|    Dec 12 Wed, 2018 8:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവം: യഥാര്‍ഥ പ്രതി പിടിയില്‍

Published : 21st November 2018 | Posted By: kasim kzm

കണ്ണൂര്‍: കവര്‍ച്ചക്കേസില്‍ പ്രവാസിയായ നിരപരാധിയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലെ യഥാര്‍ഥ പ്രതി പിടിയിലായി. മാഹി അഴിയൂര്‍ കോറോത്ത് റോഡിലെ ശരത്ത് വല്‍സരാജിനെ (45)യാണു കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
നിരവധി ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളില്‍ പ്രതിയായി കോഴിക്കോട് ജയിലില്‍ റിമാ ന്‍ഡില്‍ കഴിയുന്ന ശരത്തിന്റെ അറസ്റ്റ് ഈ കേസില്‍ ജയിലില്‍ വച്ച് രേഖപ്പെടുത്തി.
പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിനായി അഞ്ചു ദിവസത്തേക്കു പോലിസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ അഞ്ചിന് ചക്കരക്കല്‍ മക്രേരി വടക്കുമ്പാട്ടെ രാഗിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ താലിമാല പൊട്ടിച്ചെടുത്ത കേസിലാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന രാഗിയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്നെത്തിയ ഇയാള്‍ മാല പൊട്ടിച്ചെടുത്തു രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജൂലൈ 11നു കതിരൂര്‍ പുല്ലോട് സി എച്ച് നഗറിലെ താജുദ്ദീനെ ചക്കരക്കല്‍ എസ്‌ഐ ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. മകളുടെ നികാഹിനായി നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍.
സിസി ടിവി ദൃശ്യങ്ങളിലെ സാമ്യം മാത്രം നോക്കിയായിരുന്നു അറസ്റ്റ്. വീട്ടമ്മ തിരിച്ചറിഞ്ഞതല്ലാതെ മറ്റു ശാസ്ത്രീയ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ താന്‍ നിരപരാധിയാണെന്നു താജുദ്ദീന്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും പോലിസ് ചെവിക്കൊണ്ടില്ല. ഇതേ ത്തുടര്‍ന്ന് കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹീമും അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫിലെ പി എ ശാഹുല്‍ മണ്ണാര്‍ക്കാടും ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തി ല്‍ നടന്ന പുനരന്വേഷണത്തിലാണു താജുദ്ദീന്‍ നിരപരാധിയാണെന്നു തെളിഞ്ഞത്. സമാനരീതിയില്‍ മാല പൊട്ടിച്ചെടുക്കുന്നവരെ ക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു സംസ്ഥാനത്തെ എല്ലാ ക്രൈംസ്‌ക്വാഡിനും വിവരം കൈമാറി. വടകര ക്രൈംസ്‌ക്വാഡാണ് ശരത്തിനെ തിരിച്ചറിഞ്ഞത്. ഓണ്‍ലൈന്‍ വഴി കാമറകള്‍ വില്‍ക്കാനുണ്ടെന്നു പറഞ്ഞു പലരില്‍ നിന്നും പണം തട്ടിയെടുത്ത കേസിലാണ് ശരത്ത് റിമാന്‍ഡില്‍ കഴിയുന്നത്.
54 ദിവസത്തെ ജയില്‍വാസത്തിനു ശേഷം താജുദ്ദീന്‍ നിരപരാധിയാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് പോലിസ് പിടിച്ചെടുത്ത 56,000 രൂപയും പാസ്‌പോര്‍ട്ടും നല്‍കി. എന്നാല്‍, ചക്കരക്കല്‍ എസ്‌ഐ ബിജുവിനെതിരേ കാര്യമായ നടപടിയുണ്ടായില്ല. പകരം കണ്ണൂര്‍ ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss