|    Feb 21 Tue, 2017 5:47 pm
FLASH NEWS

പ്രവാസി പെന്‍ഷന്‍: ക്ഷേമ നിധിയില്‍ അടച്ച തുക തിരികെ കിട്ടില്ല

Published : 3rd November 2016 | Posted By: SMR

ആലത്തൂര്‍: ജീവിതത്തിന്റെ നല്ലകാലം അന്യ നാട്ടില്‍ കഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അടച്ച തുക തിരികെ കിട്ടില്ല. കേരളീയ പ്രവാസി ക്ഷേമ ബോര്‍ഡിന്റെ വ്യവസ്ഥ പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 2009ലാണ് കേരളീയ പ്രവാസി ക്ഷേമ ബോര്‍ഡ് രൂപവല്‍കരിച്ച് പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ 100 രൂപയും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ 300 രൂപയുമാണ് പ്രതിമാസം അടയ്ക്കുന്നത്. 60 വയസുവരെ തുക അടയ്കണം. തുടര്‍ന്ന് മരണം വരെ 100 രൂപ വീതം അടച്ചവര്‍ക്ക് 500 രൂപയും 300 രൂപ അടച്ചവര്‍ക്ക് 1000 രൂപയും പ്രതിമാസ പെന്‍ഷന്‍ കിട്ടും. കുറഞ്ഞത് 5 വര്‍ഷം മുടങ്ങാതെ തുക അടച്ചവര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം. 2009ല്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയില്‍ 2016 ജനവരി മുതല്‍ പെന്‍ഷന്‍ കിട്ടിത്തുടങ്ങിയപ്പോഴാണ് അടച്ച തുക തിരികെ കിട്ടില്ലെന്ന് പ്രവാസികള്‍ അറിയുന്നത്. മറ്റ് ക്ഷേമനിധി ബോര്‍ഡുകളെല്ലാം 60 വയസാകുന്നവര്‍ക്ക് പെന്‍ഷനൊപ്പം അതുവരെ അടച്ച തുക പൂര്‍ണമായും തിരികെ നല്‍കും.  60 വയസായ മറ്റ് പെന്‍ഷന്‍ വാങ്ങാത്തവര്‍ക്കെല്ലാം യാതൊരു ക്ഷേമനിധിയും അടയ്ക്കാതെ തന്നെ സര്‍ക്കാര്‍ 1000 രൂപ വാര്‍ധക്യ പെന്‍ഷന്‍ നല്‍കുമ്പോഴാണിത്. കര്‍ഷക തൊഴിലാളികള്‍ക്ക് വര്‍ഷം 60 രൂപ അടച്ചാല്‍ പോലും 1000 രൂപ പെന്‍ഷനും അടച്ച തുകയും കിട്ടും. ബീഡി തൊഴിലാളികള്‍ക്ക് 109 രൂപയേ ക്ഷേമനിധി അടയ്‌കേണ്ടതുള്ളൂ. മറ്റ് ക്ഷേമനിധികളില്‍ നിന്ന് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ വിവാഹ ധനസഹായം 15,000 രൂപകിട്ടും. പ്രവാസികള്‍ക്കാകട്ടെ ഇത് പെണ്‍കുട്ടികളുടേതിന് മാത്രമേ ഉള്ളൂവെന്ന് മാത്രമല്ല 10,000 രൂപയെ ലഭിക്കുകയുള്ളു.  പെന്‍ഷനറുടെ മരണ ശേഷം ഭാര്യക്കോ ഭര്‍ത്താവിനോ പെന്‍ഷന്‍ തുകയുടെ പകുതി മരണം വരെ കുടുംബ പെന്‍ഷനായി നല്‍കും. ഇവരുടെ മരണ ശേഷം പ്രായ പൂര്‍ത്തിയാകാത്ത മക്കളോ അവിവാഹിതരായ പെണ്‍ മക്കളോ ഉണ്ടെങ്കില്‍ അവര്‍ക്കും കുടുംബ പെന്‍ഷന്‍ ലഭിക്കും. തുക അടയ്കുന്ന കാലയളവില്‍ ചികില്‍സയ്കായി ആകെ 50,000 രൂപ വരെയും മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് 50, 000 രൂപയുമാണ് കിട്ടുക. പ്രസവം, വിദ്യാഭ്യാസം എന്നിവയ്ക്ക് മറ്റ് ക്ഷേമ നിധികളേക്കാള്‍ നാമമാത്ര ആനുകൂല്യമാണ് കിട്ടുക. പ്രവാസി പെന്‍ഷന്‍ പദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്.  ഇത് സമഗ്രമായി പരിഷ്‌കരിക്കുമെന്ന് ക്ഷേമബോര്‍ഡ് സിഇഒ കെ എസ്  അനസ് അറിയിച്ചു. കുടുംബ പെന്‍ഷന്‍, അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ തുക അടച്ച ഓരോ വര്‍ഷത്തിനും പ്രതിമാസം 3 ശതമാനം അധിക പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ മറ്റ് പദ്ധതികളില്‍ ഇല്ലാത്തതാണ്. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്ഥമായി തൊഴിലുടമയുടെ വിഹിതം കിട്ടാത്ത പദ്ധതിയാണിത്. 1.75 ലക്ഷം പേര്‍ പ്രവാസി ക്ഷേമനിധിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 5000ല്‍ താഴേപ്പേരേ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി പെ ന്‍ഷന്‍ വാങ്ങിത്തുടങ്ങിട്ടുള്ളൂ. ഓരോ വര്‍ഷവും ഇത് കൂടിവരും. പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ പോരായ്മയുണ്ടെന്നും ഇത് സമഗ്രമായി പരിഷ്‌കരിക്കണമെന്നുമാണ് നിലപാടെന്ന് കേരള പ്രവാസി സംഘം നേതാവ് എം എം എ ബക്കര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക