|    Dec 18 Tue, 2018 1:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍: തീരുമാനം നടപ്പാക്കുന്നത് നീട്ടി

Published : 29th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഗള്‍ഫ് അടക്കം 18 രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവര്‍ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന ഉത്തരവ് നടപ്പാക്കുന്നത് കേന്ദ്രം നീട്ടി. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ പ്രവാസികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവാണ് കേന്ദ്രം നീട്ടിവെച്ചത്. ഇക്കഴിഞ്ഞ 14നാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്.
നോണ്‍ ഇസിആര്‍ പാസ്‌പോര്‍ട്ടുള്ളവരും നിലവില്‍ ഇസിആര്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും രജിസ്‌ട്രേഷനില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെയാണ് രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചിരിക്കുന്നത്. എന്നാല്‍, രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെങ്കിലും താല്‍പര്യമുള്ളവര്‍ക്ക് ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിദേശത്ത് ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇസിഎന്‍ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഉത്തരവ്. പുതിയ തൊഴില്‍ വിസയില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും റീഎന്‍ട്രിയില്‍ പോയി മടങ്ങുന്നവര്‍ക്കും ഇത് ബാധകമായിരുന്നു.
സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ഇന്തോനീസ്യ, ഇറാഖ്, ജോര്‍ദാന്‍, ലിബിയ, മലേസ്യ, ലബ്‌നാന്‍, അഫ്ഗാനിസ്താന്‍, സുദാന്‍, ദക്ഷിണ സുദാന്‍, സിറിയ, തായ്‌ലന്‍ഡ്, യമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നത്. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി തേടി യാത്ര ചെയ്യാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇസിഎന്‍ആര്‍) നേരത്തെത്തന്നെ ബാധകമാക്കിയതാണ്.
വിദേശ രാജ്യങ്ങളില്‍ മൂന്നു വര്‍ഷം താമസിച്ചവര്‍ക്ക് ഇസിഎന്‍ആര്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ പ്രസ്തുത പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ എംബസിയും പാസ്‌പോര്‍ട്ട് ഓഫിസുകളും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിയമം കര്‍ശനമാക്കിയതോടെ ഈ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന എല്ലാവരും ഇസിഎന്‍ആര്‍ പാസ്‌പോര്‍ട്ടുള്ളവരായി മാറി. ഇതിനു ശേഷമാണ് മന്ത്രാലയം വ്യക്തിഗത-തൊഴില്‍ വിവരങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി ആദ്യഘട്ടമെന്ന നിലയിലാണ് മന്ത്രാലയം ഈ രാജ്യങ്ങളിലേക്ക് മാത്രമായി രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. വൈകാതെ മറ്റു രാജ്യങ്ങളിലേക്കുകൂടി ഈ വ്യവസ്ഥ ബാധകമാക്കാനായിരുന്നു തീരുമാനം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഒരു വിസയില്‍ എത്ര കാലം വിദേശ രാജ്യത്ത് തുടര്‍ന്നാലും ഒരിക്കല്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss