|    Apr 21 Sat, 2018 7:45 am
FLASH NEWS
Home   >  Todays Paper  >  page 6  >  

പ്രവാസികാര്യമന്ത്രാലയം പുനസ്ഥാപിക്കണം

Published : 29th January 2016 | Posted By: swapna en

കടലിനക്കരെ ജോലിക്കു പോയി രാജ്യത്തെ സാമൂഹികഘടനയില്‍ വിപ്ലവം സൃഷ്ടിച്ച ജനവിഭാഗമാണ് ഗള്‍ഫ് പ്രവാസികള്‍. പട്ടിണിയകറ്റാനും തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും വേണ്ടിയാണ് പ്രവാസികള്‍ നാടുവിടുന്നത്. ഇങ്ങനെയുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയായ പ്രവാസികാര്യമന്ത്രാലയം മോദിസര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കയാണ്. പ്രവാസികാര്യമന്ത്രാലയം വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിച്ചു എന്നാണ് സര്‍ക്കാര്‍ഭാഷ്യം. കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും ഫലത്തില്‍ പ്രവാസികാര്യമന്ത്രാലയം ഇല്ലാതാക്കുക തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനു വരുന്ന പ്രവാസികളോട് കാണിച്ച കണ്ണില്‍ ചോരയില്ലാത്ത ഒരു നടപടിയായി ഇത്. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവാസികാര്യവകുപ്പ് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേ തീരൂ. നിങ്ങള്‍ക്കു മുന്നില്‍ ചുവപ്പുനാടകളില്ല, ചുവന്ന പരവതാനികള്‍ മാത്രം എന്ന് അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലെ പ്രമാണികളോടും നിക്ഷേപകരോടും സമ്പന്നരോടും പറഞ്ഞ് അവരെ ഇന്ത്യയിലേക്ക് സ്വാഗതംചെയ്ത നരേന്ദ്രമോദി അത്താഴപ്പട്ടിണിക്കാരന്റെ ക്ഷേൈമശ്വര്യങ്ങളില്‍ തനിക്ക് താല്‍പര്യമില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. നാടിനും വീടിനും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതസുഖങ്ങള്‍ ത്യജിച്ച ഒരു വലിയ ജനസമൂഹത്തോട് ചെയ്യുന്ന കൊടുംക്രൂരതയായിരിക്കും അത്. സര്‍ക്കാര്‍ തെറ്റുതിരുത്തുമെന്നു തന്നെ പ്രതീക്ഷിക്കട്ടെ.
കെ പി അബൂബക്കര്‍ മുത്തനൂര്‍

ആശുപത്രിയനുഭവം

കോഴിക്കോട്ടെ പ്രശസ്തമായ മിംസ് ആശുപത്രിയെക്കുറിച്ചുള്ള ഒരു പരാതി സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്നത് അവഗണിച്ചുകൂടാത്തതാണ്. കഴിഞ്ഞയാഴ്ച ഒരു വയസ്സു തികഞ്ഞിട്ടില്ലാത്ത കൊച്ചുകുട്ടിയുടെ വായില്‍ക്കൂടി മൊട്ടുസൂചി അകത്തുപോയി ശ്വാസകോശത്തില്‍ തറച്ച സംഭവമുണ്ടായി. അടുത്തുള്ള ആശുപത്രി മിംസിലേക്ക് റഫര്‍ ചെയ്തു. എന്‍ഡോസ്‌കോപ്പി വഴി പുറത്തെടുക്കാന്‍ മിംസ് ആശുപത്രിയിലെ വിദഗ്ധര്‍ക്കായില്ല. നെഞ്ചുകീറി ശ്വാസകോശം പുറത്തെടുക്കുന്ന, 12 ലക്ഷം രൂപ ചെലവുള്ള ഓപറേഷന്‍ നടത്തണമെന്ന് ഭിഷഗ്വരന്മാര്‍ ശാഠ്യം പിടിച്ചു. എന്നാല്‍, കുട്ടിയുടെ ബന്ധുക്കള്‍ ആരോഗ്യരംഗത്തുള്ളവരുടെ നിര്‍ദേശപ്രകാരം കുട്ടിയെ ചെന്നൈയില്‍ കൊണ്ടുപോയി എന്‍ഡോസ്‌കോപ്പിയിലൂടെ സൂചി പുറത്തെടുത്തു. ഒരു പ്രശ്‌നവുമുണ്ടായില്ല. എന്നാല്‍, ചെന്നൈയിലല്ല, അമേരിക്കയില്‍ കൊണ്ടുപോയാലും ഓപറേഷന്‍ വേണമെന്നു പരിഹസിച്ച ഡോക്ടര്‍ കുട്ടിയെ വിമാനത്തില്‍ കൊണ്ടുപോവാനുള്ള കത്ത് കൊടുത്തില്ലെന്നു മാത്രമല്ല, ഒറ്റദിവസത്തെ ചികില്‍സയ്ക്ക് 40,000 രൂപ ചുമത്തുകകൂടി ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആശുപത്രികളില്‍ പതിവായിരിക്കുന്നു.

തസ്‌ലിം ബാനുപന്തീരാങ്കാവ്

പൂതലായവര്‍

മതവിശ്വാസി തന്റെ വിശ്വാസപ്രമാണങ്ങളെ ദുര്‍ബലമാക്കുന്ന അനുഷ്ഠാനങ്ങളില്‍നിന്നു മാന്യതയോടെ മാറിനില്‍ക്കുന്നത് മതമൗലികവാദിയായതുകൊണ്ടും മതയാഥാസ്ഥിതികനായതുകൊണ്ടുമാണെന്നു വാദിക്കുന്നവര്‍ അല്‍പന്മാരാണ്. കാതല്‍ മൂത്ത് പൂതലായ ഇത്തരക്കാര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഛര്‍ദ്ദിക്കുന്നതു കാണാം. എന്താണ് യഥാര്‍ഥ മതേതരത്വം? (ജനു.24) എഡിറ്റോറിയല്‍ പഠനാര്‍ഹമായി.

സൈനുദ്ദീന്‍ തൈലക്കണ്ടി കാട്ടാമ്പള്ളി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss