|    Jan 16 Mon, 2017 8:41 pm
FLASH NEWS

പ്രവാസി വിവാഹത്തട്ടിപ്പ്: പ്രത്യേക സെല്‍ രൂപീകരിക്കാന്‍ ശുപാര്‍ശ

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവാഹത്തട്ടിപ്പുകള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും നടപടിയെടുക്കുന്നതിനും വിദേശകാര്യമന്ത്രാലയത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കാന്‍ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ.
പ്രവാസി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവാഹത്തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പാര്‍ലമെന്ററി കാര്യസമിതി ഇതുസംബന്ധിച്ച് പഠനം നടത്തി ശുപാര്‍ശ സമര്‍പിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തി വന്‍ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുകയും മുങ്ങുകയും ചെയ്യുന്നുവെന്ന പരാതിയാണ് ഇതില്‍ വ്യാപകമായത്.
മറ്റൊന്ന്, വിദേശത്ത് മറ്റൊരു വിവാഹം ചെയ്തത് മറച്ചുവച്ച് നാട്ടിലെത്തി വീണ്ടും വിവാഹം കഴിച്ച് തട്ടിപ്പ് നടത്തുന്നതാണ്. മറ്റൊന്ന് വിസ ലഭിക്കാനൊ വിദേശത്ത് എത്താനൊ വേണ്ടി പ്രവാസിയെ വിവാഹം കഴിക്കുന്നതാണ്. ഇത്തരം തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിന് നാട്ടിലെത്തി വിവാഹം കഴിക്കുന്ന പ്രവാസികള്‍ക്കായി സാമൂഹികസുരക്ഷാ നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. അതോടൊപ്പം അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ തട്ടിപ്പിനിരയാവുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുകയും വേണം.
രാജ്യത്തെ വിവാഹമെന്ന സംവിധാനത്തെ കോമാളിയാക്കുന്നതാണ് ഇത്തരം വിവാഹത്തട്ടിപ്പുകളെന്ന് രാജ്യസഭാ എംപി അവിനാഷ് ഖന്ന ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് ജോലിയുള്ള യുവാക്കളെ വിവാഹം ചെയ്യുകയും മധുവിധുവിന് ശേഷം തിരിച്ചുപോയ ഭര്‍ത്താവിനെക്കുറിച്ച് ഒരു വിവരവുമില്ലാതിരിക്കുകയും ചെയ്യുന്ന 20,000 യുവതികള്‍ ഇന്ത്യയിലുണ്ടെന്ന് അവിനാഷ് ചൂണ്ടിക്കാട്ടുന്നു.
വിദേശകാര്യമന്ത്രാലയം, വനിതാശിശുക്ഷേമമന്ത്രാലയം, വനിതാ കമ്മീഷന്‍, ആഭ്യന്തരമന്ത്രാലയം തുടങ്ങി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശരിയായി നടക്കുന്ന വിവാഹങ്ങളില്‍പോലും പിന്നീട് വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങളില്‍ ഇടപെടാന്‍ രാജ്യത്തെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഇത്തരം വിവാഹത്തട്ടിപ്പുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് പഞ്ചാബില്‍ നിന്നാണ്. ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലും ഇത്തരത്തില്‍ ധാരാളം കേസുകളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക