|    Nov 23 Thu, 2017 1:14 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രവാസികളെ പ്രത്യേക വോട്ടര്‍മാരായി കണക്കാക്കണം: സുപ്രിംകോടതി

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യക്കു പുറത്തുള്ള സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇലക്‌ട്രോണിക് വോട്ട് (ഇ-പോസ്റ്റല്‍) ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ പ്രവാസികളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് സുപ്രിംകോടതി. 1961 ലെ തിരഞ്ഞെടുപ്പു ചട്ടം ഭേദഗതി ചെയ്തപ്പോള്‍ പ്രവാസികളെ ഒഴിവാക്കിയ നടപടിക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട കോടതി പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് തന്നെ വോട്ട് രേഖപ്പെടുത്താന്‍ നിയമം കൊണ്ടുവരുന്നതില്‍ ഇതുവരെ എന്തെല്ലാം നടപടിക്രമങ്ങളാണ് കൈക്കൊണ്ടതെന്ന് അറിയിക്കാനും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു.
വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാനായി 1961ലെ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ ഭേദഗതി വരുത്തിയതോടെ പുതുതായി ആരംഭിക്കുന്ന ഇ-പോസ്റ്റല്‍ ബാലറ്റില്‍നിന്ന് പ്രവാസികള്‍ പുറത്തായിരുന്നു. വിദേശത്തുള്ള സര്‍വീസ് വോട്ടര്‍മാര്‍ക്കും സൈനികര്‍ക്കും മാത്രമായി ഇ-പോസ്റ്റല്‍ ബാലറ്റ് പരിമിതപ്പെടുത്തി. 1961ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 23ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്തതോടെ ഇ-പോസ്റ്റല്‍ ബാലറ്റ് വഴി സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനാവൂ. ഇത് ഗള്‍ഫിലടക്കം ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന സ്ഥലത്തുനിന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടി വ്യവസായി ശംസീര്‍ വയലില്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
പ്രവാസി വോട്ട് ഉറപ്പാക്കാനായി നിങ്ങള്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചതെന്ന് കോടതി സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയോട് ചോദിച്ചു. നിയമഭേദഗതി കൊണ്ടുവരാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഈ സമയം തങ്ങളുടെ ഭാഗത്തുനിന്ന് എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച എല്ലാ രേഖകളും സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടംഗ ബെഞ്ചിനെ അറിയിച്ചു. ഇനി തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്‍ ഇത്രയും ചെയ്‌തെങ്കില്‍ പിന്നെ ബാക്കി കൂടി നിങ്ങള്‍ക്ക് വേഗം ചെയ്തുകൂടേയെന്ന് ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോടു ചോദിച്ചു.
ഈ സമയം ഹരജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ പറയാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായെന്ന് ഓര്‍മിപ്പിച്ചു. നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് രണ്ടു ഘട്ടങ്ങളിലായി സുപ്രിംകോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതിന്റെ പകര്‍പ്പുകളും സിബ ല്‍ കോടതിയില്‍ ഹാജരാക്കി. മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന കോടതിയുടെ നിര്‍ദേശം ഒരുവര്‍ഷമായിട്ടും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും സിബല്‍ വാദിച്ചു.
ഞങ്ങള്‍ക്ക് അടിച്ചേല്‍പിക്കാന്‍ കഴിയില്ലെന്നും നിയമനിര്‍മാണത്തിന് പാര്‍ലമെന്റിനാണ് അധികാരമെന്നും കോടതി പറഞ്ഞു. ഇതേത്തുടര്‍ന്ന് പുതിയ നിയമഭേദഗതിയെക്കുറിച്ചും ഇ-പോസ്റ്റല്‍ സംവിധാനത്തില്‍ പ്രവാസികളെ ഒഴിവാക്കിയതിനെക്കുറിച്ചും സിബല്‍ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ടിങ് സൗകര്യത്തിനുള്ള ശുപാര്‍ശയില്‍നിന്ന് എന്തുകൊണ്ടാണ് പ്രവാസികളെ ഒഴിവാക്കിയതെന്ന് കോടതി ചോദിച്ചത്. ഹരജി നാലാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക