|    Sep 21 Fri, 2018 10:04 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പ്രവാസികളുടെ പ്രതീക്ഷ, ദുരിതം

Published : 9th October 2017 | Posted By: fsq

 

കെ എം  സലീം

മെച്ചപ്പെട്ട ചികില്‍സാ കേന്ദ്രങ്ങളും ആധുനിക സംവിധാനങ്ങളോടെയുള്ള വിദ്യാലയങ്ങളും പാര്‍പ്പിടങ്ങളും സഞ്ചാരയോഗ്യമായ പാതകളും ആവശ്യാനുസരണം ശുദ്ധജല സൗകര്യങ്ങളും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും സര്‍വോപരി, സമാധാനപരമായ ജീവിതസാഹചര്യങ്ങളുമെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ആധുനിക കേരളീയര്‍. ഇത്തരം നേട്ടങ്ങളെല്ലാം കേരളീയര്‍ക്കു സാധ്യമായത് എങ്ങനെയെന്നു മനസ്സിലാവണമെങ്കില്‍ അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ സാഹചര്യം പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴില്‍സാധ്യതകളുള്ള വ്യവസായശാലകളും കാര്‍ഷിക മേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം നാമമാത്രമായി കാണപ്പെട്ടിരുന്ന കേരളത്തില്‍ ഭൂരിപക്ഷം ജനങ്ങളും ദരിദ്രരായിരുന്നു. കേരളം സാവധാനം ഗുണപരമായ മാറ്റങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയത് വിദേശപണം സംസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ തുടങ്ങിയതോടെയാണ്.മലയാളികളുടെ ആദ്യകാല തൊഴിലന്വേഷണ യാത്രകള്‍ മദ്രാസ്, ബാംഗ്ലൂര്‍, ബോംബെ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു. ഇന്ന് മണിക്കൂറുകള്‍ക്കകം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളാണ് അവയെല്ലാമെങ്കിലും അരനൂറ്റാണ്ട് മുമ്പ് ഇത്തരം സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ ഏറെ ദിവസത്തെ തീവണ്ടി/ബസ് യാത്ര വേണ്ടിയിരുന്നു.മലയാളികള്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഒന്നാംഘട്ട പ്രവാസയാത്ര ചെയ്തത് മലേസ്യ, ബര്‍മ, ശ്രീലങ്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു പ്രവാസികളില്‍ കൂടുതലും. തൃശൂര്‍ ജില്ലയില്‍പ്പെട്ട ചാവക്കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നു പലരും മലേഷ്യയിലേക്ക് തൊഴില്‍ തേടിപ്പോയി. പൊന്നാനിയോട് ചേര്‍ന്ന തീരദേശ മേഖലകളില്‍നിന്നുള്ളവരും കുറവായിരുന്നില്ല. പിന്നീട് ഗള്‍ഫായി ലക്ഷ്യം. അക്കാരണത്താല്‍ തന്നെയാവാം അടുത്തകാലം വരെ ചാവക്കാട് എന്ന ദേശം മിനി ഗള്‍ഫ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടത്.ഒന്നാംഘട്ട പ്രവാസികള്‍ കാര്‍ഷിക മേഖലയിലേക്കും തോട്ടം മേഖലയിലേക്കുമായിരുന്നു മുഖ്യമായും ചേക്കേറിയിരുന്നത്. അത് അധികകാലം നീണ്ടുനിന്നിരുന്നില്ല. കാരണം, 1973ലെ ഇന്ത്യന്‍ കുടിയേറ്റ നിയമങ്ങളുടെ സങ്കീര്‍ണതകളും ബ്രിട്ടിഷ് അധീനതയില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങള്‍ നടപ്പാക്കിയ നിയമതടസ്സങ്ങളുമായിരുന്നു. തത്ഫലമായി ഒന്നാംഘട്ട പ്രവാസികളില്‍ കൂടുതല്‍ പേരും പ്രവാസഭൂമിയില്‍ തന്നെ സ്ഥിരവാസികളായി മാറുകയാണ് ചെയ്തത്.ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വ്യാപകമായ കുടിയേറ്റമാണ് പ്രവാസത്തിന്റെ രണ്ടാംഘട്ടമായി കണക്കാക്കിയിട്ടുള്ളത്. തദ്ദേശീയരെ അപേക്ഷിച്ച് വിദ്യാഭ്യാസത്തില്‍ ഏറെ മുന്നിലായിരുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ മെച്ചപ്പെട്ട വേതനത്തോടെയുള്ള തൊഴിലന്വേഷകരായി. പക്ഷേ, തദ്ദേശീയരുടെ ശക്തമായ ചെറുത്തുനില്‍പ്പിന്റെയും അവരുടെ വര്‍ണവ്യവസ്ഥിതിയുടെയും ഭാഗമായി രണ്ടാംഘട്ട പ്രവാസികള്‍ മാതൃരാജ്യത്തേക്ക് തന്നെ തിരിച്ചെത്തുകയാണുണ്ടായത്.20ാം നൂറ്റാണ്ടിന്റെ അവസാന പകുതിയുടെ ആരംഭത്തില്‍ വികസിതരാജ്യങ്ങളായ വടക്കേ അമേരിക്കയിലേക്കും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള തൊഴിലന്വേഷണ യാത്രകളെയാണ് മൂന്നാംഘട്ട പ്രവാസം എന്നു പറയുന്നത്. ഈ രാജ്യങ്ങളിലെല്ലാം തന്നെ വ്യാവസായിക വളര്‍ച്ചയുടെ വേഗം കൂടുകയും മനുഷ്യവിഭവശേഷി കൂടുതലായി ആവശ്യമായി വരുകയും ചെയ്തതിന്റെ ഫലമായാണ് ഇന്ത്യയില്‍നിന്നുള്ള പ്രവാസികള്‍ക്ക് ആ രാജ്യങ്ങളില്‍ സ്ഥിരവാസത്തിനുള്ള അവസരങ്ങളുണ്ടായത്.എന്നാല്‍, 1970ന് ശേഷം ഗള്‍ഫ് മേഖലകളിലേക്കുള്ള സഞ്ചാരവും അതിന്റെ ഭാഗമായി ലഭിച്ച തൊഴിലും വേതനവുമെല്ലാം കാരണം പ്രവാസികള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ കൂടുതല്‍ പണമുള്ളവരായി മാറിയത് മലയാളി യുവാക്കളെ ആകര്‍ഷിച്ചു. സ്വന്തം നാട്ടില്‍ ആത്മാര്‍ഥതയോടെ പണിയെടുക്കാന്‍ അല്‍പ്പം മടിയുള്ളവരാണ് മലയാളികളെങ്കിലും വിദേശ രാജ്യങ്ങളില്‍ ചെന്ന് കഠിനാധ്വാനം ചെയ്യാന്‍ അവര്‍ സന്നദ്ധരാവുന്നതിനാല്‍ അറബ് നാടുകളിലെ തൊഴില്‍ദാതാക്കള്‍ക്കെല്ലാം മലയാളികള്‍ എറെ പ്രിയപ്പെട്ടവരായി എന്നു പറയാം.അറബ് നാടുകളിലെ കഠിനാധ്വാനത്തിന്റെ ഫലമായി കേരളത്തിലേക്കെത്തിയ പണം കൊണ്ട് പ്രവാസികളുടെ കുടുംബങ്ങളില്‍ മാത്രമായിരുന്നില്ല അഭിവൃദ്ധിയുണ്ടായത്. നാട്ടിലെ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അഗതി-അനാഥ മന്ദിരങ്ങള്‍, സൗജന്യ പാര്‍പ്പിടങ്ങള്‍ എന്നിങ്ങനെയുള്ള നാനാമേഖലകളിലും പ്രവാസികളുടെ വിയര്‍പ്പിന്റെ പ്രതിഫലം കാണാവുന്നതു തന്നെയാണ്.നാട്ടിലുള്ളവരെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി ഗള്‍ഫ് നാടുകളില്‍  കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നിരവധിയാണ്. ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് പണം അയച്ചുകൊണ്ടിരിക്കുന്ന പ്രവാസികളെല്ലാം സൗകര്യപ്രദമായ കുടുംബജീവിതം നയിക്കുന്നവരും സുഖസൗകര്യങ്ങളോടെ തൊഴില്‍ ചെയ്യുന്നവരും മെച്ചപ്പെട്ട സാമ്പത്തികഭദ്രതയുള്ളവരുമാണെന്നാണ് ജനങ്ങളില്‍ അധികവും കരുതുന്നത്. അക്കൂട്ടത്തില്‍ പ്രവാസികളുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിച്ച് ഗള്‍ഫ് നാടുകളില്‍ പര്യടനം നടത്താറുള്ള മന്ത്രിമാരും ഉള്‍പ്പെടുന്നുവെന്നത് ആശ്ചര്യകരം തന്നെയാണ്.പ്രവാസികളുടെ ദുരിതജീവിതവും കുടുംബപ്രാരബ്ധങ്ങളും അവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങളുമൊന്നും തന്നെ അവര്‍ നല്‍കുന്ന സംഭാവനകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ തിരിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. തന്നെയുമല്ല, പ്രവാസികളുടെ ക്ഷേമങ്ങള്‍ അന്വേഷിച്ച് ഗള്‍ഫ് പര്യടനം പതിവാക്കിയിരുന്ന മന്ത്രിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ സംഘടനാ നേതാക്കള്‍ എന്നിവരെല്ലാം അവരുടെ പര്യടനങ്ങള്‍ക്കിടയില്‍ അറബ്‌നാടുകളില്‍ അവരുടേതായ കച്ചവട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനുമാണ് ശ്രമിച്ചിരുന്നതെന്ന ആരോപണം വ്യാപകമാണ്.  1973ന് ശേഷം പ്രവാസികളായി മാറിയവരില്‍ ഏറെയും യുവാക്കളാണ്. അവരില്‍ അധികവും വിവാഹത്തിനു മുമ്പോ വിവാഹം കഴിഞ്ഞ് അധികം താമസിയാതെയോ പ്രവാസം തിരഞ്ഞെടുത്തവരുമാണ്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം പ്രവാസജീവിതം കൊണ്ട് സാമ്പത്തികനേട്ടം ഉണ്ടാവുമെങ്കിലും കുടുംബജീവിതത്തില്‍ അവര്‍ പല പ്രശ്‌നങ്ങളും നേരിടുന്നു.  വര്‍ഷത്തില്‍ ഒരു മാസമോ രണ്ടു വര്‍ഷത്തില്‍ രണ്ടു മാസമോ ഭാര്യയും കുട്ടികളുമൊത്ത് താമസിക്കാന്‍ അവസരം ലഭിക്കാറുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം അവന് നഷ്ടപ്പെടുന്നത് കുടുംബബന്ധങ്ങളും മക്കളില്‍ നിന്നു ലഭിക്കേണ്ടതായ സ്‌നേഹവുമാണ്. പിതാവിന്റെ സാമീപ്യമില്ലാതെ വളരാന്‍ വിധിക്കപ്പെട്ടവരാണ് പ്രവാസികളുടെ മക്കള്‍. അവരെ വളര്‍ത്തി വലുതാക്കുന്നത് മാതാക്കളാണെന്നതിനാല്‍ പ്രവാസികള്‍ തന്റെ ദീര്‍ഘകാല ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് ശാരീരിക അവശതകളുമായി തിരിച്ചെത്തുമ്പോള്‍  സ്‌നേഹബഹുമാനങ്ങളോടെ തങ്ങളെ പരിചരിക്കുന്നതിനു തയ്യാറാവാത്ത  മക്കളെ നോക്കിക്കൊണ്ട് കണ്ണീര്‍ വാര്‍ക്കുന്നവരും കുറവല്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വന്തം കുടുംബത്തോടൊപ്പം ശിഷ്ടകാലം കഴിഞ്ഞുകൂടാന്‍ തീരുമാനിക്കുന്ന ഗള്‍ഫുകാരന്റെ സാമീപ്യം പോലും അസ്വസ്ഥതയായി കണക്കാക്കുന്നവര്‍പോലുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss