന്നത്. എല്ലാവര്‍ക്കും നിയമപരമായ സംരക്ഷണം നല്‍കാനാണ് പോലിസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss