|    Jan 25 Wed, 2017 5:14 am
FLASH NEWS

പ്രവാസി പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പദ്ധതികള്‍ വേണം: പാറക്കല്‍ അബ്ദുല്ല എംഎല്‍എ

Published : 20th August 2016 | Posted By: mi.ptk

parakkal-abdulla

ദുബൈ: രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ആവശ്യപ്പെട്ടു. ദുബൈ കെഎംസിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിവിധ പ്രവാസി വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനവും സമാധാനാന്തരീക്ഷവും പ്രവാസികളുടെ വിയര്‍പ്പിന്റെ കൂടി ഫലമായി നിലനില്‍ക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയാതെ പോവുകയാണ്. നാട്ടില്‍ സാധാരണക്കാരന് തൊഴില്‍ സാധ്യതയുണ്ടാക്കുന്നതില്‍ വലിയ പങ്ക് ഗള്‍ഫ് പ്രവാസികള്‍ വഹിക്കുന്നുണ്ട്.
നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ഇത് ദൃശ്യമാണ്. പ്രത്യക്ഷമായും പരോക്ഷമായുംപ്രവാസീ സ്വാധീനം നാടിന്റെ വളര്‍ച്ചയിലുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. നാട്ടില്‍ സാധാരണക്കാരന് തൊഴില്‍ സാധ്യതകള്‍ കുറഞ്ഞു വന്നാല്‍ കവര്‍ച്ചയും അക്രമവും ഉള്‍പ്പെടെ സൈ്വര ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടും. അതുകൊണ്ടുതന്നെ, കേരളത്തിന്റെ സല്‍സ്ഥിതിക്ക് പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് തിരിച്ചറിയണം.
ദശാബ്ദങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന യാത്രാ പ്രശ്‌നം, നിതാഖാത്ത് പോലെ ഗള്‍ഫ് നാടുകളില്‍ ഉണ്ടാകുന്ന നിയമങ്ങള്‍ വഴി ജോലി നഷ്ടപ്പെട്ട് കൂട്ടത്തോടെ നാട്ടിലേക്ക്തിരിക്കുന്നവരുടെ പുനരധിവാസം, പ്രവാസി പെന്‍ഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാവശ്യമായ നടപടികളും എംബസിയില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തല്‍, തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കല്‍, നോര്‍കയുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി പ്രവാസികള്‍ക്ക് പ്രയോജനപ്രദമായ രീതിയിലാക്കല്‍, യുഡിഎഫ് കൊണ്ടുവന്ന പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കല്‍, തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളുടെ മേല്‍ കര്‍ശന നിയന്ത്രണമുണ്ടാക്കല്‍, എംബസിയുടെ വെല്‍ഫെയര്‍ ഫണ്ട് അര്‍ഹതപ്പെട്ട പ്രവാസികള്‍ക്ക് ലഭ്യമാക്കാനാവശ്യമായ നിയമ മാറ്റങ്ങള്‍ വരുത്തല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുമ്പാകെ കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നിയമസഭയില്‍ താന്‍ ആദ്യം ഉന്നയിച്ചത് പ്രവാസീ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട കാര്യമായിരുന്നുവെന്നും അത് തന്റെ മന:സാക്ഷിയോട് ചെയ്ത നീതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാറുകള്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാറുണ്ട്. പ്രവാസികള്‍ക്ക് മാത്രം അങ്ങനെയൊന്ന് കാര്യക്ഷമമായി ഇല്ല. ഗള്‍ഫിലുള്ളവരുടെ പ്രശ്‌നം മുതലാളിമാരുടെ പ്രശ്‌നമായാണ് അധികൃതര്‍ പൊതുവെ കാണുന്നത്. മാറി മാറി വന്ന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി കാര്യമായി ഒന്നും ചെയ്തില്ല. 31 വര്‍ഷമായി പ്രവാസിയായ ഞാന്‍ സാധാരണക്കാരനായാണ് ഇന്നും ജീവിക്കുന്നത്. 30 ലക്ഷം പ്രവാസികളിലെ 95 ശതമാനവും കഷ്ടപ്പാടില്‍ കഴിയുന്നവരാണെന്ന സത്യം അധികൃതര്‍ക്കുണ്ടാവണം അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളായി വിമാന കമ്പനികള്‍ നിരക്കില്‍ വലിയ കൊള്ളയാണ് നടത്തുന്നത്. എയര്‍ ഇന്ത്യയാണ് ഇതിന് കാരണമെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ യുഡിഎഫ് സര്‍ക്കാര്‍ എയര്‍ കേരളയുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാറാണ് എയര്‍ കേരളക്ക് അനുമതി നല്‍കാതിരുന്നത്. ഉദ്യോഗസ്ഥ വൃന്ദം പല കാര്യങ്ങള്‍ക്കും തടസ്സം നില്‍ക്കുന്നു. പല കാര്യത്തിലും അവര്‍ക്ക് ഹിഡന്‍ അജണ്ടകളുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ പോലും തുരങ്കം വെക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. പ്രവാസികളെ പല രീതികളിലും അവഗണിക്കുന്ന സമീപനങ്ങളാണ് പൊതുവെ സര്‍ക്കാര്‍ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും അപ്പോള്‍ മാത്രമേ പ്രവാസികളെ അവഗണിക്കുന്ന സര്‍ക്കാര്‍ഉദ്യോഗസ്ഥ സ്വഭാവങ്ങള്‍ ഒഴിവായിക്കിട്ടുകയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിച്ചു.
നാദാപുരത്ത് ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരനല്ലെന്ന് കോടതി വിട്ടയച്ച മുഹമ്മദ് അസ്‌ലമിനെ പോര്‍ട്ടിക്കോടതി വിധിയനുസരിച്ച് കൊല ചെയ്യുകയാണ് സി.പി.എം ചെയ്തതെന്നും ഈ കേസിലെ പ്രതികളെ ഇതു വരെ പിടിക്കാന്‍ പൊലീസിനായിട്ടില്ലെന്നും ഇതിന് പിന്നില്‍ എന്തോ തിരക്കഥ മെനയാനുള്ള ശ്രമമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പാറക്കല്‍ പറഞ്ഞു. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ തക്ക നടപടി സ്വീകരിച്ചില്ലെങ്കില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും നിയമ മാര്‍ഗേണ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ കെഎംസിസി ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ട്രഷറര്‍ എ.സി ഇസ്മായില്‍, ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, എം.എ മുഹമ്മദ് കുഞ്ഞി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ആര്‍. അബ്ദുല്‍ ശുക്കൂര്‍ എന്നിവര്‍ സന്നിഹിതരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക