|    Dec 15 Sat, 2018 5:00 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രവേശനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ്: ഡിയു യൂനിയന്‍ പ്രസിഡന്റിനെ എബിവിപി പുറത്താക്കി

Published : 16th November 2018 | Posted By: kasim kzm

ചെന്നൈ: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ എബിവിപി നേതാവിനോട് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ (ഡിയുഎസ്‌യു) പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ എബിവിപി ആവശ്യപ്പെട്ടു. ഡിയുഎസ്‌യു പ്രസിഡന്റ് അങ്കിവ് ബൈസോയയോടാണ് എബിവിപി രാജി ആവശ്യപ്പെട്ടത്. ബൈസോയയെ സംഘടനയുടെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയതായും എബിവിപി അറിയിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് അങ്കിവ് ബൈസോയ പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
എന്‍എസ്‌യുഐ(നാഷനല്‍ സ്റ്റുഡന്‍സ് യൂനിയന്‍ ഓഫ് ഇന്ത്യ)യാണ് അങ്കിവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാരോപിച്ച് രംഗത്തെത്തിയത്. വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയെന്നു കാണിച്ചാണ് അങ്കിവ് ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നത്. എബിവിപി നേതാവിന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ ശക്തമായി സംരക്ഷിച്ച എബിവിപി നേതൃത്വം അവസാനം നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയാണ് സംഘടനയില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
അങ്കിവ് വെല്ലൂരിലാണ് പഠിച്ചതെന്ന് അറിഞ്ഞപ്പോള്‍ സംശയം തോന്നുകയും സര്‍വകലാശാലയെ സമീപിക്കുകയുമായിരുന്നുവെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. തുടര്‍ന്ന് ബിരുദാനന്തര പ്രവേശനം തേടുന്നതിന് അങ്കിവ് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ തമിഴ്‌നാട് കോണ്‍ഗ്രസ് സര്‍വകലാശാലയ്ക്ക് അയച്ചു. എന്നാല്‍, ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നായിരുന്നു സര്‍വകലാശാലയില്‍നിന്നു ലഭിച്ച രേഖാമൂലമുള്ള മറുപടി.
അങ്കിവ് ബൈസോയ എന്ന പേരില്‍ ഒരു വിദ്യാര്‍ഥി വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി അശോകന്‍ മറുപടി നല്‍കിയിരുന്നു. മറ്റൊരിടത്തും ശാഖകളോ ഡല്‍ഹിയി ല്‍ ഉള്‍പ്പെടെ സ്റ്റഡിസെന്ററുകളോ ഇല്ല. സര്‍വകലാശാലയുടേതെന്ന പേരില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ്. ഞങ്ങളുടെ സര്‍വകലാശാലയിലോ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 100ഓളം കോളജുകളിലോ ഇങ്ങനെ പേരുള്ള ഒരു വിദ്യാര്‍ഥി പഠിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ചയാണ് 1,74 4 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അങ്കിവ് ഡിയുഎസ്‌യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss