|    Dec 18 Mon, 2017 8:23 pm

പ്രവേശനോല്‍സവം സംസ്ഥാനതല ഉദ്ഘാടനം പട്ടം എച്ച്എസ്എസില്‍

Published : 1st June 2016 | Posted By: SMR

തിരുവനന്തപുരം: അച്ഛനമ്മമാരുടെ കൈ പിടിച്ച് കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്. ചിണുങ്ങിയും പിണങ്ങിയും വാശിപിടിച്ചും ആദ്യമായി സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് ആനയിക്കാന്‍ വിപുലമായ തയ്യാറെടുപ്പാണ് നഗരത്തിലെ സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ണാഭമായ അന്തരീക്ഷം ഒരുക്കി കുരുന്നുകളെ ആകര്‍ഷിക്കുന്നതിനു പുറമെ ബലൂണുകളും മധുരവും നല്‍കി കൈയിലെടുക്കാനും സ്‌കൂള്‍ അധികൃതര്‍ തയ്യാറായിക്കഴിഞ്ഞു.
പല സ്‌കൂളുകളിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും പക്ഷിമൃഗാദികളുടെയും വര്‍ണചിത്രങ്ങളുമായാണ് ക്ലാസ്മുറികള്‍ നവാഗതരെ വരവേല്‍ക്കുന്നത്. ക്ലാസ്മുറികളില്‍ മാത്രമല്ല, സ്‌കൂള്‍ മതിലുകളില്‍ വരെ ചിത്രങ്ങള്‍ നിറഞ്ഞിട്ടുണ്ട്. പ്രവേശനോല്‍സവത്തിനു മുന്നോടിയായി നഗരത്തിലൂടെ വര്‍ണാഭമായ ഘോഷയാത്ര ഒരുക്കിയിട്ടുണ്ട്. ബലൂണ്‍, ബാന്‍ഡ്‌സെറ്റ്, മുത്തുക്കുട തുടങ്ങി വൈവിധ്യ കാഴ്ചകളുള്ള ഘോഷയാത്രയില്‍ 1000ഓളം കുട്ടികള്‍ പങ്കെടുക്കും. നഗരത്തിലെ സ്‌കൂളുകളിലെല്ലാം പ്രവേശനോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. രാവിലെ 9 മണിയോടെത്തന്നെ പുതിയ ബാഗും വാട്ടര്‍ ബോട്ടിലും കുടയുമായി കുരുന്നുകള്‍ സ്‌കൂള്‍മുറ്റത്ത് എത്തിച്ചേരും.
പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ണശബളമായ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശഭരണസമിതി അംഗങ്ങള്‍, വകുപ്പുദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും. ഒന്നാം ക്ലാസിലേക്ക് പുതിയ 100ഓളം കുട്ടികളാണ് ഇവിടെയെത്തുന്നത്. ഒന്നാം ക്ലാസില്‍ പ്രവേശനത്തിനെത്തുന്ന കുരുന്നുകളെ രണ്ടാം ക്ലാസുകാര്‍ സ്വീകരിച്ചിരുത്തും. കുട്ടികള്‍ക്കുള്ള യൂനിഫോമും പുസ്തകങ്ങളും വിതരണം ചെയ്യും. കുട്ടികള്‍ക്ക് മന്ത്രിമാരുമായി സംവദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
സ്‌കൂളിനു മുന്നിലുള്ള ഓഡിറ്റോറിയത്തില്‍ വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെയും സാംസ്‌കാരിക നായകന്‍മാരുടെയും ചിത്രങ്ങള്‍ വരച്ചും സ്‌കൂളും പരിസരവും തോരണങ്ങള്‍ നിറച്ചുമാണ് കോട്ടണ്‍ഹില്‍ ഗവ.എല്‍പി സ്‌കൂള്‍ നവാഗതരെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുന്നത്. മാത്രമല്ല, ഇത്തവണ ക്രിയാത്മകമായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ നിന്നു വിഭിന്നമായി ഉദ്ഘാടന പ്രസംഗത്തോടെ ഔപചാരിക ചടങ്ങുകള്‍ ഒഴിവാക്കും. തുടര്‍ന്ന് മാജിക് അക്കാദമിയിലെ പ്രീത അനന്തന്‍ ബലൂണ്‍ ആര്‍ട്ട് എന്ന പരിപാടി കുട്ടികള്‍ക്കായി അവതരിപ്പിക്കും. ബലൂണ്‍ ഉപയോഗിച്ച് വിവിധ രൂപങ്ങള്‍ ഉണ്ടാക്കുന്ന പരിപാടിയാണ് ബലൂണ്‍ ആര്‍ട്ട്. ഈ കലാരൂപം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ഇതിലൂടെയുണ്ടാക്കുന്ന കളിപ്പാട്ടങ്ങളാണ് ആദ്യപ്രവേശനത്തിനെത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കുക. മാത്രമല്ല, കാര്‍ട്ടൂണിസ്റ്റ് സുജിത്തിന്റെ നേതൃത്വത്തില്‍ വരയരങ്ങും ഉണ്ടാകും. വേദിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വരച്ച് കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയില്‍ കുട്ടികള്‍ ആവശ്യപ്പെടുന്ന ചിത്രങ്ങളും സുജിത്ത് വരക്കും. സന്നദ്ധ സംഘടനകളും വിവിധ കമ്പനികളും ബാഗ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും വിതരണം ചെയ്യും. നാലു ക്ലാസുകളിലും കൂടി ആകെ അഞ്ഞൂറോളം കുട്ടികളാണ് ഇവിടെ പുതുതായെത്തുന്നത്. ഒന്നാം ക്ലാസിലേക്ക് മാത്രം 200ഓളം കുട്ടികള്‍ ആദ്യമായെത്തുന്നുണ്ട്.
സ്‌കൂളുകളില്‍ തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും വെച്ചുപിടിച്ചാണ് ജില്ലാ പഞ്ചായത്ത് ഇത്തവണ പ്രവേശനോല്‍സവം ആഘോഷമാക്കുന്നത്. ജില്ലയിലെ ആയിരത്തോളം വരുന്ന ഗവ. എയ്ഡഡ് സ്‌കൂളുകളിലായി 10000ഓളം വൃക്ഷത്തൈകള്‍ നടാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഗ്രീന്‍ ക്ലബ്ബുകള്‍ക്കായിരിക്കും ഫലവൃക്ഷങ്ങളുടെ പരിപാലന ചുമതല. മാവ്, പ്ലാവ്, നെല്ലി, സപ്പോട്ട, പേര എന്നിവയുടെ ഗ്രാഫ്റ്റുകളാണ് വിദ്യാലയങ്ങളില്‍ നട്ടുവളര്‍ത്തുന്നത്. മഴവെള്ളം സംഭരിച്ചുനിര്‍ത്താന്‍ ഒരു ലക്ഷം മഴക്കുഴികള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന മഴത്താവളം എന്ന പദ്ധതിയുടെ തുടര്‍ച്ചയാണ് തണല്‍ പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss