|    Apr 24 Tue, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രവാസി വോട്ട്: അനന്തമായി നീട്ടാനാവില്ലെന്ന് സുപ്രിം കോടതി ; ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണം

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ നിയമഭേദഗതി സംബന്ധിച്ച തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് സുപ്രിംകോടതി. ഇക്കാര്യത്തില്‍ അടുത്ത വെള്ളിയാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിയമഭേദഗതിയാണോ അതോ ജനപ്രാതിനിധ്യനിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതിയാണോ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്ന് ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പ്രവാസി വോട്ട് സംബന്ധിച്ച ഈ ഹരജി 2014ല്‍ ഫയല്‍ ചെയ്തിട്ടുള്ളതാണെന്നു പറഞ്ഞ കോടതി, ഓരോ വര്‍ഷവും കേസ് പരിഗണിക്കുമ്പോഴും ഞങ്ങള്‍ ഭേദഗതി കൊണ്ടുവരും എന്ന് ആവര്‍ത്തിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി. 2014ലും 15ലും 16ലും സര്‍ക്കാര്‍ കോടതിയില്‍ ഇതുതന്നെയാണു പറഞ്ഞത്. ഇപ്പോള്‍ വീണ്ടും അക്കാര്യം തന്നെ ആവര്‍ത്തിക്കുകയാണ്. ഇതൊരു സര്‍ക്കാരിനു ചേര്‍ന്ന രീതിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഖെഹാര്‍ പറഞ്ഞു. ലോകത്തെമ്പാടുമായി വസിക്കുന്ന രണ്ടരക്കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-വോട്ടിങിലൂടെ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാ ന്‍ എങ്ങനെ അവസരമുണ്ടാക്കാമെന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാ ന്‍ സുപ്രിംകോടതി അവസാന അവസരമെന്ന നിലയില്‍ അടുത്ത വെള്ളിയാഴ്ചയാണ് അനുവദിച്ചിരിക്കുന്നത്. ഈയിടെ സര്‍ക്കാരിന്റെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥപദവിയില്‍ നിന്ന് രാജിവച്ച മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയാണ് സര്‍ക്കാരിനെതിരേ ഹരജിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തുകയാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. സര്‍ക്കാരിന് നിയമം ഭേദഗതി ചെയ്യണമെന്നുണ്ടെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രം മതി. ഇത് ലളിതമായ പ്രക്രിയയാണ്. രാജ്യത്തെ സൈനികര്‍ക്കും മറ്റു പ്രതിരോധമേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവാദം ന ല്‍കുന്ന സര്‍ക്കാര്‍, പ്രവാസികളോട് മാത്രം വോട്ട് ചെയ്യാന്‍ ഇന്ത്യയില്‍ വരണമെന്നാണു പറയുന്നതെന്നും രോഹത്ഗി ബെഞ്ച് മുമ്പാകെ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പ്രവാസി വോട്ട് വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഇതിനായി 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍  കേന്ദ്രസര്‍ക്കാരിന് നി ര്‍ദേശം നല്‍കിയിരുന്നു. എന്നാ ല്‍, വിഷയത്തില്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നത്. മലയാളിയായ പ്രവാസി വ്യവസായി ശംസീര്‍ വി പി, ബ്രിട്ടനിലെ പ്രവാസിയായ നാഗേന്ദര്‍ ചിന്‍ദം എന്നിവര്‍ സമര്‍പ്പിച്ച രണ്ടു പൊതു താല്‍പര്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.  വിദേശരാജ്യങ്ങളില്‍ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കുക, ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക, പ്രോക്‌സി വോട്ട് എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയിരുന്ന നിര്‍ദേശങ്ങള്‍. ഇതില്‍ പ്രോക്‌സി വോട്ട് അനുവദിക്കാമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss