|    Oct 22 Mon, 2018 3:12 pm
FLASH NEWS
Home   >  Editpage  >  Article  >  

പ്രവാസികള്‍ക്കും അവകാശങ്ങളുണ്ട്

Published : 5th November 2017 | Posted By: mi.ptk

അവകാശങ്ങള്‍ നിഷേധങ്ങള്‍
കെ വി എം മന്‍സൂര്‍
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണ പദ്ധതിയുടെ അനന്തരഫലമായി നിരവധി പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്കു വന്നുകൊണ്ടിരിക്കുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ നിയമങ്ങള്‍ ഭരണകൂടങ്ങള്‍ ഇടയ്ക്കിടയ്ക്ക് നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ നിലവില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ആശങ്കയിലാണ്. ഏതു നിമിഷവും ജോലി നഷ്ടപ്പെടുമെന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. കേരളത്തില്‍, വിശിഷ്യ മലബാര്‍ ജില്ലകളില്‍ ഒരു വീട്ടില്‍ ഒരാളെന്ന തോതില്‍ വിദേശത്ത് ജോലിചെയ്യുന്നവരാണ്. നമ്മുടെ നാട്ടില്‍ ഇന്നു കാണുന്ന സകലമാന പുരോഗതിയുടെയും അടിത്തറയ്ക്കു പിന്നില്‍ ഗള്‍ഫ് സ്വാധീനം തന്നെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ സ്ഥാപനങ്ങള്‍, യത്തീംഖാനകള്‍, സാംസ്‌കാരിക നിലയങ്ങള്‍ തുടങ്ങിയ എല്ലാ ഭൗതികസാഹചര്യങ്ങളുടെയും ഉണര്‍വിന്റെ പിന്നിലും സാമ്പത്തികമായി സഹായിച്ചിട്ടുള്ള പ്രവാസികളോട് കേരളം കടപ്പെട്ടിരിക്കുന്നു. എന്നാല്‍, ഗള്‍ഫ് പണത്തിന്റെ പ്രതാപത്തിന്റെയും പ്രൗഢിയുടെയും നല്ലനാളുകള്‍ ഇനിയുണ്ടാവില്ല എന്ന സൂചനയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വരുന്ന സ്വദേശിവല്‍ക്കരണ വാര്‍ത്തകളിലൂടെ നാം മനസ്സിലാക്കേണ്ടത്. വര്‍ഷങ്ങളോളം തന്റെ സ്വപ്‌നങ്ങളും സന്തോഷവുമെല്ലാം മണലാരണ്യത്തില്‍ കുഴിച്ചുമൂടി കുടുംബത്തിന്റെയും നാട്ടുകാരുടെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്കും പുരോഗതിക്കും വേണ്ടി ജീവിക്കാന്‍ മറന്ന് വിയര്‍പ്പൊഴുക്കിയവരാണു പ്രവാസികള്‍. സമൂഹത്തിലെ സാമ്പത്തികശക്തിയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഗള്‍ഫ് പണത്തിന്റെ സ്വാധീനം പ്രവാസികളുടെ തിരിച്ചുപോക്കിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് പരമസത്യമാണ്. തൊഴില്‍ നഷ്ടപ്പെട്ട് സമ്പാദ്യവും വരുമാനമാര്‍ഗവും ഇല്ലാതെ നാട്ടിലെത്തുന്ന തങ്ങളെ എങ്ങനെയാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും കാണുക എന്ന ആശങ്ക പ്രവാസികള്‍ക്കിടയില്‍ ഇന്നുണ്ട്.പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ അവരോട് കരുണകാണിക്കാനും നീതിപുലര്‍ത്താനും ഇത്രയും നാള്‍ ചെയ്തുനല്‍കിയ എല്ലാ സേവനങ്ങള്‍ക്കും നന്ദിയുള്ളവരാവാനും കുടുംബവും സമൂഹവും തയ്യാറാവണം. അവരുടെ വേദനകള്‍ മനസ്സിലാക്കി ഉള്ളുതുറന്ന് സ്‌നേഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. തൊഴില്‍ നഷ്ടപ്പെട്ട ആധിയില്‍ വരുമാനംപോലുമില്ലാതെ വരുന്ന പ്രവാസി സമൂഹത്തെ അവജ്ഞയോടെയോ പുച്ഛമനോഭാവത്തോടെയോ കാണരുത്. ഒരുപാട് കാര്യങ്ങള്‍ക്കു വേണ്ടി സമൂഹത്തിന് അവര്‍ ഒഴുക്കിയ വിയര്‍പ്പുതുള്ളികളുടെ വില ആരും കാണാതെ പോവരുത്.’പ്രവാസി പട്ടം’ ചുമലിലുള്ളതിനാല്‍ ലീവിന് വരുമ്പോഴും അല്ലാത്ത സമയങ്ങളിലുമെല്ലാം വിവിധങ്ങളായ ആവശ്യങ്ങള്‍ക്കു വേണ്ടി പിരിവു വാങ്ങിപ്പോയ രാഷ്ട്രീയക്കാരും സംഘടനകളുമെല്ലാം ഇനിയും പ്രവാസികളെ പിഴിയാതെ നോക്കണം. നാളിതുവരെ ചെയ്തുകൊടുത്ത സഹായങ്ങള്‍ക്കു നന്ദിയുള്ളവരാകുന്നതോടൊപ്പം മടങ്ങിവന്നവര്‍ക്ക് പുതിയ തൊഴിലിടങ്ങള്‍ കണ്ടെത്തുന്നതിനും അവരുടെ പുനരധിവാസത്തിനും പ്രത്യേകം ശ്രദ്ധനല്‍കി സഹായിക്കേണ്ടതുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസംപകരേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്നാണ്. തന്റെ ജീവിതസൗഭാഗ്യങ്ങളെല്ലാം ത്യജിച്ച് കുടുംബത്തിനു വേണ്ടി ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ടവരാണ് മിക്ക പ്രവാസികളും. കിട്ടിയിരുന്ന സമ്പാദ്യത്തിന്റെ ഏറിയപങ്കും കുടുംബത്തിന്റെ സന്തോഷത്തിനും ജീവിതാവശ്യങ്ങള്‍ക്കും മാറ്റിവച്ച പ്രവാസികള്‍ ഭക്ഷണം, വസ്ത്രം, വിവാഹം, സല്‍ക്കാരങ്ങള്‍ തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലും കുട്ടികളുടെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങള്‍ക്ക് നിറംപകരാന്‍ പരിധിവിട്ട് ചെലവഴിച്ചവരായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒന്നുമില്ലാതെ ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസിയെ കുടുംബം ഒറ്റപ്പെടുത്തരുത്. ഒരുപാട് നാള്‍ വിദേശത്തു നിന്നിട്ടും ഒരു സമ്പാദ്യവും ഉണ്ടാക്കിയില്ലേ എന്ന ചോദ്യം കുടുംബത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നത് പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണ്. ഒന്നുമില്ലായ്മയില്‍നിന്നു സ്വന്തം കുടുംബത്തെ കരകയറ്റിയതും വീട്ടിലെ കടഭാരങ്ങള്‍ വീട്ടിയതും കുടുംബത്തിലെ പലരുടെയും വിവാഹങ്ങള്‍ നടത്തിക്കൊടുത്തതും പ്രവാസിയാണെന്ന മൂടിവയ്ക്കാന്‍ കഴിയാത്ത സത്യം കണ്ടില്ലെന്നു നടിച്ച് ഇങ്ങനെ പറയുമ്പോള്‍ പലരും തളരുകയാണ്. ഇനിയും നാം കണ്ണടച്ച് ഇരുട്ടാക്കരുത്. ഗള്‍ഫ് പ്രഭ മങ്ങിത്തുടങ്ങിയിരിക്കുന്നു. പ്രവാസികളുടെ കുടുംബങ്ങളുടെ ജീവിതരീതിയില്‍ അല്‍പ്പം ശ്രദ്ധ നല്ലതാവും. തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങിവരുന്ന പ്രവാസിജനതയോട് കരുണയുള്ളവരാവുക. ഇത്രയും നാള്‍ പോറ്റിവളര്‍ത്തിയതിനും സൗഭാഗ്യങ്ങള്‍ നല്‍കിയതിനും അന്നംമുട്ടിക്കാത്തതിനും നന്ദിയുള്ളവരാവുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss