|    Oct 22 Mon, 2018 5:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രശ്‌നങ്ങളെ നേരിടാന്‍ മുസ്‌ലിം കൂട്ടായ്മ അനിവാര്യം: ഏക സിവില്‍കോഡ് പ്രതിഷേധ സംഗമം

Published : 1st August 2016 | Posted By: SMR

കോഴിക്കോട്: സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് ടൗണ്‍ഹാളില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഏക സിവില്‍ കോഡ് പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഭരണാധികാരികള്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെ ആശങ്കപ്പെടുത്തുന്ന ഭീഷണികള്‍ ഉയര്‍ത്തുമ്പോള്‍ കേരളത്തിലെ മുസ്‌ലിം ബഹുജന പ്രസ്ഥാന നേതാക്കളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 1980കളുടെ അവസാനം ഷാബാനു കേസിനെ തുടര്‍ന്ന് ഇന്ത്യയിലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്റ്റും മുസ്‌ലിം വ്യക്തിനിയമവും ചോദ്യം ചെയ്യപ്പെട്ടപ്പോഴും ബാബരി മസ്ജിദ് വിഷയത്തിലുമെല്ലാം പൂര്‍വ നേതാക്കള്‍ ഒന്നിച്ചിരുന്നതു പോലെ ഒരുമിച്ചിരിക്കാന്‍ തയ്യാറായ സമുദായനേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
അക്രമങ്ങളുടെയോ ഭീകരതയുടെയോ മാര്‍ഗം ഇന്ത്യന്‍ മുസ്‌ലിംകള്‍ തിരഞ്ഞെടുത്തിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ ലോകത്ത് ഏറ്റവും അശാന്തി നിറഞ്ഞ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാകുമായിരുന്നു.
ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള ലോകത്തെ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. എന്നിട്ടും ഇവിടെ അല്‍ഖാഇദയ്‌ക്കോ ഐഎസിനോ മറ്റ് വിധ്വംസക പ്രസ്ഥാനങ്ങള്‍ക്കോ വേരൂന്നാന്‍ കഴിഞ്ഞിട്ടില്ല. സൗദി അറേബ്യയേക്കാളും മറ്റ് അറബ്, ഗള്‍ഫ് രാജ്യങ്ങളേക്കാളും പാകിസ്താനേക്കാളും ഇസ്‌ലാംമത വിശ്വാസികള്‍ ഇന്ത്യയില്‍ ഉണ്ട്. 100 കോടിയില്‍പരം ബഹുവിധ മത വിശ്വാസികളോടൊപ്പം ജീവിച്ചിട്ടും ഇവിടെ പ്രശ്‌നങ്ങളില്ലാത്തത് ചോദ്യം ചെയ്യപ്പെടാനാവാത്ത അവരുടെ ദേശക്കൂറിന്റെ ലക്ഷണമാണ്.
ഏക വ്യക്തിനിയമ വാദം ഇന്ത്യന്‍ ബഹുസ്വരതയെ തകര്‍ക്കും. കോടതി വഴി സ്ഥാപിക്കപ്പെടാനാവാത്ത മാര്‍ഗ നിര്‍ദേശങ്ങളിലെ ഒരു വകുപ്പിന്റെ പേരില്‍ എല്ലാ കാലത്തും ഒരു മഹാ സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമീപനം മാറണം. അതിന് ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതിക്ക് അധികാരികള്‍ മുന്‍കൈയെടുക്കണം. മുസ്‌ലിം സംഘടനകള്‍ വിഭാഗീയതകള്‍ മറന്ന് പൊതുപ്രശ്‌നത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ ഇന്ത്യയെയും രാജ്യത്തിന്റെ അഖണ്ഡതയെയും തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തെയും സ്വത്വത്തെയും ഇല്ലാതാക്കു—മെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഫാദര്‍ ആന്റണി കൊഴുവനാല്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, പി ഉണ്ണീന്‍കുട്ടി മൗലവി, കെ പി കുഞ്ഞിക്കണ്ണന്‍, ഡോ. ഹുസൈന്‍ മടവൂര്‍, കെ ടി കുഞ്ഞിക്കണ്ണന്‍, ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, പി സുരേന്ദ്രന്‍, കെ പി രാമനുണ്ണി, ഡോ. ഫസല്‍ ഗഫൂര്‍, അബുല്‍ ഹൈര്‍ മൗലവി, എന്‍ജിനീയര്‍ പി മമ്മദ് കോയ, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കെ പി എ മജീദ്, ഡോ. മജീദ് സ്വലാഹി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss