|    Oct 20 Fri, 2017 12:02 am

പ്രവേശനോല്‍സവം നാളെ ; ജില്ലാതല ഉദ്ഘാടനം തിരുനെല്ലി എടയൂര്‍കുന്ന് എല്‍പി സ്‌കൂളില്‍

Published : 31st May 2017 | Posted By: fsq

 

കല്‍പ്പറ്റ: കുരുന്നുകളെ വിദ്യാലയങ്ങളിലേക്ക് വരവേല്‍ക്കാന്‍ എല്ലാ സ്‌കൂളുകളിലും നാളെ പ്രവേശനോല്‍സവം സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുനെല്ലി എടയൂര്‍കുന്ന് ഗവ. എല്‍പി സ്‌കൂളില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. എം ഐ ഷാനവാസ് എംപി, എംഎല്‍എമായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായാണ് ഇത്തവണ പ്രവേശനോല്‍സവം. മുഴുവന്‍ കുട്ടികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിക്കൊടുക്കുക എന്നതും പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതും ലക്ഷ്യമാണ്. സ്‌കൂളിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് എടയൂര്‍കുന്ന് ഗവ. എല്‍പി സ്‌കൂളിനെ ഉദ്ഘാടന കേന്ദ്രമാക്കിയതിലൂടെ ലഭിക്കുന്നത്. വിദ്യാഭ്യാസ മികവും വിദ്യാര്‍ഥികുടെ തുടര്‍ച്ചയായ വര്‍ധനവും സ്‌കൂളിലെ ശ്രദ്ധേയമാക്കിയിരുന്നു. ജില്ലാതല ഉദ്ഘാടനം വിജയിപ്പിക്കാന്‍ എടയൂര്‍കുന്നില്‍ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷനാവും. ശാലസിദ്ധി രേഖാ പ്രകാശനം സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന് പൂര്‍വവിദ്യാര്‍ഥികളില്‍ നിന്നുള്ള സംഭാവന ഏറ്റുവാങ്ങി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ എസ്എംസി ചെയര്‍മാന് കൈമാറും. ഗ്രീന്‍പ്രോട്ടോകോള്‍ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. പഠനക്കിറ്റ് എഡിഎം കെ എം രാജു വിതരണം ചെയ്യും. അധ്യയന വര്‍ഷം ഏറ്റെടുത്ത് നടപ്പാക്കുന്ന ‘മികവ്’ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് നിര്‍വഹിക്കും. വിസ്മയ ചുമര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, റീഡേഴ്‌സ് ക്ലബ്ബ് എ ദേവകി, നവീകരിച്ച പാചകപ്പുര പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, ജൈവവൈവിധ്യ പഠനോദ്യാനം ഡോ. ദിനേശന്‍ ചെറുവാട്ടൂര്‍, സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശന പ്രഖ്യാപനം ഊരുമൂപ്പന്‍ ബോളന്‍ പെരുമന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡിപിഒ ബാബുരാജ്, ടി കെ ബിനോയ്, കെ വി ത്രേസ്യാമ്മ, രാജേഷ് കൃഷ്ണന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക