|    Sep 25 Tue, 2018 12:46 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രവാസി പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Published : 12th February 2018 | Posted By: kasim kzm

കബീര്‍ എടവണ്ണ

ദുബയ്: പ്രവാസി ഇന്ത്യക്കാര്‍ ഭാരതത്തിന്റെ പ്രതിനിധികളാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദുബയില്‍ ഒപേര ഹൗസില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.”21ാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്നു ലോകം പറയുന്നു. ഇതു നമ്മുടെ ഉള്ളംകൈയിലേക്ക് വന്നുവീഴുന്നതല്ല. നാം കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങള്‍ കാണുന്ന സ്വപ്‌നങ്ങള്‍ നമുക്കൊരുമിച്ചു സാക്ഷാല്‍ക്കരിക്കാം”- മോദി പറഞ്ഞു. സ്വപ്‌നങ്ങള്‍ പൂവണിയിക്കാന്‍ 30 ലക്ഷത്തിലധികം വരുന്ന യുഎഇയിലെ ഭാരതീയ സമൂഹം പരിശ്രമിക്കണമെന്നും അതോടൊപ്പം, എല്ലാം ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ അഭിലാഷം സാക്ഷാല്‍ക്കരിക്കുകയും വേണമെന്നു മോദി ആഹ്വാനം ചെയ്തു. ശനിയാഴ്ച യുഎഇയുമായി എണ്ണപര്യവേഷണം അടക്കമുള്ള ചില ശ്രദ്ധേയ കരാറുകളില്‍ ഒപ്പുവച്ചത് സംബന്ധിച്ച് മോദി വെളിപ്പെടുത്തി. തനിക്ക് യുഎഇയില്‍ ലഭിച്ച സ്വീകരണം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ലഭിച്ച ആദരമാണ്. യുഎഇയും ഇന്ത്യയും തമ്മില്‍ കേവലം കൊടുക്കല്‍വാങ്ങല്‍ പ്രക്രിയയല്ല ഉള്ളത്. ഇതൊരു പങ്കാളിത്ത ബന്ധമാണ്. നിങ്ങള്‍, 30 ലക്ഷത്തിലധികം യുഎഇയിലെ ഇന്ത്യക്കാര്‍, യഥാര്‍ഥത്തില്‍ ഭാരതത്തിന്റെ പ്രതിനിധികളാണ്. വിദൂരത്ത് താമസിച്ചുകൊണ്ട് നിങ്ങള്‍ നാടിനെ സേവിക്കുന്നത് മഹത്തരമായാണ് കാണുന്നത്. ഇന്ത്യക്കും യുഎഇക്കുമിടയില്‍ ഒട്ടേറെ സമാനതകളുണ്ട്. ബഹുസ്വരത, സഹിഷ്ണുത തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും മാതൃകാപരമായാണ് മുന്നോട്ടുപോവുന്നത്. ഇന്ന് ലോകം ഇന്ത്യയെ ശ്രദ്ധിക്കുന്നു. കാര്യങ്ങള്‍ നടപ്പാക്കുന്നത് മാറ്റം കൊണ്ടുവരുന്നു. പ്രാര്‍ഥിക്കുക, പ്രയത്‌നിക്കുക, അപ്പോള്‍ ശ്രേയസ്സുണ്ടാവുമെന്നു ഗാന്ധിജി എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു. അതാണ് തനിക്കും പറയാനുള്ളത്. ജിഎസ്ടിയുടെ കഠിന സാഹചര്യങ്ങളിലൂടെ ഇന്ത്യ കടന്നുപോയി. ഇന്നു രാഷ്ട്രം മറ്റു രാഷ്ട്രങ്ങള്‍ക്കെല്ലാം മാതൃകയായ ഒരു ബദല്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. ദരിദ്ര സമൂഹത്തെ ഉദ്ധരിക്കാനുള്ള തന്റെ സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് പരാമര്‍ശിക്കവേ, നിരാശയില്‍ നിന്നും ആശങ്കയില്‍ നിന്നും മനോഭാവം മാറ്റം കൊണ്ടുവന്നുവെന്ന് അദ്ദേഹം സമര്‍ഥിച്ചു. ആ മാറ്റം, ഇതെപ്പോള്‍ സംഭവിക്കുമെന്ന ചോദ്യങ്ങളെ തീര്‍ത്തും അസാധ്യമാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആ ചോദ്യം ഒരു പരാതിയായി പ്രതിഫലിക്കുന്നില്ല. ഞങ്ങള്‍ക്ക് നല്‍കാനാവുമെന്നതിനാലാണ് ആത്മവിശ്വാസത്തോടെ ചോദിക്കാനാവുന്നത്. ഇന്ത്യ ഒരു പരിവര്‍ത്തനത്തിലൂടെ കടന്നുപോവുകയാണ്. ചിലര്‍ രണ്ടു വര്‍ഷം കഴിഞ്ഞും ഉറക്കത്തില്‍ തന്നെയാണ്. എന്റെ ലോകയാത്രയെ കുറിച്ചാണ് മറ്റു ചിലര്‍ക്ക് ആവലാതിപ്പെടാനുള്ളത്. അവര്‍ക്ക് ഇന്ത്യയെ ലോകരാജ്യങ്ങളില്‍ പ്രതിഫലിപ്പിക്കാനാവാത്തതിനാലാണിതെന്നും മോദി പറഞ്ഞു. നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഒരു കോട്ടവും വരുത്തിയിട്ടില്ല. പഴയ വീട് മാറുമ്പോള്‍ ചിലപ്പോള്‍ പഴയ ഓര്‍മയില്‍ ബാത്ത് റൂമില്‍ പോവുമ്പോള്‍ ചുവരില്‍ തട്ടിയെന്ന് വരും അതു താല്‍ക്കാലികം മാത്രമാണ്. പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാതെ കുറച്ചുപേര്‍ പിറുപിറുത്ത് കൊണ്ടിരിക്കുകയാണ്. നാലു വര്‍ഷം കൊണ്ട് ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകബാങ്കിന്റെ കണക്കുപ്രകാരം വികസനത്തിന്റെ പട്ടികയില്‍ നൂറാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു സ്വന്തം സ്വപ്‌നം പൂര്‍ത്തീകരിക്കാനും യുഎഇയുടെ വികസനത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത് ഇവിടെ വസിക്കുന്ന 30 ലക്ഷം ഇന്ത്യക്കാര്‍ ഭാരതത്തിന്റെ യഥാര്‍ഥ പ്രതിനിധികളാണ്. 2015 ആഗസ്തില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മോദി വളരെ ആവേശത്തോടെ പ്രവാസികളെ അഭിമുഖീകരിച്ചപ്പോള്‍ ഇത്തവണ പഴയ ആവേശമൊന്നും കണ്ടില്ല. 80 മണിക്കൂര്‍ കൊണ്ട് നാലു രാജ്യങ്ങള്‍ മാത്രം സന്ദര്‍ശിച്ച മോദി അഞ്ചു രാജ്യങ്ങളിലെത്തിയതായും പറഞ്ഞു. ദുബയും അബൂദബിയും രണ്ടു രാജ്യങ്ങളായിട്ടാണ് പ്രധാനമന്ത്രി വിവരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss