|    Nov 18 Sun, 2018 7:23 am
FLASH NEWS

പ്രവേശനോല്‍സവ നിറവില്‍ കുട്ടികള്‍ പാഠശാലകളിലേക്ക്

Published : 1st June 2017 | Posted By: fsq

 

മലപ്പുറം: ഒട്ടേറെ വൈവിധ്യങ്ങളോടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുകയാണ്. പുത്തന്‍ ഭാവത്തില്‍ അണിഞ്ഞൊരുങ്ങിയാണ് പൊതുമേഖലാ വിദ്യാലയങ്ങള്‍ കുട്ടികളെ കാത്തിരിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളെല്ലാം സ്വകാര്യ സ്ഥാപനങ്ങളെ വെല്ലും വിധം സ്മാര്‍ട്ടായിക്കഴിഞ്ഞു. ഗുണമേന്‍മാ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാഗ്ദാനം. ഇതിനായി സ്മാര്‍ട് ക്ലാസ്മുറികളും മറ്റടിസ്ഥാന സൗകര്യങ്ങളും മുഴുവന്‍ വിദ്യാലയങ്ങളിലും ഒരുക്കി. പൊതുമേഖലാ വിദ്യാലയങ്ങളിലേക്ക് ഇത്തവണ കൂടുതല്‍ കുട്ടികളെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നുവരെ കുട്ടികള്‍ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ എത്തുന്നുണ്ട്. ആറാം പ്രവൃത്തി ദിവസത്തിനു ശേഷം മാത്രമെ കുട്ടികളുടെ വ്യക്തമായ എണ്ണം ലഭിക്കു.  പ്രവേശനോല്‍സവങ്ങളോടെ വിദ്യാലയങ്ങള്‍ കുട്ടികളെ അക്ഷരമുറ്റത്തേക്ക് എതിരേല്‍ക്കും. ജില്ലാതല പ്രവേശനോല്‍സവം എടരിക്കോട് ക്ലാരി ഗവ. യുപി സ്‌കൂളില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ വിദ്യാഭ്യാസ മന്ത്രിയും എംഎല്‍എയുമായ പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സൗജന്യ യൂനിഫോം വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ പി ഉണ്ണികൃഷ്ണനും പാഠപുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ വി സുധാകരനും നിര്‍വഹിക്കും. സ്‌കൂളുകള്‍ക്കുള്ള ഗ്രാന്റ് വിതരണം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലുവും ശാലാ സിദ്ധി രേഖാ വിതരണം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ടി കെ റഷീദലിയും ജൈവ വൈവിധ്യ പാര്‍ക്ക് ഉദ്ഘാടനം എടരിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആബിദ തൈക്കാടനും നിര്‍വഹിക്കും. സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ അതിഥികളുടെ പ്രസംഗങ്ങളിലുപരി പ്രമുഖരുമായി കുട്ടികള്‍ക്ക് സംവദിക്കനാണ് അരങ്ങൊരുക്കുക എന്ന് എസ്എസ്എ അധികൃതര്‍ അറിയിച്ചു. ഉപജില്ലാ തലങ്ങളിലും പഞ്ചായത്തുതലങ്ങളിലും സ്‌കൂള്‍ തലങ്ങളിലും ഇതോടൊപ്പം പ്രവേശനോല്‍സവം നടക്കും.അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേന്മാ വിദ്യാഭ്യാസമാണ് വിദ്യാലയങ്ങളില്‍ വിഭാവനം ചെയ്തിരിക്കുന്നത്. അവധിക്കാല അധ്യാപക പരിശീലനത്തോടെ ഇതിന് തുടക്കമിട്ടുകഴിഞ്ഞു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ എല്ലാ വിഷയങ്ങളും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പഠിപ്പിക്കുക. വിദ്യാലയങ്ങളിലെ കംപ്യൂട്ടറുകള്‍ക്കു പുറമെ അധ്യാപകര്‍ ലാപ്‌ടോപ്പുകളുമായാണ് ക്ലാസ് മുറികളിലെത്തുക. പരാതികള്‍ക്കിട നല്‍കാതെ പാഠപുസ്തകങ്ങള്‍ നേരത്തെ തന്നെ വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞു. പാഠപുസ്തകങ്ങളും യൂനിഫോമുകളും കുട്ടികള്‍ക്ക് സൗജന്യമാണ്. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈത്തറി യൂനിഫോമുകളാണ് വിദ്യാഭ്യാസ വകുപ്പ് സൗജന്യമായി നല്‍കിയത്. വിഷ രഹിത ഉച്ചഭക്ഷണം സൗജന്യമായി നല്‍കും. അധ്യാപകരും വിദ്യാലയങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണം തന്നെയാണ് കഴിക്കേണ്ടത്. പരിസരം തന്നെ പാഠപുസ്തകം എന്ന ആശയം മുന്‍നിര്‍ത്തിയാണ് പുതിയ അധ്യയന വര്‍ഷം പഠനം നടക്കുക. ഇതിനായി വിദ്യാലയങ്ങള്‍ ശിശുസൗഹൃദമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിനൊപ്പം ജൈവ വൈവിധ്യ വിദ്യാലയ പരിസരവും ഒരുക്കുന്നുണ്ട്. ജൈവ വൈവിധ്യ പാര്‍ക്കുകളാണ് ഇതിനായി രൂപകല്‍പന ചെയ്തിരിക്കുന്നത്. മിക്ക വിദ്യാലയങ്ങളിലും പാര്‍ക്ക് ഒരുക്കിക്കഴിഞ്ഞു. ഹെല്‍ത്ത് കോര്‍ണര്‍, സിസിടിവി നിരീക്ഷണ സംവിധാനം ന്നെിവയും പൊതുമേഖലാ വിദ്യാലയങ്ങളിലൊരുക്കും. കലോദ്ഗ്രഥിത പഠനത്തിനും പൊതുമേഖലാ വിദ്യാലയങ്ങള്‍ ഇനി വേദിയാവും. എല്‍പി, യുപി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സംഗീതോപകരണങ്ങളും ചിത്രരചനയ്ക്ക് ബോര്‍ഡുകളും ലഭ്യമാക്കും. ഇതിനായി കലാ-കായിക പ്രവൃത്തി പരിചയ അധ്യാപകരേയും വിദ്യാലയങ്ങളില്‍ നിയമിക്കും. ഇംഗ്ലീഷ്, മലയാളം, കണക്ക്, ശാസ്ത്രം, ഭൂമിശാസ്ത്രം ന്നെീ വിഷയങ്ങളില്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതോല്‍സവം തുടങ്ങിയ പദ്ധതികളാണ് ഇതിനായി പ്രത്യേകം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വീട്ടില്‍ മതിയായ പഠനാന്തരീക്ഷം ഇല്ലാത്ത കുട്ടികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍ എന്ന ആശയം ഇത്തവണയും കാര്യക്ഷമമായി നടപ്പാക്കും.എസ്എസ്എയുടെ ആഭിമുഖ്യത്തിലാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുന്നത്. ഇതിന് രക്ഷിതാക്കളുടേയും പൂര്‍വ്വ വിദ്യാര്‍ഥികളുടേയും പരിപൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവേശനോല്‍സവം വര്‍ണാഭമാക്കുകയാണ് പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുമേഖലാ വിദ്യാലയങ്ങള്‍. എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി ശിവദാസന്‍, പ്രോഗ്രാം ഓഫിസര്‍മാരായ കെ പി രത്‌നാകരന്‍, എന്‍ നാസര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss