|    Dec 14 Fri, 2018 10:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രവാസികള്‍ക്ക് പകരക്കാരനെ വച്ച് വോട്ട് ചെയ്യാമെന്ന് കേന്ദ്രം

Published : 8th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പകരക്കാരനെ നിയോഗിച്ച് വോട്ട് ചെയ്യുന്നതിന് അനുവദിക്കും വിധം ജനപ്രാതിനിധ്യ ഭേദഗതി ബില്ല് ശൈത്യകാല സമ്മേളനത്തില്‍ രാജ്യസഭയിലും പാസാക്കിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ബില്ല് ആഗസ്ത് 9ന് മഴക്കാല സമ്മേളനത്തില്‍ ലോക്—സഭ പാസാക്കിയിരുന്നു. രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ 2019 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്—സഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കു പകരക്കാരെ വച്ച് വോട്ട് ചെയ്യാന്‍ കഴിയും.
പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തിരുന്ന് നാട്ടില്‍ വോട്ട്—ചെയ്യാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ സമര്‍പ്പിച്ച ഹരജിയാണ് ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അംഗീകാരം കാത്തിരിക്കുന്ന ബില്ല് ശൈത്യകാല സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചത്. ചൊവ്വാഴ്ചയാണ് മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ശൈത്യകാല സമ്മേളനം തുടങ്ങുന്നത്.
നിലവില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ടെങ്കിലും അവര്‍ക്കു നാട്ടിലെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയൂ. ഇവ്വിധം വ്യവസ്ഥ ചെയ്യുന്ന ജനപ്രതിനിധ്യ നിയമത്തിലെ ചട്ടമാണ് ഹരജിക്കാരന്‍ ചോദ്യം ചെയ്തത്. കേസ് പരിഗണിക്കവെ ഇന്നലെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിച്ചത്. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കുമെന്ന് ജഡ്ജിമാരായ മദന്‍ ബി ലോകൂറും ദീപക് ഗുപ്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് അറിയിച്ചു.
ഇക്കാര്യം ഉന്നയിച്ച് 2014 മാര്‍ച്ചിലാണ് ഡോ. ഷംഷീര്‍ സുപ്രിം കോടതിയെ സമീപിച്ചത്. കേസില്‍ ബ്രിട്ടനിലെ വ്യവസായി നാഗേന്ദര്‍ ചിന്ദം ഉള്‍പ്പെടെയുള്ളവരും കക്ഷിചേര്‍ന്നു. തുടര്‍ന്ന് പ്രവാസികള്‍ക്കുകൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയില്‍ തിരഞ്ഞെടുപ്പു ചട്ടം ഭേദഗതി ചെയ്യാന്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തതും ലോക്‌സഭയില്‍ അവതരിപ്പിച്ചതും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss