|    Oct 24 Wed, 2018 1:42 am
FLASH NEWS
Home   >  Editpage  >  Editorial  >  

പ്രവാസി തടവുകാരുടെ മോചനം

Published : 29th September 2017 | Posted By: fsq

 

ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന 149 മലയാളികളെ മോചിപ്പിക്കാനുള്ള ഷാര്‍ജ ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യക്കാര്‍ക്കു പൊതുവിലും മലയാളികള്‍ക്കു പ്രത്യേകിച്ചും ആഹ്ലാദം പകരുന്ന വാര്‍ത്തയാണ്. ഏതാനും ദിവസം മുമ്പ് കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ തീരുമാനം. നേരത്തേ ഷാര്‍ജയില്‍ സന്ദര്‍ശനത്തിന് എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആവശ്യം ഉന്നയിച്ചു സുല്‍ത്താനു നിവേദനം സമര്‍പ്പിച്ചിരുന്നു. മറ്റു രാജ്യക്കാരായ തടവുകാര്‍ക്കൊപ്പം നിരവധി മലയാളി തടവുകാരും മോചിതരായെന്നത് കേരളത്തിനു വിശിഷ്യാ പ്രവാസികള്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ മോചനത്തിനു വഴിയൊരുക്കിയവര്‍ ആരായാലും അഭിനന്ദനം അര്‍ഹിക്കുന്നു. മോചനവാര്‍ത്തയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് അവിടങ്ങളിലെ ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്കു കത്തയച്ചിരിക്കുകയാണ്. നയതന്ത്രതലത്തിലുള്ള അത്തരം ശ്രമങ്ങള്‍ വിജയം കാണുകയാണെങ്കില്‍ രാജ്യത്തെ നിരവധി കുടുംബങ്ങളുടെ മനസ്സിലെ തീയണയാന്‍ കാരണമായേനെ. മനുഷ്യത്വപരമായ ഇത്തരം ഇടപെടലുകളാണ് ഭരണകൂടങ്ങളില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ഉണ്ടായ മോചനത്തില്‍ ഒരു നിവേദനത്തിന്റെ പങ്കു മാത്രമാണ് കേരള മുഖ്യമന്ത്രിക്ക് പരമാവധി ഉണ്ടാവാന്‍ ഇടയുള്ളത്. അതു പരമാവധി ആഘോഷിക്കപ്പെടുന്നുമുണ്ട്. പക്ഷേ, തീരുമാനം തീര്‍ത്തും അറബ് ഭരണാധികാരിയുടെ മാനുഷിക സമീപനത്തിന്റെ ഫലമാണ്. വിദേശ പൗരന്മാര്‍ ആയിരുന്നിട്ടും തങ്ങളുടെ നാട്ടിലെത്തി നിയമലംഘനം നടത്തിയതിനെ മാനുഷികമായി പരിഗണിക്കാനും മാപ്പരുളാനും അവര്‍ക്കാവുന്നു. അതേസമയം, ഈ മോചനത്തിന്റെ പങ്ക് ആഘോഷിക്കുന്നവര്‍ സ്വന്തം അധികാരപരിധിയിലുള്ള ജനങ്ങളോട് എപ്രകാരം വര്‍ത്തിക്കുന്നുവെന്നു ചിന്തിക്കാന്‍ കൂടി ഈ മോചനവാര്‍ത്ത പ്രേരണയാവേണ്ടതാണ്. രാഷ്ട്രീയ പകപോക്കല്‍ നടപടിയുടെ ഭാഗമായി ചിലരുടെ ജീവിതം കരിനിയമങ്ങളില്‍ കൊരുത്തു തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മറ്റാരോ കാണിച്ച മാനവിക മുഖം സ്വയം എടുത്തണിയാന്‍ ശ്രമിക്കുന്നതില്‍ ഒരു അഭംഗിയില്ലേ? സ്വന്തം അണികള്‍ ദിനചര്യ പോലെ ചെയ്തുപോരുന്ന കുറ്റകൃത്യങ്ങളുടെ പേരിലാണ് ഈ പ്രതികാരമെന്നത് ആര്‍ക്കാണ് അറിയാത്തത്. കേരള ഭരണകൂടത്തിന്റെ മൂക്കിനു മുമ്പിലാണ് ഒരു യുവതി മാസങ്ങളായി നിയമപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടു തടവില്‍ കഴിയുന്നത്. അവര്‍ ജീവിച്ചിരിക്കുന്നു എന്നെങ്കിലും കേരള ജനതയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനില്ലേ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss